മ്യാവൂൂൂ...
തട്ടിന്‍പുറത്തുനിന്നു മ്യാവു മ്യാവു കരയുകയും
എലിയെ പിടിച്ചു തിന്നു ങുര്‍...ങുര്‍... താളത്തില്‍ കൂര്‍ക്കം വലിച്ചുറങ്ങുകയും ചെയ്യുന്ന വളര്‍ത്തുമൃഗമാണ് പൂച്ച. അല്ലേ?. പൂച്ചയെ അത്ര നിസാരക്കാരനായി തള്ളല്ലേ കൂട്ടുകാരെ... ലോകത്തെ ഏറ്റവും വേഗതയുള്ള ചീറ്റപ്പുലിയുടെ കുടുംബക്കാരാണ് പൂച്ചകള്‍.കുറച്ചു പൂച്ചവിശേഷങ്ങള്‍ കേട്ടോളൂ...
ജാവിദ് അഷ്‌റഫ്
പൂച്ചകളുടെ വരവ്
പുരാതന ഈജിപ്തുകാരാണ് പൂച്ചകളെ ആദ്യമായി ഇണക്കി വളര്‍ത്തിയതെന്നാണ് വിശ്വാസം. ഏകദേശം പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വയം ഇണങ്ങുന്ന കാട്ടുപൂച്ചകളില്‍നിന്ന് (എലഹശ െടശഹ്‌ലെേൃശ െഹ്യയശരമ ) പരിണാമപ്പെട്ടു വന്നതാണ് പൂച്ചകള്‍ എന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്നത്തെ നാട്ടുപൂച്ചയുടെ പൂര്‍വീകരായ ആഫ്രിക്കന്‍ കാട്ടുപൂച്ചകള്‍ മരുഭൂമി സമാനമായ കാലാവസ്ഥയില്‍ ജീവിച്ചിരുന്നവരാണ്. ഇവ ഓസ്‌ട്രേലിയ, അന്റാര്‍ട്ടിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ വളരെ കുറച്ചു മാത്രമേ കാണപ്പെടാറുള്ളൂ. മരുഭൂപ്രദേശങ്ങളില്‍ ജീവിച്ചിരുന്ന പൂച്ചയ്ക്ക് ചൂടിനോടാണ് പ്രിയം. പകല്‍ സമയങ്ങളില്‍ ഇവ വെയില്‍ കാഞ്ഞിരിക്കുന്ന കാഴ്ച സര്‍വസാധാരണമാണ്.
പല നാട്, പല പേര്
പൂച്ചയെ മാര്‍ജാരന്‍, ബിഡാലം, മൂഷികാരി തുടങ്ങിയ പേരുകളില്‍ മലയാളത്തില്‍ തന്നെ അറിയപ്പെടാറുണ്ട്. തമിഴില്‍ പൂനെ എന്നും ഹിന്ദിയില്‍ ബില്ലി എന്നും വിളിക്കുന്ന പൂച്ചയെ പോര്‍ച്ചുഗീസുകാരും സ്പാനിഷുകാരും വിളിക്കുന്നത് ഗാട്ടോ എന്നാണ്. ജര്‍മന്‍കാരാകട്ടെ കാട്ടി, കാട്‌സേ തുടങ്ങിയ പേരിലും ജാപ്പനീസില്‍ പൂച്ചയുടെ പേര് നീകേ എന്നാണ്. എന്നാല്‍ ചൈനക്കാര്‍ വിളിക്കുന്നത് പൂച്ചയുടെ കരച്ചില്‍ പോലെ മിയു അല്ലെങ്കില്‍ മാഊ എന്നൊക്കെയാണ്.
പൂച്ചരോമം
ധാരാളം രോമങ്ങളുള്ള പൂച്ചകളാണ് മൈന്‍കൂണ്‍ പൂച്ചകളും നോര്‍വീജിയന്‍ കാട്ടുപൂച്ചയും. ധാരാളം രോമങ്ങളുണ്ടെങ്കിലും ഇവയ്ക്ക് തണുപ്പിനെ പ്രതിരോധിക്കാനുള്ള ശേഷി കുറവാണ്. പൂച്ചകള്‍ സ്വന്തം രോമം നാക്കു കൊണ്ടു ചീകി ഒതുക്കുന്നതോടൊപ്പം മറ്റുള്ള പൂച്ചകളുടെ രോമവും ചീകാന്‍ സഹായിക്കാറുണ്ട്. പലപ്പോഴായി ഈ പ്രവൃത്തിയിലൂടെ അകത്താകുന്ന രോമം ഒരു രോമഗോളമായി പൂച്ചകള്‍ ചര്‍ദ്ദിക്കാറുണ്ട്.
ക്യാറ്റ്
ബാത്ത്
പൂച്ചകള്‍ക്കു കുളി അത്ര ഇഷ്ടമൊന്നുമല്ല. എന്നാല്‍ ടര്‍ക്കിഷ് വാന്‍ ക്യാറ്റ്, അബിസീനിയന്‍ ക്യാറ്റ് ,ബംഗാള്‍ ക്യാറ്റ് എന്നിവ ഈ കാര്യത്തില്‍ വിഭിന്നമാണ് കേട്ടോ. ഇവര്‍ ഇടയ്ക്കിടെ നന്നായി കുളിക്കും.
പൂച്ചയും പ്ലേഗും
ദുര്‍മന്ത്രവാദത്തിനുപയോഗിക്കുന്നെന്ന വിശ്വാസം കാരണം മധ്യകാലഘട്ടത്തില്‍ യൂറോപ്പില്‍നിന്നു പൂച്ചകളെ വ്യാപകമായി തുടച്ചു നീക്കാന്‍ ഇടയാക്കി. ഇതിന്റെ ഫലമായി പ്രദേശത്ത് എലികളില്‍നിന്നു പടരുന്ന പ്ലേഗ് രോഗ ബാധ അനേകം മനുഷ്യജീവനുകള്‍ അപഹരിച്ചു.
പൂച്ചപ്പ്രയോഗം
മിണ്ടാപ്പൂച്ച കലമുടയ്ക്കും എന്നൊരു പ്രയോഗം കൂട്ടുകാര്‍ കേട്ടിരിക്കും. പാവത്താന്മാരായി നടക്കുന്ന പലരും ചെയ്തു കൂട്ടുന്ന കുസൃതികളെ ഉദ്ദേശിച്ചാണീ പ്രയോഗം. പൂച്ച കണ്ണടച്ചു കുടിച്ചാല്‍ ആളറിയാതിരിക്കുമോ എന്ന പഴഞ്ചൊല്ല് സര്‍വ സാധാരണമാണല്ലോ. ഭക്ഷിക്കുമ്പോള്‍ പൂച്ചയുടെ കണ്ണുകള്‍ അടഞ്ഞു പോകുന്നതാണ് ഇത്തരമൊരു പ്രയോഗം വരാന്‍ കാരണം. എന്നാല്‍ ചിലര്‍ കരുതുക മറ്റുള്ളവര്‍ കാണാതിരിക്കാനാണ് പൂച്ച കണ്ണടയ്ക്കുന്നതെന്നാണ്. പൂച്ചയ്ക്കാരു മണി കെട്ടും, പൂച്ചയില്ലാത്ത വീട്ടില്‍ എലി ഗന്ധര്‍വന്‍ തുള്ളും, പൂച്ചയ്ക്കരി വേറെ വയ്ക്കണോ, പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്തെന്ത് കാര്യം, ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്നിങ്ങനെ നിരവധി പഴഞ്ചൊല്ലുകള്‍ നമ്മള്‍ നിത്യജീവിതത്തില്‍ ഉപയോഗപ്പെടുത്താറുണ്ട്.
കുറുകെ ചാടിയാല്‍...
നമ്മുടെ സമൂഹത്തില്‍ ഉറച്ചു പോയൊരു അന്ധവിശ്വാസമാണ് ഇത്. യാത്രാമധ്യേ പൂച്ച വിലങ്ങനെ ചാടിയാല്‍ പലര്‍ക്കും യാത്രാദുരിതം വരുമെന്നാണ് വിശ്വാസം. ഇത്തരമൊരു വിശ്വാസം വച്ചു പുലര്‍ത്തുന്നയാളുടെ യാത്രയില്‍ എന്ത് അനിഷ്ട സംഭവങ്ങളുണ്ടായാലും പാവം പൂച്ചയെ ആയിരിക്കും പഴിക്കുക.
പൂച്ചയാണ് ഭാഗ്യം
വീട്ടില്‍ പൂച്ച പ്രസവിക്കുന്നത് ശുഭ ലക്ഷണമായാണ് പഴമക്കാര്‍ കണക്കാക്കിയിരുന്നത്. കരിമ്പൂച്ച വീട്ടില്‍ വന്നു കയറിയാല്‍ ഭാഗ്യം വരുമെന്നാണ് അമേരിക്കക്കാരുടെ വിശ്വാസം. ഇനി വന്ന പൂച്ച വീട്ടില്‍ സ്ഥിരതാമസമാക്കിയാലോ? കുഴപ്പം വരുമത്രേ. ജപ്പാനിലെ മനേകി നേകോ എന്നയിനം പൂച്ച ഭാഗ്യത്തിന്റെ അടയാളമാണെന്നാണ് വിശ്വാസം.
ബ്ലാക്ക് ക്യാറ്റ് സെക്യൂരിറ്റി
രാജ്യത്തിന്റെ ഉന്നത പദവി അലങ്കരിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്താറുള്ള സുരക്ഷയാണ് ബ്ലാക്ക് ക്യാറ്റ് സെക്യൂരിറ്റി. തീവ്രമായ ആയുധ പരിശീലനം നേടിയവരാണ് ഈ സെക്യൂരിറ്റി വിംഗില്‍ ഉണ്ടാകുക. ബ്ലാക്ക് ക്യാറ്റ് സെക്യൂരിറ്റി പരിശീലന കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങളും നമ്മുടെ രാജ്യത്തുണ്ട്.
പൂച്ച പുല്ലു തിന്നുന്നത്...
ദഹന പ്രശ്‌നങ്ങള്‍ ഉള്ളപ്പോഴാണത്രേ ഇവ പുല്ല് തിന്നാറുള്ളത്. മാംസാഹാര പ്രിയരായ ഇവരുടെ ശരീരത്തിന് സസ്യഹാരത്തെ ദഹിപ്പിക്കാനുള്ള കഴിവില്ല. ദഹിക്കാത്ത ഭക്ഷണത്തെ നിയന്ത്രണ വിധേയമാക്കാനാണത്രേ ഈ പുല്ല് തീറ്റ. തടിയിലോ കട്ടിയുളള വസ്തുക്കളിലോ മാന്തുന്നത് നഖങ്ങള്‍ക്കിടയിലെ മാലിന്യം കളയാനും നല്ലൊരു വ്യായാമം എന്ന നിലയിലും പൂച്ചകള്‍ ചെയ്യാറുണ്ട്. ഈ പ്രവൃത്തിയിലൂടെ പൂച്ച ആനന്ദം അനുഭവിക്കുന്നുണ്ടെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
പാവം പൂച്ച
പൂച്ച മധുരം കിട്ടിയാല്‍ തിന്നുന്നത് കാണാറില്ലേ? എന്നാല്‍ ഇവയ്ക്ക് മധുരം തിരിച്ചറിയാനുള്ള കഴിവില്ലെന്നാണ് ഗവേഷകരുടെ വാദം. ജനിതക തകരാറു മൂലമാണ് പൂച്ചയ്ക്ക് ഈ കഴിവ് നഷ്ടമായത്.
നെപ്പോളിയനും
പൂച്ചയും
ലോകത്തെ വിറപ്പിച്ച നെപ്പോളിയനെക്കുറിച്ച് കൂട്ടുകാര്‍ കേട്ടിട്ടുണ്ടല്ലോ? ഇദ്ദേഹത്തിന് പൂച്ചയെ വലിയ ഭയമായിരുന്നത്രേ. പൂച്ചകളോടുള്ള അമിതമായ ഭയത്തിനും ഒരു പേരുണ്ട്. ഐലുറോഫോബിയ എന്നാണത്.
പ്രധാനമന്ത്രിയുടെ പൂച്ച
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റിലെ താമസക്കാരനായ പൂച്ചയാണ് ലാറി. 1989ല്‍ മാര്‍ഗറ്റ് താച്ചര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അനാഥപൂച്ചയ്ക്കു വേണ്ടി ചീഫ് മോസര്‍ എന്നൊരു തസ്തിക തന്നെ ആരംഭിച്ചു. ഈ തസ്തികയിലെ ഇപ്പോഴത്തെ കണ്ണിയുടെ പേരാണ് ലാറി.
ആയുധം
ആഹാരം അകത്താക്കാന്‍ പൂച്ചയുടെ നാവില്‍ നിറയെ മൂര്‍ച്ചയുള്ള മുകുളങ്ങളുണ്ട്. ഇവ ആഹാരവസ്തുക്കളെ വലിച്ചെടുക്കാനും ശരീരം വൃത്തിയാക്കാനും സഹായിക്കുന്നു. പൂച്ചകളുണ്ടാക്കുന്ന പല ശബ്ദങ്ങള്‍ക്കു പിന്നിലും പൂച്ചയുടെ നാക്ക് സഹായത്തിനെത്താറുണ്ട്.
പൂച്ചയുടെ ചെവി വളരെ പ്രസിദ്ധമാണ്. പല ഭാഗത്തേക്കും പൂച്ചകള്‍ക്ക് ചെവിയെ ചലിപ്പിക്കാനാകും. കേള്‍വി ശക്തിയുടെ കാര്യത്തില്‍ ഈ സ്വതന്ത്ര ചലനം പൂച്ചയെ സഹായിക്കുന്നു. മുപ്പതിലേറെ വ്യത്യസ്ത പേശികളുള്ള പൂച്ചയുടെ ചെവിയുടെ ചലനം മനസിലാക്കിയാല്‍ പൂച്ചയുടെ മാനസികാവസ്ഥ മനസിലാക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ വാദം.
ക്യാറ്റ് ജീനോം
പ്രൊജക്റ്റ്
പൂച്ചയുടെ ക്രോമസോമുകളില്‍ മനുഷ്യരെ പോലെ ഇരുന്നൂറോളം ജനിതക വൈകല്യം ഉള്ളതായി തെളിയിച്ചിട്ടുണ്ട്. മനുഷ്യരെ ബാധിക്കുന്ന ജനിതക പ്രശ്‌നങ്ങളെയും പകര്‍ച്ചാവ്യാധികളേയും കുറിച്ചു പഠിക്കാന്‍ പൂച്ചകളെ ഉപയോഗിക്കാമെന്നു ഗവേഷകര്‍ കണ്ടെത്തിക്കഴിഞ്ഞു. അമേരിക്കയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഫ്രെഡറിക് കാന്‍സര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററും ചേര്‍ന്നു നടത്തുന്ന പഠനം ഈ കാര്യം തെളിയിച്ചു കഴിഞ്ഞു.
പൂച്ചയാണ് കോച്ച്
കായിക താരങ്ങളെ പരിശീലിപ്പിക്കാന്‍ നിരവധി കോച്ചുകളുണ്ട്. ലോക പ്രശസ്ത കായിക താരം ജെസി ഓവന്‍സിന്റെ കോച്ചുമാരില്‍ ഒരാള്‍ ആരാണെന്നോ? ഒരു പൂച്ച. ഓവന്‍സ് എന്താണ് പൂച്ചയില്‍നിന്നു പഠിച്ചതെന്ന് കൂട്ടുകാര്‍ക്ക് കേള്‍ക്കണോ? പൂച്ചകള്‍ ഓട്ടക്കാര്യത്തില്‍ അത്ര വലിയ വിദ്വാന്മാരല്ലെന്നു നമുക്കറിയാം. എന്നാല്‍ പൂച്ചകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. സ്പ്രിങ് പോലെയുള്ള കാലിലെ മസിലുകള്‍.!! അവ ഉപയോഗിച്ച് പൂച്ചകള്‍ ഓടുമ്പോള്‍ ചലനത്തിനാവശ്യമായ മസിലുകള്‍ മാത്രമേ ചലിപ്പിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ചെറിയൊരു അളവിലുള്ള ഊര്‍ജം മാത്രമേ ചെലവാകുന്നുള്ളൂ. പൂച്ച എത്ര ദൂരം ഓടിയാലും പിന്നെയും ഓടാനുള്ള ഊര്‍ജം ഇവയുടെ മസിലുകളില്‍ കാണുമെന്നു സാരം. പൂച്ചയെ പോലെ ആവശ്യമുള്ള മസിലുകള്‍ മാത്രം ചലിപ്പിച്ച് ഓടിയാല്‍ വിജയിക്കാമെന്ന് മനസിലാക്കിയ ഓവന്‍സ് രണ്ടു വര്‍ഷത്തോളം പൂച്ചയോട്ടം പരിശീലിച്ച് 1935 മെയ് മാസത്തില്‍ പരീക്ഷിക്കുകയും ചെയ്തു. ഇതിന് ഫലമായി ഓവന്‍സ് ലഭിച്ചതെന്നാണെന്നോ? അഞ്ച് ഓട്ടമത്സരങ്ങളിലും ലോംഗ് ജമ്പിലും ലോക റെക്കോര്‍ഡ്.
പൂച്ചയും മനുഷ്യനും
മനുഷ്യരേക്കാള്‍ തണ്ടെല്ലുകളും ( lumbar Vertebrae ) നെഞ്ചിലെ എല്ലുകളും കൂടുതല്‍ ഉള്ളവരാണ് പൂച്ചകള്‍. അതിനാല്‍ തന്നെ മനുഷ്യരേക്കാള്‍ വഴക്കവും ചലന സൗകര്യങ്ങളും പൂച്ചകള്‍ക്കു ലഭിക്കും. സ്വതന്ത്രമായി നില്‍ക്കുന്ന ക്ലാവിക്കല്‍ ബോണുകള്‍ (കോളര്‍ ബോണ്‍) തല മാത്രം കടക്കുന്ന ഭാഗത്തു കൂടി ശരീരം മുഴുവനായി കടത്താന്‍ പൂച്ചയെ സഹായിക്കുന്നു. മനുഷ്യനു കേള്‍ക്കാവുന്നതിനേക്കാള്‍ ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്ദം പൂച്ചകള്‍ക്കു കേള്‍ക്കാന്‍ സാധിക്കും. ചിലപ്പോള്‍ ഇവ 64 കിലോ ഹെര്‍ട്‌സ് വരെ നീളും. പൂച്ചയുടെ ഹൃദയമിടിപ്പ് 140 മുതല്‍ 220 വരെയാണ്. ഇതു മനുഷ്യരുടെ ഹൃദയമിടിപ്പിന്റെ ഇരട്ടിയാണ്.
പൂച്ച വാല്‍
പൂച്ചയുടെ വാല്‍ നട്ടെല്ലിന്റെ ഭാഗമാണ്. വേഗത്തില്‍ ചലിക്കുന്ന സമയത്ത് ഇവയെ സന്തുലിതാവസ്ഥ നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. പൂച്ച തന്റെ കൂട്ടികളെ കളിപ്പിക്കാന്‍ വാല്‍ ഉപയോഗിക്കുന്നത് കൂട്ടുകാര്‍ ശ്രദ്ധിച്ചിട്ടുണ്ടോ. ഇത് ഇര പിടിക്കാന്‍ പഠിപ്പിക്കുന്ന ബാലപാഠം കൂടിയാണ്.
ക്യാറ്റ് വാക്ക്
പൂച്ചയുമായി ബന്ധപ്പെട്ട നിരവധി പ്രയോഗങ്ങളും പഴഞ്ചൊല്ലുകളും നമുക്കിടയിലുണ്ട്. പൂച്ചയെ പോലെ പമ്മി പമ്മി നടക്കുക എന്ന പ്രയോഗം പൂച്ചയുടെ ചലനത്തെ സൂചിപ്പിക്കുന്നു. ശബ്ദമുണ്ടാക്കാതെയുള്ള പൂച്ച നടത്തം (ക്യാറ്റ് വാക്ക്) പല സൈന്യങ്ങളിലും സൗന്ദര്യമത്സരങ്ങളിലും അവിഭാജ്യ ഘടകമാണ്. ഉപ്പൂറ്റി നിലത്തൂന്നാതെയാണ് പൂച്ചകള്‍ നടക്കുക. മുന്‍ കാലുകള്‍ വച്ചയിടത്തു തന്നെയാണ് പൂച്ച പിന്‍കാലുകള്‍ വയ്ക്കുന്നത്. ഇതു നടക്കുമ്പോഴുളള ശബ്ദം കുറയ്ക്കാനും പിന്നിലെ പാദം അപരിചിതമായ സ്ഥലത്തുവച്ച് അപകടമുണ്ടാകാതിരിക്കാനും സഹായിക്കുന്നു. പൂച്ചകള്‍ ഒരേ വശത്തെ മുന്‍കാലും പിന്‍കാലും ഒരുമിപ്പിച്ചാണ് മുന്നോട്ടു നടക്കുന്നത്.
ഓട്ടോമാറ്റിക് നഖങ്ങള്‍
പൂച്ചയുടെ നഖങ്ങള്‍ ആവശ്യാനുസരണം മുന്നോട്ടും പിന്നോട്ടു ചലിപ്പിക്കാന്‍ സാധിക്കും. മിനുസമുള്ള പ്രതലത്തില്‍ കൂടി സഞ്ചരിക്കുമ്പോഴോ മരം കയറുമ്പോഴോ പൂച്ചകള്‍ നഖങ്ങള്‍ പുറത്തെടുക്കും. വിശ്രമാവസ്ഥയില്‍ നഖങ്ങള്‍ ഉള്ളിലേക്കു വലിക്കുകയാണ് പതിവ്. പൂച്ചയുടെ മുന്‍ കാലിലെ നഖങ്ങള്‍ക്കായിരിക്കും പിന്‍ കാലിനേക്കാള്‍ മൂര്‍ച്ച.
കുഞ്ഞിനെ കടിച്ചെടുക്കാം
പൂച്ചക്കുഞ്ഞിനെ തള്ളപ്പൂച്ച കഴുത്തില്‍ കടിച്ചു കൊണ്ടു പോകുന്നതു കൂട്ടുകാര്‍ കണ്ടിട്ടില്ലേ. ഈ സമയം കുഞ്ഞിപ്പൂച്ചയ്ക്കു വേദനയെടുക്കില്ല. ഇതിനു കാരണം കഴുത്തിനു പിന്നിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പൂച്ചയ്ക്ക് അയഞ്ഞ പ്രകൃതമുള്ള ത്വക്കാണുള്ളത്. ഇതു ശത്രുക്കളുടെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ പൂച്ചയെ സഹായിക്കുന്നു.
മീശ നല്ല മീശ
പൂച്ചയുടെ മീശ നല്ലൊരു സ്പര്‍ശന സംവേദിയാണ്. പരിസര വിശകലനത്തിനു പൂച്ചയെ സഹായിക്കുന്നു. ഇടുങ്ങിയ ഭാഗങ്ങളില്‍ കയറിച്ചെല്ലുന്നതിനു മുമ്പ് തന്റെ മീശ കടത്തിവച്ച് പരിസരം വീക്ഷിക്കാറുണ്ട്.
ഊര്‍ജ സംരക്ഷണം
ഉറക്കത്തിലൂടെ
കൂടുതല്‍ നേരം ഉറങ്ങി ഊര്‍ജം
സംരക്ഷിക്കുന്നവരാണ് പൂച്ചകള്‍. 12 മുതല്‍ പതിനാറു മണിക്കൂര്‍ വരെയാണ് പൂച്ചയുടെ ശരാശരി ഉറക്കം. എന്നാല്‍ ചില പൂച്ചകള്‍ 20 മണിക്കൂര്‍ നേരം ഉറങ്ങിയെന്നും വരും. ഉറങ്ങുകയാണെങ്കിലും പൂച്ചകള്‍ പെട്ടെന്ന് ഞെട്ടിയുണരും. ഇങ്ങനെ മനുഷ്യന്‍ പല തവണ ഞെട്ടി ഉണരുന്ന പൂച്ചയുടെ പോലെയുള്ള ഉറക്കത്തെ പൂച്ചയുറക്കം എന്നു വിശേഷിപ്പിക്കാറുണ്ട്.
പൂച്ചയും ചെടികളും
ക്യാറ്റ് നിപ്പ്, വലേറിയന്‍ തുടങ്ങിയ ചെടികളോട് പൂച്ചകള്‍ക്ക് അതിയായ താല്‍പ്പര്യം തോന്നാറുണ്ട്. ഫിലൈാഡെന്‍ഡ്രോണ്‍, ഈസ്റ്റര്‍ ലില്ലി തുടങ്ങിയ സസ്യങ്ങള്‍ ഭക്ഷിക്കുന്നത് പൂച്ചകളുടെ ശരീരത്തിന് വളരെയധികം ദോഷം ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈസ്റ്റര്‍ ലില്ലി ചെടിയുടെ ഇല കഴിക്കുന്നത് പൂച്ചകള്‍ക്കു വൃക്കത്തകരാര്‍ ഉണ്ടാക്കുമത്രേ. വൃക്ക രോഗം ബാധിച്ച പൂച്ചകളുടെ ജീവിതം ഇന്‍ജക്ഷനുകളിലൂടെ വളരെ കാലം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കും. പൂച്ചയുടെ കരളിന് മറ്റു ജീവികളെ പോലെ വിഷാംശങ്ങളെ പ്രതിരോധിക്കാന്‍ ശേഷി കുറവാണ്. ചോക്ലേറ്റില്‍ അടങ്ങിയ തിയോബ്രോമിന്‍ പൂച്ചകളുടെ ആരോഗ്യസ്ഥിതി മോശമാക്കും
നാലുകാലില്‍ വീഴും
പൂച്ചയെ പോലെ വീണാല്‍ നാലു കാലില്‍ എന്നൊരു പ്രയോഗം തന്നെ നമ്മുക്കുണ്ട്. പൂച്ച ഉയരത്തില്‍നിന്നു താഴെ വീണാല്‍ തന്നെ ശരീരത്തിലെ നിരവധി മസിലുകളുടെ പ്രവര്‍ത്തന ഫലമായി ബാലന്‍സ് ചെയ്ത് അവയെ നേരെ നിര്‍ത്തും. എന്നാല്‍ ചുരുങ്ങിയതു മൂന്ന് അടി ഉയരത്തില്‍ നിന്നെങ്കിലും വീണാല്‍ മാത്രമേ പൂച്ചയ്ക്ക് ഇങ്ങനെ നാലുകാലില്‍ നില്‍ക്കാന്‍ സാധിക്കുകയുള്ളൂ.
ഡ്രീ കോളിങ്
പൂച്ചയുടെ മുന്‍കാലിലെ വിരലിലെ നഖങ്ങളും എല്ലും നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് ഇത്. ആക്രമണകാരികളായ പൂച്ചകളെ നിലയ്ക്കു നിര്‍ത്താനും ഗാര്‍ഹിക ഉപകരണങ്ങള്‍ മാന്തി നശിപ്പിക്കുന്നത് തടയാനും പലരും ഈ ശസ്ത്രക്രിയ ചെയ്യാറുണ്ട്. എന്നാല്‍ പൂച്ചയോട് ചെയ്യുന്ന ക്രൂരതയെന്ന നിലയില്‍ പല രാജ്യത്തും ഈ ശസ്ത്രക്രിയ നിരോധിച്ചിട്ടുണ്ട്.
ഗ്ലാമര്‍ പൂച്ച
സൗന്ദര്യമുള്ള പൂച്ചകള്‍ക്ക് വിപണിയില്‍ നല്ല ഡിമാന്റാണുള്ളത്. ശരീരം മുഴുവന്‍ കറുത്ത് നെഞ്ചു മാത്രം വെളുത്ത പൂച്ചയാണ് ടക്‌സീഡോ. വാലിലും ചെവിയുള്‍പ്പടെയുള്ള ഭാഗത്തും മാത്രം വെളുത്ത നിറമുള്ള പൂച്ചയാണ് വാന്‍(ടര്‍ക്കി). ശരീരത്തില്‍ വരകളുള്ള പൂച്ചയാണ് ടാബി. ഇനി വരകള്‍ക്കു പകരം കുത്തുകള്‍ ആണെങ്കില്‍ സ്‌പോട്ടഡ് ടാബി എന്നാണ് പേര്. ശരീരത്തില്‍ ശരിയുടെ ചിഹ്നമുള്ള പൂച്ചകളാണ് ടിക്ക്ഡ് ടാബി (അബ്‌സീനിയന്‍ പൂച്ച)
വൈറ്റ് ക്യാറ്റ്
വെളുത്ത പൂച്ചയുടെ നിറത്തിനു കാരണം മെനാനോസൈറ്റ് എന്ന രാസവസ്തുവിന്റെ അഭാവമാണ്. മെലാനോബ്ലാസ്റ്റ് എന്ന കോശത്തിന്റെ കുറവു മൂലം ചില വെളുത്ത പൂച്ചകള്‍ക്ക് കേള്‍വിത്തകരാറുകള്‍ കാണാറുണ്ട്. ഒന്നോ രണ്ടോ നീലക്കണ്ണുകളുള്ള വെളുത്ത പൂച്ചയ്ക്ക് കേള്‍വിത്തകരാറുണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്.
പൂച്ചദൈവം
ഈജിപ്റ്റിലെ ജനതയാണ് ആദ്യമായി പൂച്ചകളെ ഇണക്കി വളര്‍ത്തിയത്. ഒരു പൂച്ച ദൈവവും അവര്‍ക്കുണ്ട്. ഈജിപ്റ്റുകാരുടെ സൂര്യദേവനായ റായുടെ മകള്‍ ബാസ്റ്റ്. പൂച്ചയുടെ ശിരസും സ്ത്രീയുടെ ശരീരവുമുള്ള ബാസ്റ്റ് തങ്ങളുടെ വീടും കൃഷിയിടങ്ങളും സംരക്ഷിക്കുമെന്നാണ് വിശ്വാസം. പല മതങ്ങളിലും പൂച്ചയുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങളുണ്ട്. വിശുദ്ധരായ ആത്മാക്കളാണ് പൂച്ചകളെന്നാണ് ഒരു വിശ്വാസം. ജപ്പാന്‍കാരുടെ വിശ്വാസ പ്രകാരം വിശുദ്ധരുടെ ആത്മാക്കള്‍ മരണശേഷം താല്‍ക്കാലികമായി വസിക്കുന്നത് പൂച്ചകളുടെ ശരീരത്തിലാണത്രേ. ഇസ്‌ലാം മതത്തിലും പൂച്ചയ്ക്ക് അനുയോജ്യമായ സ്ഥാനമുണ്ട്. മുഹമ്മദ് നബിക്ക് (സ) ഏറ്റവും ഇഷ്ടമുള്ള മൃഗങ്ങളിലൊന്നാണ് പൂച്ച.
പൂച്ചയും പുസ്തകങ്ങളും
ലോകത്ത് നിരവധി പുസ്തകങ്ങള്‍ പൂച്ചകളെക്കുറിച്ചുണ്ട്. ടി.എസ്.എലിയറ്റിന്റെ ഓള്‍ഡ് പോസം ബുക്ക് ഓഫ് പ്രാക്റ്റിക്കല്‍ ക്യാറ്റ്‌സ്, വില്യം എസ് ബുറോസിന്റെ ദ ക്യാറ്റ് ഇന്‍സൈഡ്, ഉര്‍സല കെ .ലീഗന്റെ ക്യാറ്റ് വിംഗ്‌സ്, ഡോക്ടര്‍ സീസിന്റെ ദ ക്യാറ്റ് ഇന്‍ ദ ഹാറ്റ്, ആന്‍ഡ്രേ നോര്‍ട്ടന്റെ സ്്റ്റാര്‍ ക്യാറ്റ്, മിഖായേല്‍ ബള്‍ബകാവിന്റെ ദ മാസ്റ്റര്‍ ആന്‍ഡ് മാര്‍ഗറീറ്റ, ലിന്‍ഡ പി കേസിന്റെ ദ ക്യാറ്റ് തുടങ്ങിയ നിരവധി ഈ ശ്രേണിയില്‍ പെടും
പൂച്ചദിനം
ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ ആനിമല്‍ വെല്‍ഫെയറിന്റെ ആഭിമുഖ്യത്തില്‍ 2002 മുതല്‍ ആരംഭിച്ചതാണ് ഇന്റര്‍നാഷണല്‍ ക്യാറ്റ് ഡേ. ഇത് ഓരോ വര്‍ഷവും ഓഗസ്റ്റ് എട്ടിനാണ്. വേള്‍ഡ് ക്യാറ്റ് ഡേ യൂറോപ്പിന്റെ പല ഭാഗങ്ങളിലും ഫെബ്രുവരി പതിനേഴിനും റഷ്യയില്‍ മാര്‍ച്ച് ഒന്നിനുമാണ്. ജപ്പാനില്‍ നാഷണല്‍ ക്യാറ്റ് ഡേ ഫെബ്രുവരി 22നാണ് കൊണ്ടാടുന്നത്. അമേരിക്കയിലെ നാഷണല്‍ ക്യാറ്റ് ഡേ ഒക്ടോബര്‍ 29 ന് ആണ്. യൂറോപ്പില്‍ ജൂണ്‍ നാലിന് ഹഗ്യുവര്‍ ക്യാറ്റ് ഡേയും നാഷണല്‍ ബ്ലാക്ക് ക്യാറ്റ് അപ്രിസിയേഷന്‍ ഡേ ഓഗസ്റ്റ് 17 നും നാഷണല്‍ ബ്ലാക്ക് ക്യാറ്റ് ഡേ നവംബര്‍ 17 നും ആഘോഷിച്ചു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."