കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും എരുമേലിക്ക് കൂടുതല്‍ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന്
എരുമേലി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും എരുമേലിക്ക് കൂടുതല്‍ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലക്യഷ്ണന്‍ . ശബരിമല തീര്‍ഥാനത്തിന് മുന്നോടിയായി ദേവസ്വം ബോര്‍ഡംഗങ്ങള്‍ എരുമേലി ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എരുമേലിയുടെ വികസനം സാക്ഷാത്ക്കരിക്കാന്‍ കൂട്ടായശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനത്തിനു മുന്നോടിയായി എരുമേലിയില്‍ എത്തുന്ന കോടിക്കണക്കിന് അയ്യപ്പ ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്തുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേര്‍ന്നത്. അടുത്തമാസം മന്ത്രിതല അവലോകന യോഗവും ചേരുന്നതാണ്. എരുമേലി വലിയതോടിന്റെ മലിനീകരണം പരിശോധിക്കാന്‍ സമിതി രൂപീകരിക്കും. പഞ്ചായത്ത് ദേവസ്വം അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് സമിതി. മലിനീകരണം തടയാന്‍ ബോധവത്ക്കരണം നടത്തുമെന്നും യോഗത്തില്‍ ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍ പറഞ്ഞു.
പേട്ടതുളളല്‍ പാതയിലെ കൊച്ചമ്പലം മുതല്‍ വലിയമ്പലം വരെയുളള ഭാഗത്ത് പേട്ടതുളളി പോകുന്ന തീര്‍ഥാടകര്‍ തണലിനായി ഷെയ്ഡ് സംവിധാനം ഏര്‍പ്പെടുത്തുക. നേര്‍ച്ചപ്പാറ - പേരൂര്‍ത്തോട് പരമ്പരാഗത പാത തുറക്കുക. ശുദ്ധീകരിച്ച കുടിവെളളം തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കുക. ശൗചാലയ ബോര്‍ഡുകള്‍ നിശ്ചിത വലിപ്പത്തില്‍ സ്ഥാപിക്കുക. തീര്‍ഥാടകര്‍ പേട്ടതുളളുന്നതിനാവശ്യമായ സാധനങ്ങളുടെ വില ഏകീകരിപ്പിക്കുക. പാര്‍ക്കിംഗ് മൈതാനങ്ങളില്‍ വാഹനങ്ങള്‍ കയറുന്ന രീതിയില്‍ യോഗ്യമാക്കുക. സര്‍ക്കാരിനോട് അനുബന്ധമായ സ്ഥാപനങ്ങളുടെ വെജിറ്റേറിയന്‍ ഹോട്ടലുകള്‍ സ്ഥാപിക്കുക. തീര്‍ഥാടകര്‍ എത്തുന്ന പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ മത്സ്യ, മാംസ ആഹാരങ്ങള്‍ ഒഴിവാക്കുക. തുറന്ന സ്ഥലത്ത് വില്‍ക്കുന്നത് തടയുക. ഇവ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് വില്‍ക്കുന്നതിനുളള സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു.
എം.എല്‍.എ പി.സി ജോര്‍ജ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലക്യഷ്ണന്‍, മെംബര്‍ അജയ് തറയില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് ക്യഷ്ണകുമാര്‍, ചീഫ് എഞ്ചിനീയര്‍ മുരളീക്യഷ്ണന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അജിത് കുമാര്‍, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ പത്മകുമാര്‍, വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."