ഡിഫ്തീരിയ: ഒരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു
മലപ്പുറം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും ജില്ലയില്‍ ഡിഫ്തീരിയ രോഗം പടരുന്നു. ഇന്നലെ രണ്ടു ഡിഫ്തീരിയ കേസുകളാണു ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരാള്‍ക്കു ഡിഫ്തിരിയ സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള എടരിക്കോട് സ്വദേശി രബീഷി(14)നാണ് ഇന്നലെ ഡിഫ്തീരിയ സ്ഥിരീകരിച്ചത്.
താനൂര്‍ കെ പുരം സ്വദേശി ഡിഫ്തീരിയ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. ജില്ലയില്‍ ഇന്നലെവരെ 128 ഡിഫ്തീരിയ കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 38 പേര്‍ക്കു ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേര്‍ മരിക്കുകയും ചെയ്തു.
കൂടുതല്‍ ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാതലത്തില്‍ ആരോഗ്യ വകുപ്പു തുടങ്ങിയ ഊര്‍ജിത കുത്തിവെപ്പു ജില്ലയില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. 16 വയസിനു താഴെയുള്ള ആളുകള്‍ക്കായി 2,63,052 ഡോസ് ടി.ഡി വാക്‌സിനുകളാണ് ഇതുവരെ ആരോഗ്യവകുപ്പു നല്‍കിയത്.
തുടര്‍ ദിവസങ്ങളില്‍ കുത്തിവെപ്പെടുക്കുന്നതിന് ഒരുലക്ഷത്തിലധികം ഡോസ് ടി.ഡി വാക്‌സിന്‍ ആരോഗ്യ വകുപ്പിന്റെ കൈവശമുണ്ട്. ജില്ലയിലെ ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യവകുപ്പു മന്ത്രി കെ.കെ ശൈലജ, വകുപ്പു സെക്രട്ടറി രാജീവ് സദാനന്ദന്‍ തുടങ്ങിയ പ്രമുഖര്‍ വിവധ ഘട്ടങ്ങളിലായി ജില്ലയിലെത്തിയിരുന്നു. മൂന്നു മാസത്തിനകം ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പു നല്‍കുകയാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം.
അഞ്ചുവയസ്സിനു താഴെ, 16 വയസ്സില്‍ താഴെ എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളാക്കിയാണു കുത്തിവെപ്പു നടപടികള്‍ ജില്ലയില്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."