സുധീരനും സുല്ലിട്ടു
പയ്യന്നൂര്‍: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പയ്യന്നൂര്‍ കോഓപറേറ്റീവ് ടൗണ്‍ ബാങ്കില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുന്നതിനായി പാര്‍ട്ടി പ്രവര്‍ത്തകരെ തഴഞ്ഞുകൊണ്ട് കോഴ വാങ്ങി നിയമനം നടത്താന്‍ നീക്കം നടത്തുന്നുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.
സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് സംഭവത്തില്‍ ഇടപെട്ടിരുന്നു.
സുധീരന് ആവശ്യപ്പെട്ടതനുസരിച്ച് ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഇന്നലെ കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. സമരം നിര്‍ത്തിവച്ച ശേഷം വീണ്ടും 28ന് ചര്‍ച്ച ചെയ്യാമെന്ന ഡി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശം സമരാനുകൂലികള്‍ തള്ളുകയായിരുന്നു. ടൗണ്‍ ബാങ്ക് സ്ഥാപക പ്രസിഡന്റും മുന്‍ മന്ത്രിയുമായ കെ.പി നൂറുദ്ദീന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ടൗണ്‍ ബാങ്കില്‍ ഇന്നു നടക്കുന്ന നൂറുദ്ദീന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യേണ്ടത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടി പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."