റേഷനരി കടത്തിയ ചിത്രവേല്‍ വീണ്ടും പിടിയില്‍
ചിറ്റൂര്‍: പന്ത്രണ്ട് ദിവസം മുന്‍പ് വണ്ണാമടയില്‍ നിന്നും തമിഴ്‌നാട് റേഷനരി കടത്തി പിടിയിലായ ദിണ്ടിക്കല്‍ സ്വദേശി കറുപ്പന്‍ എന്ന ചിത്രവേല്‍ റേഷനരി കടത്തിയതിന് വീണ്ടും ഗോപാലപുരത്ത് പിടിയിലായി. വില്‍പ്പന നികുതി ചെക്‌പോസ്റ്റിന് 20 മീറ്റര്‍ അകലെയുള്ള ഗോപാലപുരം സ്വദേശി ശ്രീലാലിന്റെ ഉടമസ്ഥതയിലുള്ള ഷീറ്റിട്ട ഒറ്റമുറിയിയാണ് പ്രതി സംഭരണശാലയായി ഉപയോഗിച്ചിരുന്നത്. ജില്ലാ കളക്ടറുടെ നേതൃത്തത്തിലുള്ള പ്രത്യേക സംഘമാണ് പൂട്ടിയിട്ട സംഭരണശാല കണ്ടെത്തിയത്.
കൊഴിഞ്ഞാമ്പാറ പോലീസിന്റെ സഹായത്തോടെ തുറന്ന് പരിശോധിച്ചപ്പോഴാണ് 16 ചാക്കുകളിലും നിലത്തു കൂട്ടിവച്ചതുമായി 3460 കിലോ റേഷനരി കണ്ടെത്തിയത്. തൂക്കിവില്‍ക്കാന്‍ ഉപയോഗിക്കുന്ന വെയിങ്ങ് ബാലന്‍സ്സും പിടിച്ചെടുത്തു. ഈ സ്ഥലവും പ്രതിയും കളക്ടറുടെ പ്രത്യേക പരിശോധന സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ഈ മാസം 10ന് മീനാക്ഷിപുരത്തുനിന്ന് 1140 കിലോയും 15 ന് ഗോപാലപുരത്തുനിന്ന് 4430 കിലോയും തമിഴ്‌നാട് അരി പിടിച്ചിരുന്നു.തമിഴ്‌നാട്ടില്‍ നിന്നും ബസ്സുകളില്‍ അതിര്‍ത്തി വരെയെത്തുന്ന അരി ചുരുങ്ങിയ വിലയ്ക്ക് ശേഖരിച്ച് വിതരണത്തിനായി ശേഖരിച്ചവച്ചതാണ് പിടിക്കപ്പെട്ടത്.ചിത്രവേലിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. തുടര്‍നടപടിക്കായി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് അയച്ചു.പിടിച്ചെടുത്ത അരിയും, തൂക്കി വില്‍ക്കാനുപയോഗിക്കുന്ന വെയിങ്ങ് ബാലന്‍സും കൊഴിഞ്ഞാമ്പാറയിലെ പൊതുവിതരണ സംഭരണ ശാലയിലേക്ക് മാറ്റി.
ജില്ലാ കലക്ടറുടെ കീഴിലുള്ള പ്രത്യേക സംഘത്തിലെ എസ്.സന്തീപ്, ഡെപ്യൂട്ടി തഹസിദാര്‍ രാജശേഖരന്‍ ഡ്രൈവര്‍ ജോണ്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍.മനോജ്, റേഷന്‍ ഇന്‍സ്‌പെക്ട്ടര്‍മാരായ എം.കൃഷ്ണദാസ്, പി.വിജയന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."