ഹൈറേഞ്ച് മൗണ്ടന്‍ലാന്റ് സ്‌കേപ് പദ്ധതി ഉപേക്ഷിക്കണം: ജില്ലാ വികസന സമിതി
തൊടുപുഴ: യു.എന്‍.ഡി.പിയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യാ ഹൈറേഞ്ച് ലാന്‍ഡ് സ്‌കേപ് പ്രൊജക്ട് നടപ്പാക്കരുതെന്നും പദ്ധതി ഉപേക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ വികസന സമിതി യോഗം സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
ഇതുസംബന്ധിച്ച് ഇ.എസ്. ബിജിമോള്‍ എം.എല്‍.എ അവതാരകയും ജോയ്‌സ് ജോര്‍ജ്ജ് എം.പി, എസ്. രാജേന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ അനുവാദകരുമായ പ്രമേയം ജില്ലാ വികസന സമിതിയോഗം അംഗീകരിച്ചു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എ.ഡി.എം. കെ.കെ.ആര്‍ പ്രസാദ് അധ്യക്ഷനായിരുന്നു.
ജില്ലയില്‍ തൊടുപുഴ, കട്ടപ്പന പ്രദേശങ്ങളില്‍ മോഷണം വ്യാപകമായിരിക്കുകയാണെന്നും ജനങ്ങളുടെ സൈ്വര്യജീവിതം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ ശക്തമാക്കണമെന്നും ഡി.ഡി.സി യോഗം പൊലിസ് അധികൃതരോട് ആവശ്യപ്പെട്ടു. ജില്ലയിലെ പൊതുമരാമത്ത് റോഡുകളിലെ അറ്റകുറ്റ പണികള്‍ക്ക് ആവശ്യമായ മുഴുവന്‍ ഫണ്ടും അടിയന്തരമായി അനുവദിക്കണമെന്ന് ജോയ്‌സ് ജോര്‍ജ്ജ് എം.പി ആവശ്യപ്പെട്ടു.
വിവിധ റോഡുകള്‍ കുഴികള്‍ രൂപപ്പെട്ട് തകര്‍ന്ന് കിടക്കുകയാണ്. പി.ഡബ്ല്യൂ.ഡി റോഡുകളുടെ അറ്റകുറ്റപണികള്‍ക്കാവശ്യമായ 24 കോടി രൂപയില്‍ ആറ് കോടി രൂപയാണ് ഇതുവരെ അനുവദിച്ചിട്ടുള്ളതെന്ന് പി.ഡബ്ല്യൂ.ഡി റോഡ് വിഭാഗം അറിയിച്ചു. ബാക്കി തുക എത്രയും വേഗം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി അവതരിപ്പിച്ച പ്രമേയം ജില്ലാ വികസന സമിതി അംഗീകരിച്ചു. ജില്ലയില്‍ വിവിധ വകുപ്പുകളുടെ പദ്ധതികള്‍ക്കുള്ള വിശദമായ പ്രൊജക്ടുകളും എസ്റ്റിമേറ്റും അടിയന്തരമായി സര്‍ക്കാരിന് നല്‍കണമെന്നും എം.പി നിര്‍ദ്ദേശിച്ചു.
ചെങ്കുളം പവര്‍ഹൗസിന്റെ പെന്‍സ്റ്റോക്കുമായി ബന്ധപ്പെട്ട സര്‍ജ് ഷാഫ്റ്റിലെ ചോര്‍ച്ച സംബന്ധിച്ച് പ്രദേശവാസികള്‍ക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് എസ്. രാജേന്ദ്രന്‍ എം.എല്‍.എ കെ.എസ്.ഇ.ബി അധികൃതരോട് ആവശ്യപ്പെട്ടു. മഴ ലഭ്യതയിലുണ്ടായ കുറവുമൂലം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കൃഷിക്കും കുടിവെള്ളത്തിനും ജലദൗര്‍ലഭ്യം ഉള്ളതിനാല്‍ ജലക്ഷാമം നേരിടുന്നതിന് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ചെറുകിടജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കണമെന്നും അറ്റകുറ്റപണികള്‍ക്കും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കണമെന്നും ഇതിനായി പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ട് പദ്ധതികള്‍ക്ക് രൂപം ല്‍കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതി ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സി.എ. സുഭാഷ് അവലോകനം ചെയ്തു. ജില്ലാ വികസന സമിതി യോഗത്തില്‍ വിവിധ വകുപ്പുമേധാവികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."