HOME
DETAILS
MAL
മുഖംമിനുക്കി പുതിയ എമെയ്‌സ്
backup
April 24 2016 | 06:04 AM
എ. വിനീഷ്
എമെയ്‌സ് എന്ന കോംപാക്ട് സെഡാന്‍ ഹോണ്ട ഇന്ത്യയില്‍ എത്തിച്ചിട്ട് മൂന്നു വര്‍ഷം പിന്നിടുന്നു. 2103 ല്‍ ഇവിടെ ഇറങ്ങിയ കാറിന് ആരാധകരും ഒരുപാടുണ്ടായിരുന്നു. എന്നാല്‍ ചിരിക്കുന്ന ഒരു മുഖവുമായെത്തിയ ( ആംഗലേയത്തില്‍ പറഞ്ഞാല്‍ സ്‌മൈലിങ് ഗ്രില്‍) ഈ കാറിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും മുഖത്തെചിരി മാഞ്ഞിരുന്നു. അതിനൊരു കാരണവുമുണ്ടായിരുന്നു. നാലുമീറ്ററില്‍ താഴെയുള്ള കാറുകള്‍ക്ക് എക്‌സൈസ് ഡ്യൂട്ടിയില്‍ ലഭിക്കുന്ന ഇളവ് നേടിയെടുക്കാന്‍ ലക്ഷ്യമിട്ട് ഹോണ്ടയുടെ തന്നെ ബ്രിയോയുടെ പ്‌ളാറ്റ് ഫോമില്‍ നിര്‍മ്മിച്ച കാറിന്റെ നിര്‍മാണ ചെലവുകുറയ്ക്കാന്‍ ആവുന്നതെല്ലാം ഹോണ്ട ചെയ്തിരുന്നു.
ഇതിന്റെ അനന്തരഫലങ്ങളിലൊന്നായിരുന്നു എമെയ്‌സ് ഡീസല്‍ മോഡലിന്റെ ശബ്ദവും വൈബ്രേഷനും. ശരിയായ സൗണ്ട് ഇന്‍സുലേഷന്‍ ഇല്ലാത്തതിനാല്‍ അതിനൊക്കൊണ്ട് കഴിയാവുന്ന വിധത്തിലൊക്കെ എമെയ്‌സിന്റെ ഡീസല്‍ എഞ്ചിന്‍ യാത്രക്കാരെ വെറുപ്പിച്ചിരുന്നു. പെട്രോള്‍ മോഡലിന് ശബ്ദവും വെബ്രേഷനും കുറവായിരുന്നതിനാല്‍ ഇത് അത്രകാര്യമായി അറിഞ്ഞിരുന്നില്ല എന്നു മാത്രം.
എമെയ്‌സ് എന്നാല്‍ വെറുമൊരു കോംപാക്ട് സെഡാന്‍ മാത്രമായിരുന്നില്ല ഹോണ്ടയ്ക്ക്. കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ ഡീസല്‍ മോഡല്‍ കൂടിയായിരുന്നു ഇത്. ബ്രിയോയെ അടിസ്ഥാനമാക്കി നിര്‍മിച്ചതാണെങ്കിലും സ്വിഫിറ്റില്‍ നിന്ന് ഉരുത്തിരിഞ്ഞ ഡിസയര്‍ പോലെയായിരുന്നില്ല എമെയ്‌സ്. പിറകുവശത്ത് ഏച്ചുകൂട്ടിയതുപോലെ തോന്നിച്ചിരുന്ന ഡിക്കി ഡിസയറിന്റെ ഡിസൈന്‍ ന്യൂനതകളിലൊന്നായിരുന്നെങ്കില്‍ അത്തരം പ്രശ്‌നങ്ങള്‍ പ്രകടമാകാതെ സുന്ദരമായിട്ടായിരുന്നു ഹോണ്ട എമെയ്‌സിനെ വാര്‍ത്തെടുത്തത്.
മൂന്നു വര്‍ഷത്തിന് ശേഷം മാറ്റങ്ങളോടെ എമെയ്‌സ് വീണ്ടുമെത്തുമ്പോള്‍ പഴയ പ്രശ്‌നങ്ങള്‍ക്ക് കുറെയൊക്കെ പരിഹാരമായിട്ടുണ്ട്. മാറ്റങ്ങള്‍ ആദ്യം മുന്നില്‍ നിന്ന് തുടങ്ങുന്നു. ആ പഴയ സ്‌മൈലിങ് ഗ്രില്ലിനുപകരം മുന്‍വശത്തെ രണ്ട് ഹെഡ്‌ലൈറ്റുകളെയും ബന്ധിപ്പിക്കുന്ന തടിച്ച ക്രോം സ്ട്രിപ്പ് ആണ് ഇപ്പോഴത്തെ പ്രത്യേകത. അതിന് തൊട്ടുതാഴെയായി വലിയ പുതിയ ബംപറും സ്ഥാനം പിടിച്ചിരിക്കുന്നു. വശങ്ങളിലെ ഡിസൈന്‍ മാറിയിട്ടില്ല. ടെയില്‍ ലാംപ് റീഡിസൈന്‍ ചെയ്തതാണ് ആണ് പിറകുവശത്ത് വരുത്തിയിരിക്കുന്ന മാറ്റം. ഉള്ളില്‍ കയറിയാല്‍ ആദ്യം ശ്രദ്ധയില്‍പെടുക പുതിയ ഡാഷ് ബോര്‍ഡ് ആണ്. ഏകദേശം ജാസിനോട് സാദൃശ്യമുള്ളതാണ് പുതിയ ഡാഷ്.
എന്നാല്‍ മധ്യത്തിലുള്ള കണ്‍സോളില്‍ കുറച്ച് മാറ്റങ്ങള്‍ ഉണ്ട്. വണ്ടി ഓടിക്കുന്നതിനിടെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന പഴയ ഡാഷ് ബോര്‍ഡിന്റെ പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് ക്‌ളൈമറ്റ് കണ്‍ട്രോള്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏന്നാല്‍ സിറ്റിയിലും ജാസിലും കാണുന്നതുപോലെ എ.സിയ്ക്ക് ടച്ച് സ്്ക്രീന്‍ സംവിധാനം പുതിയ എമെയ്‌സില്‍ ഇല്ല. സ്പീഡോമീറ്റര്‍ അടക്കമുള്ള ഇന്‍സുട്രുമെന്റ് ക്‌ളസ്റ്ററിന് ഇപ്പോള്‍ കൂടുതല്‍ വ്യക്തതയുണ്ട്.
ഗിയര്‍ ലിവര്‍, സ്റ്റിയറിങ്ങ് വീല്‍, വിന്‍ഡോ സിച്ചുകള്‍ എന്നിവയെല്ലാം പഴയതുതന്നെ. ബ്ലൂടൂത്ത് കണക്ടിവിറ്റി അടക്കമുള്ള ചില സവിശേഷതകള്‍ പുതുതായി ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
ഇതില്‍ ഏറ്റവും പ്രധാനം ബേസ് പെട്രോള്‍ മോഡലുകള്‍ ഒഴിച്ചുള്ളവയ്ക്ക് എ.ബി. എസ് അഥവാ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം ഉണ്ടെന്നുള്ളതാണ്. ബേസ് ഇ, എസ് മോഡലുകള്‍ക്ക് എയര്‍ ബാഗുകള്‍ ഓപ്ഷണലായും ലഭിക്കും. ഉള്ളിലെ ക്യാബിനില്‍ ലഭ്യമായിരുന്ന വിശാലമായ സ്‌പേസ് പുതിയ എമെയ്‌സിലും മാറ്റമില്ല. പുറകിലെ യാത്രക്കാര്‍ക്കും ആവശ്യത്തിന് സ്ഥലമുണ്ട്. യാത്രക്കാര്‍ക്ക് കൂടുതല്‍ സ്ഥലം കാറിനകത്ത് ലഭ്യമാക്കുന്നതിനായി മെലിഞ്ഞ സീറ്റുകള്‍ ആണ് ഹോണ്ട ഉപയോഗിച്ചിരിക്കുന്നത്. മെലിഞ്ഞതാണെങ്കിലും ഇവ സൗകര്യപ്രദമാണ്.
1.2 ലിറ്റര്‍ പെട്രോള്‍ മോഡലിലും 1.5 ഡീസലിനും എഞ്ചിനോ ഗിയര്‍ ബോക്‌സിനോ ഹോണ്ട മാറ്റം വരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഡ്രൈവിങ്ങില്‍ കാര്യമായ മാറ്റങ്ങള്‍ അനുഭവപ്പെടുകയില്ല. കൂടുതല്‍ നല്ല സൗണ്ട് ഇന്‍സുലേഷന്‍ കാരണം ഡീസല്‍ മോഡലിന്റെ ക്യാബിനില്‍ പഴയ ശബ്ദമോ വൈബ്രേഷനോ കൂടുതലില്ല എന്ന വ്യത്യാസമുണ്ട്. പെട്രോള്‍ ഓട്ടോമാറ്റിക്ക് മോഡലിനാണ് പിന്നെയുള്ള കാര്യമായ മാറ്റം. ഇതിലുള്ള ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സ് പുതിയ സി.വി.ടി യൂണിറ്റാക്കി മാറ്റിയിട്ടുണ്ട്. പഴയ പെട്രോള്‍ ഓട്ടോമാറ്റിക്ക് മോഡലിനേക്കാള്‍ സ്മൂത്ത് ആണ് പുതിയ സംവിധാനം. മാത്രമല്ല ഓട്ടോമാറ്റിക്കായി ഗിയറുകള്‍ മാറുമ്പോള്‍ റബ്ബര്‍ ബാന്‍ഡ് വലിച്ചുവിട്ടപോലെ കാര്‍ മുന്നോട്ടുകുതിക്കുന്നുവെന്ന സി.വി.ടി ഗിയര്‍ ബോക്‌സുകളുടെ ന്യൂനത ഇവിടെ കാര്യമായി പ്രകടമാകുന്നുമില്ല. പെട്രോള്‍ മാന്വല്‍ മോഡലിനേക്കാള്‍ ഇന്ധന ക്ഷമതയും പുതിയ പെട്രോള്‍ ഓട്ടോമാറ്റിക്കിന് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
സസ്‌പെഷനിലും മാറ്റങ്ങള്‍ ഇല്ല. മികച്ചതാണെങ്കിലും ഫോര്‍ഡ് ഫിഗോ ആസ്പയര്‍ പോലെയോ ടാറ്റയുടെ സെസ്റ്റ് പോലെയോ റോഡിലെ കുഴികള്‍ കഴിയുന്നതും യാത്രക്കാരെ അറിയിക്കാതിരിക്കാനുള്ള കഴിവ് എമെയ്‌സ് സസ്‌പെന്‍ഷനില്ല എന്ന് മാത്രം.
പുതിയ മാറ്റങ്ങള്‍ ഹോണ്ടയുടെ ഈ കോംപാക്ട് സെഡാനെ കൂടുതല്‍ മികച്ചതാക്കുന്നുണ്ടെങ്കിലും വിലയില്‍ കമ്പനി മാറ്റം വരുത്തിയിട്ടില്ല. 5.29 ലക്ഷം ആണ് ബേസ് പെടോള്‍ മോഡലിന് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഇതേ മോഡലിന് 6.25 ലക്ഷം മുതലാണ് ഓണ്‍ ദ റോഡ് പ്രൈസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."