മട്ടന്നൂര്‍ നഗരസഭ ബഡ്ജറ്റ് വിവാദം പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചു
മട്ടന്നൂര്‍: നഗരസഭയുടെ 2016-17 വര്‍ഷത്തേക്ക് അവതരിപ്പിച്ച ബഡ്ജറ്റിനു അനുമതി നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ വീണ്ടും ഡി.പി.സി യുടെ അംഗീകാരത്തിനുവേണ്ടി പദ്ധതി റിപ്പോര്‍ട്ട് അയക്കാന്‍ ഇന്നലെ വൈകുന്നേരം വിളിച്ചുചേര്‍ത്ത അടിയന്തിര കൗണ്‍സില്‍ യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു.
ഇന്നലെ യോഗത്തില്‍ വിതരണം ചെയ്ത വാര്‍ഷിക പദ്ധതി റിപ്പോര്‍ട്ടിന്റെ കോപ്പി പ്രിന്റ് തെളിയാത്തതിനാല്‍ ഈ യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ നിര്‍ദേശം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വിയോജന കുറിപ്പ് രേഖപ്പടുത്തി പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചത്. ബഹിഷ്‌കരണം രാഷ്ടീയ പ്രേരിതമാണെന്ന് നഗരസഭ ചെയര്‍മാന്‍ ആരോപിച്ചു. യോഗത്തിന്റെ നോട്ടീസ് മണിക്കൂറുകള്‍ക്ക് മുന്‍പാണ് കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയതെന്നും ഇത് ചട്ടലംഘനമാണെന്നും പ്രതിപക്ഷ നേതാക്കളായ പി.വി ധനലക്ഷ്മി, ഇ.പി ശംസുദ്ദീന്‍ എന്നിവര്‍ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട് വികസനം മുടക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് നഗരസഭ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വാര്‍ഷിക പദ്ധതി റിപ്പോര്‍ട്ട് മൂന്ന് തവണ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചചെയ്തതാണ്. അന്നൊന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ എതിര്‍ത്തിരുന്നില്ല. ഈ മാസം 30 ഡി.പി.സി യോഗത്തില്‍ പദ്ധതിക്ക് അംഗീകാരം വാങ്ങേണ്ടതുണ്ട്. ഇതിനെയാണ് രാഷ്ടീയം ലക്ഷ്യംവച്ച് പ്രതിപക്ഷം എതിര്‍ക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.
ബഡ്ജറ്റ് പാസാക്കാതെ നഗരസഭയുടെ ഭരണപ്രതിസന്ധിക്ക് ഉത്തരവാദികളായ ചെയര്‍മാന്‍ ഉള്‍പെടെയുള്ള ഭരണ സമിതി പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."