കുന്നത്തുനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷം
പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു.
ഇവിടത്തെ ഭൂരിപക്ഷം പ്രദേശങ്ങളിലും കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടം ഓടുകയാണ്. കുന്നത്തുനാട് പഞ്ചായത്തിലെ ചെങ്ങര, അത്താണി, നീലിമല, കൈതക്കാട്, വെമ്പിള്ളി, ചക്കാലമുകള്‍, മോറക്കാല പള്ളിമുകള്‍, പെരിങ്ങാല മൈതാനിമുകള്‍, പിണര്‍മുണ്ട സൗത്ത്, നോര്‍ത്ത്, അംബേദ്ക്കര്‍ കോളനി, നടുമുകള്‍, റേഷന്‍കട, കളരിമുകള്‍ കോളനി, കളപ്പുരമൂല, പള്ളിക്കവല, എന്നീ പ്രദേശങ്ങളില്‍ കുടിവെള്ള പ്രശ്‌നം അതിരൂക്ഷമാണ്.
കനാലിലെ ശുചീകരണ പ്രവര്‍ത്തനത്തിന്റെ പേരില്‍ മൂന്നു മാസത്തോളമായി കനാലിലൂടെ വെള്ളം എത്തിയിട്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ഇതുമൂലം കുളങ്ങളും കിണറുകളും വറ്റിവരണ്ടു. വെള്ളമില്ലാത്തതിനാല്‍ പ്രദേശങ്ങളിലെ കൃഷികള്‍ കരിഞ്ഞുണങ്ങി. അതേ സമയം ശുചീകരണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ ജനുവരി മാസത്തോടെ മാത്രമേ വെള്ളം തുറന്നുവിടു എന്നാണ് പെരിയാര്‍വാലി അധികൃതര്‍ പറയുന്നത്.
ചേലക്കുളം പട്ടിമറ്റം എന്നിവിടങ്ങളില്‍ നിന്നും ദിവസവും മുന്നു നേരം ജല അതോറിട്ടി പമ്പ് ചെയ്തിരുന്നതാണ്. എന്നാല്‍ കനാലില്‍ വെള്ളം എത്താതായതോടെ പമ്പിങ് ദിവസവും ഒരു നേരമായി ചുരുക്കിയതോടെ പഞ്ചായത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ശുദ്ധജലം എത്തുന്നില്ല.
പകരം ടാങ്കര്‍ ലോറികളില്‍ ശുദ്ധജലമെത്തിച്ച് പ്രശ്‌നം പരിഹരിക്കണമെന്നും കനത്ത വരള്‍ച്ച നേരിടുന്നത് മുന്നില്‍ കണ്ട് പെരിയാര്‍വാലി കനാല്‍ വെള്ളം തുറന്നു വിടണമെന്ന ജനങ്ങളുടെ ആവശ്യവും ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."