ജാതിയില്‍ നിന്ന് മനുഷ്യരെ മോചിപ്പിക്കാന്‍ ഗുരു ശ്രമിച്ചു: മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്
തൃശൂര്‍: ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബരത്തിലൂടെ ജാതിയില്‍ നിന്ന് മനുഷ്യരെ മോചിപ്പിക്കാന്‍ കഴിഞ്ഞെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ജില്ലാ തല ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാനത്തിനു മുന്‍പു വരെ ജാതി കേന്ദ്രത്തിലായിരുന്നു മനുഷ്യര്‍ കഴിഞ്ഞത്.
അധമ സംസ്‌കാരത്തില്‍ നിന്ന് തമസംസ്‌കാരത്തിലേക്കുള്ള മോചനമായിരുന്നു ഗുരു ചെയ്തത്. എന്നാല്‍ പുതിയ കാലഘട്ടത്തില്‍ അധമമായ അവസ്ഥയിലേക്ക് മനുഷ്യര്‍തിരിച്ചു പോകാന്‍ ശ്രമിക്കുന്നു. ജാതി മത ചിന്തകള്‍ക്ക് വീണ്ടു അടിമപ്പെടുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഈ അവസ്ഥ മനസിലാക്കിയതുകൊണ്ടാണ് സര്‍ക്കാര്‍ നമുക്ക് ജാതിയില്ല വിളംബര സന്ദേശം ഏറ്റെടുത്തത്.
അത് സംസ്ഥാനമാകെ പ്രാവര്‍ത്തികമാക്കുവാന്‍ സര്‍ക്കാരിനാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. യോഗത്തില്‍ കൃഷി വകുപ്പുമന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനായി. കേരളത്തില്‍ നടന്ന മതേതര നവോത്ഥാനത്തെ ദുരുപയോഗം ചെയ്യാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. അതിനെ ചെറുക്കുക എന്നതാണ് നമുക്ക് ജാതിയില്ല വിളംമ്പര സന്ദേശത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. ഈ സന്ദേശം യുവാക്കളില്‍ വളരെ പ്രാധാന്യത്തോടെയും ഫലപ്രദമായും എത്തിക്കാനാവും.
ഗ്രന്ഥാശാലാ സംഘങ്ങള്‍ ഉള്‍പ്പെടെയുളള പ്രസ്ഥാനങ്ങളിലൂടെ ഈ സന്ദേശം താഴെത്തട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍എമാരായ ബി.ഡി ദേവസി, കെ.വി അബ്ദുള്‍ ഖാദര്‍, ടൂറിസം സഹകരണ വകുപ്പു മന്ത്രിയുടെ പ്രതിനിധി ടി.കെ വാസു തുടങ്ങിയവര്‍ പങ്കെടുത്തു. മുരളി പെരുനെല്ലി എം.എല്‍.എ സ്വാഗതവും, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി.വി സജന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പൊതു സമൂഹത്തിലെ ജാതി നവോത്ഥാനമൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന സെമിനാര്‍ നടന്നു. മതത്തിന്റെ പ്രതിനിധിയല്ല ശ്രീനാരായണഗുരു. കാരുണ്യമില്ലെങ്കില്‍ ദൈവമില്ലെന്നുമനസിലാക്കിയ സവിശേഷ വ്യക്തിത്വത്തിനുടമയായിരുന്നു ഗുരു.
അതുകൊണ്ടു തന്നെ ഹിന്ദുത്വവാദികള്‍ക്ക് അദ്ദേഹത്തെ മനസിലാവില്ലെന്നും സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തിയ സുനില്‍.പി.ഇളയിടം പറഞ്ഞു. നായകരെ ജാതി മതസംഘടനകള്‍ ഹൈജാക്കു ചെയ്യുകയാണിപ്പോള്‍. അതിനെ എതിര്‍ക്കപ്പെടേണ്ടതുണ്ട്. സമുദായ സംഘടനകളുടെ മതിലുകള്‍ ഇല്ലാതാക്കിയ നവോത്ഥാന പ്രസ്ഥാനം അതാണ് നമ്മെ ഓര്‍മപ്പെടുത്തുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഡോ. എന്‍.ആര്‍ ഗ്രാമപ്രകാശ്, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍ ഹരി സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി മോഹനന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ ഭരണകൂടം, സാംസ്‌കാരിക വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, ലൈബ്രറി കൗണ്‍സില്‍, ജില്ലാ സാക്ഷരതാ മിഷന്‍ എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."