കുടിപ്പള്ളിക്കൂടം ആശാന്മാരെ സംരക്ഷിക്കണം
ഗ്രാമപ്രദേശങ്ങളില്‍ ഇന്നും പ്രീപ്രൈമറി വിദ്യാഭ്യാസം കുടിപ്പളളിക്കൂടങ്ങള്‍ (നിലത്തെഴുത്ത് വിദ്യാഭ്യാസം) വഴിയാണ് നടക്കുന്നത്. അക്ഷരങ്ങളും സ്വരങ്ങളും വ്യജ്ഞനങ്ങളും മാത്രമല്ല ജീവിതത്തിന്റെ ആദ്യാക്ഷരങ്ങളും സംസ്‌കാരത്തിന്റെയും പൗരധര്‍മത്തിന്റെയും ബാലപാഠങ്ങളും പണ്ടുമുതല്‍ക്കേ കുടിപ്പളളിക്കൂടങ്ങളില്‍ നിന്നാണ് നമ്മുടെ കുഞ്ഞുങ്ങള്‍ മനസ്സിലാക്കിയിരുന്നത്. മാതാപിതാക്കളെ വന്ദിക്കാനും ഗുരുനാഥന്മാരെ ആദരിക്കാനും സഹജീവികളെ സ്‌നേഹിക്കാനും ഒക്കെ ഈ നിലത്തെഴുത്താശാന്മാര്‍ കുട്ടികളെ പഠിപ്പിക്കുന്നു. തിരുവിതാംകൂര്‍ ഭാഗത്താണ് നിലത്തെഴുത്താശാന്മാര്‍ അധികവും. ചിലര്‍ സ്വന്തം വീട്ടുവളപ്പില്‍ തന്നെ ചെറിയൊരു ഷെഡുകെട്ടി അതിനുള്ളിലാണ് കുടിപ്പള്ളിക്കൂടം നടത്തി വരുന്നത്.
കുടിപ്പളളിക്കൂടം ആശാന്മാര്‍ നിരന്തരം നടത്തിയ സമരങ്ങളുടെ അടിസ്ഥാനത്തില്‍ ആശാന്മാര്‍ക്ക് അംഗീകാരം ലഭിക്കുകയും 1985 ല്‍ ടി.എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പ്രതിമാസം 100 രൂപയില്‍ കുറയാത്ത തുക ഗ്രാന്റായി അനുവദിക്കുകയും ചെയ്തു. പിന്നീട് അത് 250 രൂപയായും ഒടുവില്‍ 2013 ഡിസംബര്‍ 15 ന് 500 രൂപയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നാണ് ഈ ഗ്രാന്റ് നല്‍കി വരുന്നത്. എന്നാല്‍ അത് ഒഴിവാക്കി പ്ലാന്‍ ഫണ്ടില്‍ ഉള്‍ക്കൊള്ളിച്ച് പ്രതിമാസം 1000 രൂപയായി ഗ്രാന്റ് വര്‍ധിപ്പിക്കണമെന്നാണ് ആശാന്മാര്‍ ആവശ്യപ്പെടുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ഗ്രാന്റ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആശാന്മാരുടെ സംഘടന നിവേദനം നല്‍കിയിരുന്നു. ആശാന്മാരുടെ ഗ്രാന്റ് വര്‍ധിപ്പിച്ച് കുടിപ്പള്ളിക്കൂടങ്ങളെ സംരക്ഷിക്കേണ്ട ചുമതല ഭരണംകര്‍ത്താക്കള്‍ക്ക് ഉള്ളതാണ്.
ചവറ സുരേന്ദ്രന്‍പിള്ള,
കൊല്ലം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."