തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ന്യൂറോ സൈക്യാട്രി പ്രദര്‍ശനം തുടങ്ങി
തിരൂര്‍: ലഹരിയ്ക്കടിമപ്പെട്ടവരെ മോചിപ്പിക്കാനും വിവിധതരത്തിലുള്ള മാനസിക രോഗമുള്ളവരെ കണ്ടെത്തി ചികിത്സയും പുനരധിവാസവും ഉറപ്പാക്കാനും ലക്ഷ്യമിട്ടു തിരൂര്‍ ജില്ലാ ആശുപത്രിയിലെ മനഃശാസ്ത്ര വിഭാഗത്തിന്റെ നേത്യത്വത്തില്‍ നടത്തുന്ന രണ്ടു ദിവസത്തെ ന്യൂറോ സൈക്യാട്രി പ്രദര്‍ശനം തുടങ്ങി.
'മനസ് നന്നാവട്ടെ' എന്ന പേരില്‍ അന്തരിച്ച ഡോ. ലക്ഷ്മി മോഹന്റെ സ്മരണാര്‍ഥമുള്ള പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ് അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉമറുല്‍ ഫാറൂഖ്, നാജിറ അഷ്‌റഫ്, ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. പ്രകാശ്, ഡി.പി.എം ഡോ. വിനോദ്, കെ.ജി.എം.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ഉസ്മാന്‍കുട്ടി, ഡോ. പി. ഹാനി ഹസന്‍ സംസാരിച്ചു.
പഠന വൈകല്യമുള്ള 105 കേസുകള്‍ പ്രദര്‍ശനത്തോടനുബന്ധിച്ചുള്ള സ്‌ക്രീനിങ് ക്യാംപില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. സ്‌പെഷല്‍ സ്‌കൂളുകളിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
രണ്ടാംദിനമായ ഇന്ന് 'കൗമാരക്കാരിലെ മാനസിക പ്രശ്‌നങ്ങള്‍' സെമിനാര്‍ രാവിലെ 10ന് നടക്കും.
സാമൂഹിക നീതി വകുപ്പ്, മഞ്ചേരി മെഡിക്കല്‍ കോളജിലെ ഓപ്പിയം സബ്സ്റ്റ്യുഷന്‍ തെറാപ്പി യൂനിറ്റ്, മഞ്ചേരി മെഡിക്കല്‍ കോളജിലെ ഭൂമിക, വെട്ടം ശാന്തി സ്‌പെഷല്‍ സ്‌കൂള്‍, ഫിസിയോ തെറാപ്പി അസോസിയേഷന്‍, കാലിക്കറ്റ് സര്‍വകലാശാല മനഃശാസ്ത്ര പഠനവിഭാഗം, തിരൂരങ്ങാടിയിലെ ഡിസ്ട്രിക്റ്റ് ഏര്‍ലി ഇന്‍വെന്‍ഷന്‍ സെന്റര്‍, ആല്‍ക്കഹോളിക് അനോണിമസ്, ഓട്ടിസം ക്ലബ്, തവനൂര്‍ പ്രതീക്ഷ ഭവന്‍, ഐ.സി.ഒ.എന്‍.എസ്, കാരുണ്യ പാലിയേറ്റീവ് കെയര്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍, മാറ്റ് കോഴിക്കോട് തുടങ്ങിയ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെയും അസോസിയേഷനുകളുടെയും ഇരുപതോളം സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."