500ാം ടെസ്റ്റില്‍ ഇന്ത്യ: വിജയ വഴിയില്‍
കാണ്‍പുര്‍: അഞ്ഞൂറാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഇന്ത്യ ചരിത്ര വിജയത്തിലേക്ക്. ഒരു ദിവസം ശേഷിക്കെ ഇന്ത്യ മുന്നോട്ടു വച്ച 434റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടരുന്ന കിവീസ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന നിലയില്‍ പതറുകയാണ്. ആറു വിക്കറ്റുകള്‍ മാത്രം ശേഷിക്കെ ന്യൂസിലന്‍ഡിന് തോല്‍വി ഒഴിവാക്കാന്‍ 341 റണ്‍സ് കൂടി വേണം. ലൂക്ക് റോഞ്ചി (38), മിച്ചല്‍ സാന്റ്‌നര്‍ (എട്ട്) എന്നിവരാണ് ക്രീസില്‍. മൂന്നു വിക്കറ്റു വീഴ്ത്തിയ ആര്‍ അശ്വിനാണ് കിവീസ് മുന്‍നിരയെ തകര്‍ത്തെറിഞ്ഞത്. ഓപണ്‍ര്‍മാരായ ലാതം (രണ്ട്), ഗുപ്റ്റില്‍ (പൂജ്യം), നായകന്‍ കെയ്ന്‍ വില്ല്യംസന്‍ (25) എന്നിവരുടെ വിക്കറ്റുകള്‍ പിഴുത് അശ്വിന്‍ കിവികളുടെ ചിറകരിഞ്ഞു.
റോസ് ടെയ്‌ലറെ ഉമേഷ് യാദവ് റണ്ണൗട്ടാക്കി. സ്‌കോര്‍ ബോര്‍ഡില്‍ രണ്ടു റണ്‍സെത്തിയപ്പോള്‍ ഗുപ്റ്റിലും മൂന്നു റണ്‍സായപ്പോള്‍ ലാതവും വീണ് ന്യൂസിലന്‍ഡ് തുടക്കത്തില്‍ തന്നെ നിലയില്ലാ കയത്തിലേക്ക് താഴുന്ന അവസ്ഥയിലായി. വില്ല്യംസനും ടെയ്്‌ലറും ഇന്നിങ്‌സ് നേരയാക്കാന്‍ ശ്രമം നടത്തിയങ്കിലും അധികം നീണ്ടില്ല. സ്‌കോര്‍ 43ല്‍ നില്‍ക്കെ വില്ല്യംസനും 56ല്‍ നില്‍ക്കേ ടെയ്‌ലറും പുറത്ത്. പിന്നീട് ലൂക്ക് റോഞ്ചി- സാന്റ്‌നര്‍ സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ 93 റണ്‍സില്‍ നാലാം ദിനം അവസാനിപ്പിക്കുകയായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റെടുത്ത അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റ് വീഴ്ത്തി കരിയറിലെ വിക്കറ്റ് നേട്ടം 200ല്‍ എത്തിച്ചു. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഹര്‍ഭജന്‍ സിങിനെ പിന്തള്ളി അശ്വിന്റെ പേരിലായി. 37ാം ടെസ്റ്റിലാണ് അശ്വിന്റെ നേട്ടം.
നേരത്തെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെന്ന നിലയില്‍ നാലാം ദിവസം കളി പുനരാരംഭിച്ച ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 377 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
മധ്യനിരയില്‍ രോഹിത് ശര്‍മ (68) രവീന്ദ്ര ജഡേജ (50) എന്നിവര്‍ പുറത്താകാതെ നേടിയ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യയെ മികച്ച ലീഡിലേക്ക് നയിച്ചത്. മൂന്നാം ദിനം അര്‍ധ സെഞ്ച്വറികളുമായി പുറത്താകാതെ നിന്ന മുരളി വിജയ് 76നും ചേതേശ്വര്‍ പൂജാര 78 റണ്‍സിനും പുറത്തായി. പിന്നാലെയെത്തിയ നായകന്‍ കോഹ്‌ലി (18) വീണ്ടും പരാജയപ്പെട്ടു. മികച്ച ബാറ്റിങിലൂടെ ചുവടുറപ്പിക്കാന്‍ ശ്രമിച്ച അജിന്‍ക്യ രഹാനെ 40 റണ്‍സെടുത്തു പുറത്തായി. നാലാം ദിനത്തിലെ ആദ്യ സെഷനില്‍ മൂന്നു വിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടമായെങ്കിലും രഹാനെ- രോഹിത് സഖ്യവും പിന്നീട് രോഹിത്- ജഡേജ സഖ്യവുമാണ് ഇന്ത്യക്ക് കരുത്തായി നിന്നത്. രണ്ടാം സെഷന്റെ തുടക്കത്തില്‍ തന്നെ രഹാനെ പുറത്തായി. പിന്നീട് ഒത്തുചേര്‍ന്ന രോഹിത്- ജഡേജ സഖ്യം 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ സുരക്ഷിത തീരത്തെത്തിച്ചു.
ജഡേജ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
വേഗത്തില്‍ 200 വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി അശ്വിന്‍
കാണ്‍പൂര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം സ്പിന്നര്‍ ആര്‍ അശ്വിനു സ്വന്തം. ഹര്‍ഭജന്‍ സിങിന്റെ പേരിലുണ്ടായിരുന്ന ഇന്ത്യന്‍ റെക്കോര്‍ഡ് മറികടന്ന അശ്വിന്‍ വേഗത്തില്‍ 200 വിക്കറ്റുകള്‍ കൊയ്ത ടെസ്റ്റ് ചരിത്രത്തിലെ രണ്ടാമത്തെ താരമെന്ന പെരുമയും സ്വന്തമാക്കി. 36 ടെസ്റ്റുകളില്‍ നിന്നു 200 വിക്കറ്റുകള്‍ കൊയ്ത ആസ്‌ത്രേലിയന്‍ ലെഗ് സ്പിന്നര്‍ ക്ലാരി ഗ്രിമ്മെറ്റിനാണ് റെക്കോര്‍ഡ്. 37ാം ടെസ്റ്റിലാണ് അശ്വിന്‍ 200 വിക്കറ്റുകളിലെത്തിയത്. 38 ടെസ്റ്റുകളില്‍ നിന്ന് 200 വിക്കറ്റുകള്‍ നേടിയ ഡെന്നിസ് ലിലി, വഖാര്‍ യൂനിസ് എന്നിവരെ അശ്വിന്‍ പിന്നിലാക്കി.
കിവീസ് നായകന്‍ കെയ്ന്‍ വില്ല്യംസനിന്റെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് അശ്വിന്‍ നേട്ടത്തിലെത്തിയത്. 46 ടെസ്റ്റുകളില്‍ നിന്നാണ് ഹര്‍ഭജന്‍ സിങ് 200 വിക്കറ്റുകള്‍ കൊയ്തത്. കാണ്‍പൂര്‍ ടെസ്റ്റ് ആരംഭിക്കുന്നതിനു മുന്‍പ് 193 വിക്കറ്റുകളായിരുന്നു അശ്വിന്‍ നേടിയത്. ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റ് നേടിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി നേട്ടം ഏഴാക്കി ഉയര്‍ത്തിയാണ് റെക്കോര്‍ഡ് കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."