സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ ബി.കെ ബന്‍സാലിന്റെ ആത്മഹത്യാകുറിപ്പ്
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മുന്‍ കോര്‍പറേറ്റ് ഡയറക്ടര്‍ ജനറല്‍ ബി.കെ ബന്‍സാലിന്റെ ആത്മഹത്യാ കുറിപ്പില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാമര്‍ശം. തന്നെയും കുടുംബത്തേയും കേസിന്റെ പേരില്‍ നിരന്തരം ഉപദ്രവിക്കുകയും ശല്യം ചെയ്യുകയും ചെയ്തതായി ബന്‍സാലിന്റെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
തനിക്കെതിരെയുള്ള കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ പേരുകളാണ് കുറിപ്പിലുള്ളത്. രണ്ട് വനിതാ ഉദ്യോഗസ്ഥര്‍, സി.ബി.ഐ ഓഫിസര്‍ സഞ്ജീവ് ഗൗതം ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ കുറിപ്പിലുണ്ട്. ഇവര്‍ക്കെതിരെ സി.ബി.ഐ അഴിമതി വിരുദ്ധ വിഭാഗം വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
റെയിഡിന്റെ ഭാഗമായി വീട്ടിലെത്തിയ അവര്‍ തന്റെ ഭാര്യയേയും മകളേയും നിരന്തരമായി ഉപദ്രവിച്ചുകൊണ്ടിരുന്നു. അത് താങ്ങാന്‍ കഴിയാതെയാണ് അവര്‍ ആത്മഹത്യ ചെയ്തതെന്ന് ബന്‍സാല്‍ കുറിപ്പില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് ജൂലൈയില്‍ സിബിഐ ബന്‍സാലിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയും ബന്‍സാലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ബന്‍സാലിന്റെ ഭാര്യ സത്യബാല ബന്‍സാല്‍(58), മകള്‍ നേഹ(27) യും തൂങ്ങിമരിച്ചിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ബന്‍സാലിനേയും മകനേയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മുംബൈയിലെ ഒരു ഫാര്‍മസി കമ്പനിയില്‍ നിന്നും അവരുമായി ബന്ധപ്പെട്ട ഒരു കേസില്‍ നിന്നും ഒഴിവാക്കാനായി ഒന്‍പത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് സിബിഐ ബന്‍സാലിനെ അറസ്റ്റ് ചെയ്തത്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെയുള്ള അനധികൃത ഇടപാട് കേസില്‍ നിന്നൊഴിവാക്കാനായി 20 ലക്ഷം രൂപ ബന്‍സാല്‍ ആവശ്യപ്പെട്ടിരുന്നതായാണ് സി.ബി.ഐ കണ്ടെത്തിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ബന്‍സാല്‍ ജയിലില്‍ നിന്നും പുറത്തുവന്നത്. കേസില്‍ ബന്‍സാലിന്റെ മകനേയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."