ജില്ലയില്‍ 12354 ശുചിമുറികള്‍ പൂര്‍ത്തിയായതായി കലക്ടര്‍
പാലക്കാട്: പാലക്കാടിനെ ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ (തുറസായ സ്ഥലത്തെ മലമൂത്ര വിസര്‍ജനം നിര്‍മാര്‍ജ്ജനം) ജില്ലയായി പ്രഖ്യാപിക്കുന്നതിന് മുന്നാടിയായി ജില്ലയില്‍ 29 പഞ്ചായത്തുകളിലായി ഭവനങ്ങളില്‍ 12354 ശുചിമുറികള്‍ നിര്‍മാണം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. 10404 ശുചിമുറികളുടെ നിര്‍മാണം പുരോഗമിച്ച് വരുന്നു. ജില്ലയിലെ മൊത്തം 88 പഞ്ചായത്തുകളില്‍ 29 പഞ്ചായത്തുകള്‍ ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കപ്പെട്ട് കഴിഞ്ഞു.
ബ്ലോക്ക് തലത്തില്‍ നോക്കിയാല്‍ ഏഴ് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട തൃത്താല ബ്ലോക്ക് ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തിനകം ശ്രീകൃഷ്ണപുരം ബ്ലോക്കും ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കും. അട്ടപ്പാടിയിലെ അഗളി പഞ്ചായത്തില്‍ 1724 ശുചിമുറികള്‍ ആവശ്യമുള്ളതില്‍ 40 ഉം ഷോളയൂരില്‍ 1491 ശുചിമുറികള്‍ ആവശ്യമുള്ളതില്‍ 49 ഉം പുതൂരില്‍ 1410 എണ്ണത്തില്‍ 23 എണ്ണവും പൂര്‍ത്തിയായി.
ഒക്‌ടോബര്‍ രണ്ടിന് ജില്ലയെ ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കാനുള്ള ഊര്‍ജിത ശ്രമം ജില്ലാ ഭരണകൂടത്തിന്റെയും ജില്ല ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ നടന്നു വരുകയാണ്. അട്ടപ്പാടി മേഖലയില്‍ നിര്‍മാണ സാമഗ്രികളുടെ അഭാവത്തെ തുടര്‍ന്നുള്ള നിര്‍മാണം തടസപ്പെടുന്നത് മറി കടക്കാന്‍ മുളയും മണ്ണും ഉപയോഗിച്ചുകൊണ്ടുള്ള ശുചിമുറി നിര്‍മാണവും നടക്കുന്നുണ്ട്.
ശുചിമുറി സമുച്ചയങ്ങളാണ് ഇത്തരത്തില്‍ പണിത് വരുന്നത്. ആദിവാസിമേഖലകളായ പറമ്പിക്കുളം, നെല്ലിയാമ്പതി, പുതുശ്ശേരി, അഗളി, ഷോളയൂര്‍, പൂരൂര്‍, വടകരപതി, എരുത്തേമ്പതി മേഖലകളില്‍ ശുചിമുറി നിര്‍മാണത്തിനായി ജില്ലാപഞ്ചായത്ത് 10000 രൂപ അധിക തുകയായി അനുവദിച്ചിട്ടുണ്ട്. നിലവില്‍ 15,400 രൂപയാണ് ഒരു ശുചിമുറിക്കായി അനുവദിച്ച തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."