രമ്യ വധം: മജിസ്‌ട്രേറ്റിനെ വിസ്തരിക്കാന്‍ അനുമതി
തലശ്ശേരി: കണ്ണൂര്‍ കാട്ടാമ്പള്ളിയിലെ അമ്പന്‍ ഹൗസില്‍ രവീന്ദ്രന്റെ മകള്‍ രമ്യ (26) കൊല്ലപ്പെട്ട കേസില്‍ മജിസ്‌ട്രേറ്റിനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ടു പൊസിക്യൂഷന്‍ ഹരജി കോടതി അംഗീകരിച്ചു. കേസില്‍ വിചാരണ നടക്കുന്ന തലശ്ശേരി അഡിഷണല്‍ സെഷന്‍സ് കോടതിയാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റായിരുന്ന ടി.പി അനില്‍കുമാറിനെ വിസ്തരിക്കണമെന്ന ഹരജി അനുവദിച്ചത്. കേസില്‍ പ്രതിയായ രമ്യയുടെ ഭര്‍ത്താവ് ഷമ്മികുമാര്‍ വിദേശത്ത് പോയതുള്‍പ്പെടെയുള്ള കാര്യങ്ങളുടെ സ്ഥിരീകരണത്തിന് കോഴിക്കോട്, മംഗളൂരു വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പ്രൊസിക്യൂഷന്‍ ഹരജി നല്‍കി.
ഇക്കാര്യത്തില്‍ ഇന്നു കോടതി ഇരുഭാഗത്തിന്റെയും വാദം കേള്‍ക്കും. മജിസ്‌ട്രേറ്റിനെ വിസ്തരിക്കാനുള്ള തിയതിയും ഇന്നു തീരുമാനിക്കും. കേസില്‍ നാലു സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നത് സംഭവ സമയം കണ്ണൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റായിരുന്ന അനില്‍ കുമാറായിരുന്നു.
2010 ജനുവരി 15ന് പ്രതി നാട്ടിലെത്തിയെന്നും കൊല നടത്തിയ ശേഷം 22ന് തിരിച്ച് പോയെന്നും തെളിയിക്കാനാണ് വിമാനത്താവള ജീവനക്കാരെ വിസ്തരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ സംഭവ സമയത്തെ തളിപ്പറമ്പ് ഡിവൈ.എസ്.പിയും ഇപ്പോള്‍ തൃശ്ശൂര്‍ അസി.കമ്മിഷണറുമായ മുഹമ്മദ് ആരിഫിനെ കൂടി കേസില്‍ വിസ്തരിക്കാനുണ്ട്. കൊല്ലപ്പെട്ട രമ്യയുടെ പിതാവ് രവീന്ദ്രന്‍, അമ്മ പ്രഭാവതി, ലോഡ്ജിലെ സെക്യൂരിറ്റി ജീവനക്കാര്‍, റൂം ബോയ് ഉള്‍പ്പെടെ 16 സാക്ഷികളെ ഇതുവരെ വിസ്തരിച്ചു.
കേസിലെ ഒന്നാം സാക്ഷിയായ ലോഡ്ജ് മാനേജര്‍ ആലിക്കുഞ്ഞി പക്ഷാഘാതം വന്ന് കിടപ്പിലായിരുന്നതിനാല്‍ വിചാരണ കോടതിയില്‍ ഹാജരാക്കാന്‍ സാധിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."