ഫിഷര്‍മെന്‍ കോളനി വികസനം; മന്ത്രി ഇന്ന് പൊന്നാനിയില്‍
പൊന്നാനി: എം.ഇ.എസ് കോളജിനടുത്തുള്ള ഫിഷര്‍മെന്‍ കോളനിയില്‍ വീടുകള്‍ക്ക് കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഇന്ന് കോളനി സന്ദര്‍ശിക്കും. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം.
ഫിഷര്‍മെന്‍ കോളനിയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ കൂടി പങ്കെടുത്ത യോഗത്തിലാണ് കോളനി ഉടന്‍ തുറന്ന് കൊടുക്കാന്‍ തീരുമാനിച്ചത്.
ഫിഷര്‍മെന്‍ കോളനിയില്‍ ഗുണഭോക്താക്കളെ താമസിക്കാന്‍ തയാറാക്കുന്നതിനായി കഴിഞ്ഞ ദിവസങ്ങളില്‍ വിവിധമേഖലകളിലെ വിദഗ്ധരില്‍ നിന്ന് ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ നഗരസഭയുടെ ഭാഗമായി മന്ത്രിയുടെ മുന്നില്‍ ഉന്നയിക്കും.
ഓരോ വീടിനും വശങ്ങളിലോ പിറകിലോയായി സൗകര്യപ്രദമായ ഒരു കിടപ്പുമുറി കൂടി അറ്റാച്ച് ചെയ്യുവാന്‍ ഓരോ വീടിനും 50,000 രൂപ ഫിഷറീസ് വകുപ്പ് അനുവദിക്കുമെന്നും ബാക്കിവരുന്ന തുക പൊന്നാനി നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ പ്രത്യേക അനുമതിക്കും നേരത്തേ തീരുമാനമായിട്ടുണ്ട്.
ഫിഷര്‍മെന്‍ കോളനി നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നിലനില്‍ക്കുന്നുണ്ടെങ്കിലും വീടുകളുടെ കൈമാറ്റത്തിന് ഇത് തടസമാകില്ല. അവസാന മിനുക്കുപണികളാണ് ഈ വീടുകളില്‍ ഇനി പൂര്‍ത്തിയാക്കാനുള്ളത്. മന്ത്രി നേരിട്ട് കോളനി സന്ദര്‍ശിക്കുന്നതോടെ ഇത് പൂര്‍ത്തിയാക്കാന്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."