അടുത്ത വര്‍ഷം ഹജ്ജിനു മിനയില്‍ തമ്പുകളില്‍ മുഴുവനായും എയര്‍ കണ്ടീഷന്‍
മക്ക: അടുത്ത വര്‍ഷത്തെ ഹജ്ജിനു മുന്നോടിയിലാണ് മിനായിലെ തമ്പുകളില്‍ പൂര്‍ണ്ണമായും എയര്‍ കണ്ടീഷനുകള്‍ പ്രവര്‍ത്തന സജ്ജമാകുമെന്നു മക്ക ഗവര്‍ണര്‍ വ്യക്തമാക്കി. സഊദി സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റയുടെ ഈ വര്‍ഷത്തെ ഹജ്ജ് വിലയിരുത്തല്‍ യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മിനായില്‍ തമ്പുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മുഴുവന്‍ തമ്പുകളിലും എസി യൂണിറ്റുകള്‍ സജ്ജീകരിക്കാന്‍ സഊദി ഭരണാധികാരിയുടെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തനം ആരംഭിക്കാന്‍ സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ യോഗത്തില്‍ നിര്‍ദേശിച്ചു. ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ 30 ശതമാനം തമ്പുകള്‍ മാത്രമാണ് എയര്‍ കണ്ടീഷന്‍ സംവിധാനിച്ചിരുന്നത്. ഇത് മുഴുവനായും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
ഈ വര്‍ഷത്തെ ഹജ്ജ് ഏറ്റവും നല്ല നിലയിലാണ് നടന്നതും പര്യവസാനിച്ചതുമെന്നു സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി യോഗം വിലയിരുത്തി. ഹാജിമാര്‍ക്ക് ഏറ്റവും ഉപകാര പ്രദമായ നിലയില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തി മശാഇര്‍ ട്രെയിന്‍ സര്‍വ്വീസ് വന്‍ വിജയമായിരുന്നു. ജംറ കല്ലേറ് കര്‍മ്മത്തിലും മശാഇര്‍ സ്‌റ്റേഷനുകളിലും അനുഭവപ്പെടുന്ന തിരക്ക് നിയന്തിക്കുന്നതിനു സുരക്ഷാ വകുപ്പുകള്‍ക്ക് പൂര്‍ണ്ണമായും കഴിഞ്ഞതായും യോഗം വിലയിരുത്തി.
അനധികൃത ഹജ്ജിനെത്തുന്നവരെ തടയുന്നതിന് ഈ വര്‍ഷം ഏറെക്കുറെ സാധിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം കൂടുതല്‍ ശക്തമായി ഇത് തുടരും. വ്യാജ രേഖകള്‍ ഉപയോഗിച്ച് ഹജ്ജിനെത്തുകയും മക്കയിലേക്ക് കടക്കാന്‍ സഹായിക്കുകയും ചെയ്തവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും അത് പരസ്യപ്പെടുത്താനും ശുപാര്‍ശ ചെയ്തു. കൂടാതെ വിസിറ്റ് വിസ, ബിസിനസ്സ് വിസകള്‍ ദുരുപയോഗം ചെയ്തു ഹജ്ജിനെത്തുന്നതു തടയാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ കൈക്കൊളളാനും ബന്ധപ്പെട്ടവരോട് സെന്‍ട്രല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടിട്ടുണ്ട്. ഇ ട്രാക് സംവിധാനം കൂടുതല്‍ കാര്യ ക്ഷമമാക്കാനും വിദേശികളുടെ വിരലടയാളവും കണ്ണ് അടയാളവും സ്വദേശങ്ങളില്‍ വെച്ച് തന്നെ പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതായും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി.
അതേ സമയം, ഹജ്ജിനു ബുക്ക് ചെയ്തു പണമടച്ച് ഹജ്ജ് നിര്‍വ്വഹിക്കാന്‍ സാധിക്കാത്തവരുടെ പണം തിരിച്ചു നല്‍കണമെന്ന് ആഭ്യന്തര ഹജ്ജ് കമ്പനികളോടും സ്ഥാപനങ്ങളോടും മന്ത്രാലയം ആവശ്യപ്പട്ടു. യാത്ര റദ്ദാക്കിയവര്‍ക്ക് പണം തിരിച്ചു നല്‍കുന്നതില്‍ താമസം വരുത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മന്ത്രാലയം കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചത്. എന്നാല്‍ പണം അടച്ച ശേഷം പ്രിന്റ് ഔട്ട് എടുക്കുന്നതിനു മുന്‍പായി രജിസ്‌ട്രേഷന്‍ റദ്ദാക്കിയവര്‍ക്ക് പണം കൈമാറ്റ വകയിലടക്കം 72 റിയാല്‍ വീതം പിഴയും, വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം നിരസിക്കുന്ന ഓരോ ആള്‍ക്കും അടച്ച തുകയില്‍ നിന്നും പണം കൈമാറ്റ ചിലവടക്കം 25 റിയാലും ഈടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ വെറും രജിസ്‌ട്രേഷന്‍ മാത്രം നടത്തി അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് മുന്‍പ് റദ്ദാക്കിയവര്‍ക്ക് പിഴയൊന്നും നല്‍കേണ്ടതില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."