ഇടതുപക്ഷ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ ബി.ജെ.പി നീക്കം: പന്ന്യന്‍ രവീന്ദ്രന്
തൃശൂര്‍: ബി.ജെ.പി നേതാക്കളെല്ലാം കോഴിക്കോട് ഒത്തുചേര്‍ന്ന് നടത്തുന്നത് രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ഗൂഡാലോചനകളാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്. എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് നടന്ന യുവജനറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ബി.ജെ.പി വളര്‍ത്തിക്കൊണ്ടുവരുന്ന ഫാസിസ്റ്റ് പ്രവണതയെ നേരിടാന്‍ കെല്പുള്ളത് ഇടതുപ്രസ്ഥാനങ്ങള്‍ക്ക് മാത്രമാണ്. രാജ്യത്തിന് മാതൃകയായ ഇടത്പക്ഷമാണ് കേരളത്തിലേത്. ഇവിടത്തെ ഇടത്പക്ഷ കൂട്ടായമയെയാണ് ദേശീയതലത്തില്‍ പോലും ബി.ജെ.പി ഭയക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒരംഗം പോലുമില്ലാത്ത കേരളത്തെ ബി.ജെ.പിയുടെ നേതാക്കള്‍ സമ്മേളനത്തിനായി തെരഞ്ഞെടുത്തതും.
25 ല്‍ രൂപീകൃതമായ ആര്.എസ്.എസ് പോലും പറയാതിരുന്ന പരാമര്‍ശമാണ് മലയാളികള്‍ ഒന്നടങ്കം ആരാധിക്കുന്ന മഹാബലിയെയും ആഘോഷിക്കുന്ന ഓണത്തെയും കുറിച്ച് അമിത്ഷാ പറഞ്ഞത്. ബോധപൂര്‍വമായ നീക്കമാണ് ഇതുവഴി ബി.ജെ.പി കേരളത്തില്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയര്മാന് കെ.കെ വത്സരാജ് അധ്യക്ഷനായി. സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍ ജയദേവന് എം.പി, മന്ത്രി വി.എസ് സുനില്‍കുമാര്‍, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ രാജന് എം.എല്‍.എ, സി.പി.ഐ ജില്ലാ അസി.സെക്രട്ടറിമാരായ ടി.ആര് രമേഷ്കുമാര്‍, പി ബാലചന്ദ്രന്, എം.എല്‍.എമാരായ ഗീത ഗോപി, ഇ.ടി ടൈസണ്‍, വി.ആര് സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് വി.ജെ ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി പ്രദീപ്കുമാര്‍ സ്വാഗതവും സംഘാടക സമിതി ട്രഷറര്‍ എം വിജയന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."