സമാധാന വിളംബരമായി യു.ഡി.എഫ് സംഗമം
കണ്ണൂര്‍: ജില്ലയില്‍ സമാധാന ആഹ്വാനം വിളിച്ചോതി യു.ഡി.എഫിന്റെ സമാധാന സംഗമം. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണു ജില്ലയിലെ സി.പി.എം, ബി.ജെ.പി അക്രമത്തിനെതിരേ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമാധാന സംഗമം സംഘടിപ്പിച്ചത്. യു.ഡി.എഫിന്റെ സംസ്ഥാന നേതാക്കള്‍ ഒന്നടങ്കം പരിപാടിക്കെത്തിയെങ്കിലും കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്റെ അസാന്നിധ്യം ശ്രദ്ധേയമായി. സംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
എല്‍.ഡി.എഫ് അധികാരത്തിലെത്തിയ ശേഷം കേരളത്തിലെ ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാത്രം ഇതുവരെ ആറു കൊലപാതകങ്ങള്‍ അരങ്ങേറി. എഴുപതു കൊലപാതകശ്രമങ്ങള്‍ നടന്നു. രാഷ്ട്രീയ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം 312 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും കേരളം ഭരിക്കുന്ന സി.പി.എമ്മും കണ്ണൂരിനെ കുരുതിക്കളമാക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
സി.പി.എമ്മും ബി.ജെ.പിയും അക്രമ യാത്ര അവസാനിപ്പിക്കണമെന്നു ജെ.ഡി.യു സംസ്ഥാന ജനറല്‍സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ഗാന്ധിയന്‍ രീതി എല്ലാകാലവും പറ്റില്ലെന്നും ചിലപ്പോള്‍ തിരിച്ചടിക്കേണ്ടി വരുമെന്നും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് പറഞ്ഞു. തൊണ്ണൂറുകാരിയായ അമ്മമാര്‍ക്കു പോലും സുരക്ഷയോടെ ജീവിക്കാനാവാത്ത അവസ്ഥയാണു നാലുമാസത്തെ എല്‍.ഡി.എഫ് ഭരണം കൊണ്ടുണ്ടായതെന്നും അദ്ദേഹം പരിഹസിച്ചു.
യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അധ്യക്ഷനായി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, മുന്‍ മന്ത്രിമാരായ പി.കെ അബ്ദുറബ്, എം.എം ഹസന്‍, എം.എല്‍.എമാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, കെ.എം ഷാജി, എം ഉമര്‍, നേതാക്കളായ ബെന്നി ബഹന്നാന്‍, വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, പി രാമകൃഷ്ണന്‍, വി.എ നാരായണന്‍, സജീവ് ജോസഫ്, പി.സി വിഷ്ണുനാഥ്, ടി സിദ്ദീഖ്, സതീശന്‍ പാച്ചേനി, കെ സുരേന്ദ്രന്‍, പി കുഞ്ഞിമുഹമ്മദ്, അബ്ദുല്‍കരീം ചേലേരി, എ.ഡി മുസ്തഫ, ഇല്ലിക്കല്‍ അഗസ്തി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."