'നന്മ'യുടെ ജനകീയ കൂട്ടായ്മയില്‍ നെട്ടൂര്‍ അണ്ടര്‍ പാസ് യാഥാര്‍ഥ്യമായി
നെട്ടൂര്‍: ദേശീയപാതയില്‍ നെട്ടൂര്‍ പള്ളി സ്റ്റോപ്പിന് സമീപം പാലത്തിന് വടക്ക് വശത്തുള്ള അണ്ടര്‍പാസ് യാഥാര്‍ത്ഥ്യമായി. നെട്ടൂര്‍ പ്രദേശത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഒരു കുട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായ നന്മ (ന്യൂ എയിം ന്യൂമിഷന്‍ ഫോര്‍ ഓള്‍) നെട്ടൂരാണ് നാട്ടുകാരുടെ ചിരകാല സ്വപ്‌നമായിരുന്ന അണ്ടര്‍ പാസ് ജനകീയമായി നിര്‍മ്മാണം പൂര്‍ത്തിയാക്കി മാതൃകയായത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒപ്പുശേഖരണവും നിവേദനങ്ങളുമായി ദേശീയപാത ഓഫീസിലും നഗരസഭ ഓഫീസിലും പലതവണ കയറിയിറങ്ങിയിട്ടും പരിഹാരം കാണാതായ സാഹചര്യത്തിലാണ് നാട്ടുകാരുടെ സഹായത്തോടെ അണ്ടര്‍പാസ് നിര്‍മാണം നടത്തുക എന്ന ആശയവുമായി അമ്പത് അംഗങ്ങളുള്ള നന്മ മുന്നോട്ടുവന്നത്.
അണ്ടര്‍പാസ് നിര്‍മാണം ഏറ്റെടുക്കാനുള്ള നന്മയുടെ തീരുമാനത്തിന് ശക്തമായ പിന്തുണയുമായി നാട്ടുകാര്‍ ഒന്നടങ്കം രംഗത്തെത്തി. നിര്‍മാണം നന്മ ഏറ്റെടുത്തതിനു ശേഷവും മസ്ജിദ് ജങ്ഷനിലുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും 12 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ടു വര്‍ഷത്തിനകം എട്ടു പേര്‍ക്കാണ് ഇവിടെ നടന്ന വാഹനാപകടങ്ങളില്‍ ജീവന്‍ പൊലിഞ്ഞത്. ഈ സാഹചര്യത്തിലാണ് അണ്ടര്‍പാസ് നിര്‍മാണത്തിന്റെ പ്രസക്തി വര്‍ധിച്ചത്.
മസ്ജിദ് ജങ്ഷനിലെ വാഹനാപകടങ്ങള്‍ കുറക്കാന്‍ ഒരു പരിധി വരെ കഴിയുന്ന ഈ അണ്ടര്‍ പാസിന്റെ നിര്‍മ്മാണം കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലാണ് ആരംഭിച്ചത്. സേവന സന്നദ്ധരായ യുവാക്കള്‍ അണ്ടര്‍ പാസിന്റെ നിര്‍മ്മാണത്തിലുടനീളം രാത്രിയും പകലും പങ്കെടുത്തിരുന്നു. പൊട്ടിപൊളിഞ്ഞു കാടുപിടിച്ചു കിടന്നിരുന്ന ദേശീയ പാതയുടെ ഇരുവശവുമുള്ള ഏകദേശം നൂറ്റമ്പത് മീറ്റര്‍ പാരലല്‍ റോഡ് മണ്ണടിച്ച് നിരപ്പാക്കിയാണ് നിര്‍മ്മാണത്തിന് തുടക്കമായത്. ദേശീയ പാതയിലെ പാലത്തിന്റെ അടിയില്‍ നെട്ടൂര്‍ തോടിന്റെ ഭിത്തി കല്ല് കെട്ടി ബലപ്പെടുത്തി ഇത് വഴിയുള്ള ഗതാഗതം സുരക്ഷിതമാക്കിയിട്ടുണ്ട് .
ദേശിയ പാതയുടെ ഇരുവശങ്ങളിലുമുള്ള പാരലല്‍ റോഡ് പാലത്തിനടിയിലൂടെ കൂട്ടിയോജിപ്പിച്ച് ടൈല്‍സ് വിരിച്ച് നോഹരമാക്കിയാണ് അണ്ടര്‍ പാസിന്റെ പണി പൂര്‍ത്തീകരിച്ചിരിക്കുന്നത് . ദേശീയപാതയിലെ പ്രധാന ജംഗ്ഷനുകളില്‍ വിരിച്ചിട്ടുള്ള ഏറ്റവും കൂടുതല്‍ ബലമുള്ള ടൈല്‍സ് വില കുറച്ച് ഹൈവെ അധികൃതര്‍ തന്നെ നല്‍കുകയായിരുന്നു. നെട്ടൂര്‍ തോടിനോട് ചേര്‍ന്ന ഭാഗം പൂര്‍ണമായും അതിശക്തമായ കമ്പി നെറ്റ് സ്ഥാപിക്കുകയും ചെയ്തതോടെ ഇതുവഴി മാലിന്യം തള്ളുന്നത് പൂര്‍ണമായും അവസാനിപ്പിക്കാനും കഴിഞ്ഞു.മരട് നഗരസഭക്ക് ഫണ്ട് ഇല്ലാതിരുന്നതിനാല്‍ ദേശീയ പാത അധികൃതരുടെ അനുമതിയോടെ നന്‍മ നിര്‍മ്മാണചിലവ് ഏറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് മാതൃകയായി.
12 ലക്ഷം രൂപ മുടക്കിയാണ് അണ്ടര്‍പാസ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് നന്മ പ്രസിഡന്റ് കെ.ബി. അബ്ദുല്‍ കരീമും സെക്രട്ടറി ടി.എ. നജീബും രക്ഷാധികാരി പി.ആന്റണി മാസ്റ്ററും പറഞ്ഞു. പ്രദേശത്തുള്ള ബിസിനസ് സ്ഥാപനങ്ങളും നാട്ടുകാരും കയ്യയച്ച് സഹായിച്ചതുകൊണ്ടാണ് ഇത്ര മനോഹരമായും ദൃഡതയോടെയും അണ്ടര്‍പാസ് നിര്‍മിക്കാന്‍ കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടനയായ നന്മയുടെ പ്രവര്‍ത്തനം സംസ്ഥാനത്തിന് തന്നെ മാതൃകയാണ്. അണ്ടര്‍ പാസിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് 4.30ന് എം. സ്വരാജ് എം.എല്‍.എ നിര്‍വ്വഹിക്കും നന്‍മ രക്ഷാധികാരി കെ.ബി. മുഹമ്മദ്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."