എടക്കരയിലെ വിദ്യാഭ്യാസ ഉപജില്ല ഓഫിസ് എന്നു യാഥാര്‍ഥ്യമാകും ?
എടക്കര: മലയോര മേഖലയായ എടക്കരയില്‍ വിദ്യാഭ്യാസ ഉപജില്ല ഓഫിസ് ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ എടക്കരയില്‍ ഓഫിസ് അനുവദിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.
എന്നാല്‍ പിന്നീട് ഇതിനു വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. എടക്കരയില്‍ എഇഒ ഓഫിസ് അനുവദിച്ചാല്‍ പോത്ത് കല്ല്, എടക്കര, മൂത്തേടം, ചുങ്കത്തറ, തുടങ്ങി അഞ്ചോളം പഞ്ചായത്തുകളിലായി 50 ലേറെ സ്‌കൂളുകളിലെ അധ്യാപക വിദ്യാര്‍ഥികള്‍ക്കാണു പ്രയോജനം ലഭിക്കുക. സ്‌കൂളുകളുടെ നടത്തിപ്പിന് വേണ്ട വിവിധ ഫണ്ടുകള്‍, കുട്ടികളുടെ ഗ്രാന്റ്, അധ്യാപകരുടെ ശമ്പളം തുടങ്ങി നിരവധി ബില്ലുകളാണ് എ.ഇ.ഒ ഓഫിസിലെത്തുന്നത്.
എടക്കരയില്‍ എ.ഇ.ഒ ഓഫിസ് തുടങ്ങുന്നതിനതിനായി കഴിഞ്ഞസര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടപ്പോള്‍ ഇതിനായി പഞ്ചായത്ത് എല്ലാ സഹായവാഗ്ദാനവും നല്‍കിയതാണ്. ഓഫിസിനു വേണ്ട ഉപകരണങ്ങള്‍ പഞ്ചായത്തു നല്‍കാമെന്നേറ്റിരുന്നു. ഓഫിസിനായി ഒരു വര്‍ഷം വരെ വാടകയില്ലാതെ കെട്ടിടംനല്‍കാന്‍ കെട്ടിട ഉടമയും തയ്യാറായി. ഓഫിസിന് വേണ്ട പേപ്പര്‍ വര്‍ക്കുകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ എത്തിയിരുന്നതായും പറയുന്നു.
സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ സബ് ജില്ലയായ നിലമ്പൂര്‍ എ.ഇ.ഒ ഓഫീസിന് കീഴിലാണ് എടക്കര ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ ഇപ്പോഴുള്ളത്. ഏകദേശം 124 സ്‌കൂളുകളാണ് നിലമ്പൂര്‍ എ.ഇ.ഒ ഓഫീസിനു കീഴിലുള്ളത്.
മറ്റു സബ് ജില്ലകളെ അപേക്ഷിച്ച് കുട്ടികളും കൂടുതലുണ്ട്. ആദിവാസി മേഖലകൂടിയായ എടക്കരക്കു കീഴില്‍ വിദ്യാഭ്യാസ ഉപജില്ലാ ഓഫിസ് അനുവദിക്കുന്നത് ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബദല്‍ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും.
നിലവില്‍ 35 കിലോമീറ്ററിലധികം ദൂരം താണ്ടിയാണു പല സ്‌കൂളുകളും നിലമ്പൂര്‍ എ ഇ ഒ ഓഫിസിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."