സി.ബി.ഐ ക്യാംപ് ഓഫിസ്; വാടക നല്‍കിയില്ലെങ്കില്‍ ഒഴിയാനാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് നോട്ടിസ് പതിച്ചു
തലശ്ശേരി: സര്‍ക്കാര്‍ റസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.ഐ അന്വേഷണ സംഘത്തിന്റെ ക്യാംപ് ഓഫിസിന് വാടക നല്‍കിയില്ലെങ്കില്‍ ഒഴിയാനാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് നോട്ടിസ് പതിച്ചു. തലശ്ശേരി റസ്റ്റ്ഹൗസിലെ പുതിയ ബ്ലോക്കിലെ 7, 8, 9 മുറികളുടെ വാതിലിലാണ് പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എന്‍ജിനിയറുടെ പേരില്‍ ഇപ്പോള്‍ നോട്ടിസ് പതിച്ചത്. റസ്റ്റ്ഹൗസിലെ മൂന്ന് മുറികളാണ് സി.ബി.ഐ ക്യാംപ് ഓഫിസായി പ്രവര്‍ത്തിക്കുന്നത്. നേരത്തെ മുറികള്‍ ഒഴിയുകയോ വാടക നല്‍കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് സി.ബി.ഐക്ക് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ മുറികളില്‍ നോട്ടിസ് പതിക്കുകയാണ് ചെയ്തത്.
ഹൈക്കോടതി ഉത്തരവ് പ്രകാരം സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുന്ന കേസുകളില്‍ വേണ്ട എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഇതു വരെ ഒരുക്കി തരാറുണ്ടെന്നും പുതിയ സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സി.ബി.ഐ. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരെത്തെ സി.ബി.ഐ ഡയറക്ടര്‍ ചീഫ് സെക്രട്ടറിക്ക് മറുപടി നല്‍കിയിരുന്നു. തലശ്ശേരി, തൃശ്ശൂര്‍, കോട്ടയം, കൊല്ലം തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ റസ്റ്റ് ഹൗസുകള്‍ ഉപയോഗിക്കുന്ന സി.ബി.ഐ സംഘത്തിനാണ് പൊതുമരാമത്ത് വകുപ്പ് നേരത്തെ നോട്ടിസ് നല്‍കിയിരുന്നത്.
2014 ഓഗസ്റ്റ് 14 ന്റെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് സി.ബി.ഐ അന്വേഷണ സംഘത്തിന് സംസ്ഥാനത്തെ എല്ലാ റസ്റ്റ് ഹൗസുകളിലും ക്യാംപ് ഓഫിസ് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിരുന്നത്. ഇതിന് വാടക ഈടാക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പിണറായി സര്‍ക്കാര്‍ വന്നതോടെ പുതിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് സി.ബി.ഐക്ക് റസ്റ്റ്ഹൗസിലെ സൗജന്യം നല്‍കേണ്ടെന്ന് തീരുമാനിച്ചത്. സംസ്ഥാനത്ത ഏറെ പ്രമാദമായ കതിരൂര്‍ മനോജ് വധക്കേസ്, പയ്യോളി മനോജ് വധക്കേസ്, അരിയില്‍ ഷുക്കൂര്‍ വധം, ഹക്കീം വധം, ദിനേശന്‍ വധക്കേസ് ഇങ്ങനെ അഞ്ച് കേസുകളാണ് സി.ബി.ഐ തലശ്ശേരിയില്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."