സുള്ള്യ ട്രിപ്പ്; ജീവനക്കാര്‍ പ്രതീകാത്മക ഉദ്ഘാടനം നടത്തി
കാഞ്ഞങ്ങാട്: കെ.എസ്.ആര്.ടി.സി കാഞ്ഞങ്ങാട് സബ് ഡിപ്പോയില്‍ നിന്നും കര്‍ണ്ണാടകയിലെ സുള്ള്യയിലേക്കു ആരംഭിച്ച സര്‍വിസിന് തുടക്കത്തില്‍ തന്നെ കല്ലുകടി. ഇന്നലെ രാവിലെ മുതല്‍ കാഞ്ഞങ്ങാട് നിന്നും സുള്ള്യയിലേക്കു പ്രതിദിനം ആറ് സര്‍വിസുകളുടെ തുടക്കം കുറിച്ചിരുന്നു. എന്നാല്‍ ഈ സര്‍വിസിന്റെ ഔദ്യോഗിക ഉദ്ഘാടനം കാഞ്ഞങ്ങാടിനും സുള്ള്യക്കും ഇടയിലുള്ള പാണത്തൂരില്‍ നടത്താനാണ് അധികൃതര്‍ തീരുമാനിച്ചത്.
ഇതില്‍ പ്രതിഷേധിച്ച ജീവനക്കാര്‍ രാവിലത്തെ സര്‍വിസ് ഡിപ്പോയില്‍ നിന്നും ആരംഭിക്കുമ്പോള്‍ തന്നെ പ്രതീകാത്മക ഉദ്ഘാടന ചടങ്ങ് നടത്തി അധികൃതരെ ശരിയാക്കി. ജീവനക്കാരോടും മറ്റും ആലോചിക്കാതെയാണ് സര്‍വിസിന്റെ ഉദ്ഘാടന ചടങ്ങ് പാതിവഴിയില്‍ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. സര്‍വിസ് ആരംഭിക്കുന്ന ഡിപ്പോയിലാണ് സാധാരണ നിലയില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കാറുള്ളത്. യാത്രാമധ്യേയുള്ള പ്രധാന കേന്ദ്രങ്ങളില്‍ ബസുകള്‍ക്ക് സ്വീകരണം നല്‍കാറുണ്ടെങ്കിലും ഉദ്ഘാടന ചടങ്ങുകള്‍ നടക്കാറില്ല. പാണത്തൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ആളുകളാണ് സര്‍വിസ് ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കേണ്ടവര്‍. എന്നാല്‍ സര്‍വിസ് നടത്തുന്ന ഡിപ്പോയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള പാണത്തൂരില്‍ ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ച അധികൃതരുടെ തീരുമാനം ജീവനക്കാരില്‍ കടുത്ത പ്രതിഷേധം ക്ഷണിച്ച് വരുത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട് നിന്നും രാവിലെയും, ഉച്ചക്കും, വൈകുന്നേരവുമായി ആറ് ട്രിപ്പുകളാണ് സുള്ള്യയിലേക്കു കെ.എസ്.ആര്.ടി.സി സര്‍വിസ് നടത്തുക. ഇതിന് വേണ്ടി അഞ്ചു ബസുകള്‍ ഒരുക്കിയതായും ഡിപ്പോ അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."