ചാത്തുക്കുട്ടി നായര്‍ അനുസ്മരണവുമായി സി.പി.ഐ വിമതരും
തലശ്ശേരി: സി.പി.ഐ നേതാവും കതിരൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന കെ ചാത്തുക്കുട്ടി നായരുടെ ചരമ വാര്‍ഷികം സി.പി.ഐ വിമത വിഭാഗവും ആചരിക്കുന്നു. സി.പി.ഐ ഔദ്യോഗിക വിഭാഗം വ്യാഴാഴ്ച കതിരൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചാത്തുക്കുട്ടി നായര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.ഐയുടെ മുന്‍ നഗരസഭാ കൗണ്‍സിലരും കായിക രംഗത്തെ പ്രമുഖനുമായ പി ബാലന്റെ നേതൃത്വത്തില്‍ ചാത്തുക്കുട്ടി നായര്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ പേരില്‍ ഇന്ന് വിമത വിഭാഗം പരിപാടി സംഘടിപ്പിക്കുന്നത്. സി.പി.എമ്മിന്റെ കൂടി സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം മൂന്നിന് കതിരൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അനുസ്മരണ യോഗം സിനിമാ പിന്നണി ഗായകന്‍ വി.ടി മുരളി ഉദ്ഘാടനം ചെയ്യും. കെ.ഇ.എന്‍ കുഞ്ഞമ്മദ് അനുസ്മരണ പ്രഭാഷണം നടത്തും. കല്‍ബര്‍ഗി-ബേമുല-ഗോവിന്ദപന്‍സാരെ വധങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മതനിരപേക്ഷതയുടെ സംരക്ഷണവും പ്രസക്തിയും എന്ന വിഷയത്തില്‍ പ്രഭാഷണം നടക്കും. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും. സ്വാതന്ത്ര സമര സേനാനി കൂടിയായിരുന്ന കെ ചാത്തുക്കുട്ടി നായരുടെ 15-ാം ചരമ വാര്‍ഷികം ചേരി തിരിഞ്ഞ് നടത്തുന്നത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. സി.പി.ഐക്കാരനായ ചാത്തുക്കുട്ടി നായരുടെ പരിപാടി സി.പി.ഐ ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ചതാണെന്നും ഇപ്പോള്‍ ചാത്തുക്കുട്ടി നായരുടെ പേരിലുള്ള പഠന ഗവേഷണ കേന്ദ്രമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അഡ്വ.രവീന്ദ്രന്‍ കണ്ടോത്തിന്റെ വിശദീകരണം. ഇത്തരം അനുസ്മരണ പരിപാടികള്‍ വേറിട്ട് സംഘടിപ്പിക്കുന്നതില്‍ പുതുമയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."