കാര്‍ മറിഞ്ഞു; യാത്രക്കാരന്‍ രക്ഷപ്പെട്ടു
പെരിയാട്ടടുക്കം: പാതക്കരികിലെ കുഴിയിലേക്ക് കാര്‍ മറിഞ്ഞെങ്കിലും യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ പെരിയാട്ടടുക്കം നീരാറ്റി വളവിലാണ് സംഭവം. കാസര്‍കോട് ഭാഗത്ത് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എല്‍.14, ആര്‍ 2121 നമ്പര്‍ കാറാണ് നീരാറ്റി വളവിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് പാതക്കരികിലെ കവുങ്ങില്‍ തോട്ടത്തിലേക്ക് തലകുത്തി മറിഞ്ഞു വീണത്. അപകടത്തില്‍ കാറോടിച്ച യുവാവ് ഒരു പോറല്‍ പോലും ഏല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഈ വളവിലെ പൊലിസ് ക്വര്‍ട്ടേഴ്‌സിന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന പാതക്കരികിലെ ആഴമുള്ള പറമ്പിലേക്കാണ് കാര്‍ മറിഞ്ഞു വീണത്. ദേശീയപാതയിലെ ഈ വളവില്‍ ഒട്ടനവധി വാഹനാപകടങ്ങള്‍ ഉണ്ടാകുകയും നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്തിട്ടും ഈ വളവ് നിവര്‍ത്താന്‍ അധികൃതര്‍ ശ്രമിക്കുന്നില്ല. പാതയുടെ കിഴക്കുഭാഗത്തായി ഇഷ്ടംപോലെ സ്ഥലസൗകര്യം ഉണ്ടെങ്കിലും അപകടവളവില്‍ ഈയടുത്തകാലത്ത് സ്ഥാപിച്ച സൂചനാ ബോര്‍ഡ് മാത്രമാണ് ഇവിടെ ഡ്രൈവര്‍മാരുടെ ഏക തുമ്പ്. ഇത് ശ്രദ്ധയില്‍പ്പെടാതെ വരുന്ന വാഹനങ്ങള്‍ പറമ്പിലേക്ക് തെറിച്ചു വീഴുന്നത് അടിക്കടി ഉണ്ടാകുന്ന സംഭവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."