ദേശസ്‌നേഹികള്‍
വെടിവച്ചു കൊന്നുകൊണ്ടായിരുന്നു ഇതിനൊക്കെ തുടക്കം. അത് ഇന്നും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. അതുപോലെ വ്യത്യസ്തമായ രീതിയിലായിരിക്കണം ഇനിയങ്ങോട്ടും കാര്യങ്ങള്‍ നീക്കേണ്ടത്. ദിവസങ്ങളോളം ചര്‍ച്ചചെയ്യപ്പെടണം. അതിനു വേറിട്ട വഴികള്‍ തന്നെ സ്വീകരിക്കേണ്ടിയിരിക്കുന്നു.
ആല്‍ത്തറയ്ക്കു ചുറ്റും കൂടിയ കുറച്ചുപേരെ അഭിസംബോധന ചെയ്യുകയായിരുന്നു അയാള്‍.
ഓണം കേറാമൂലയായ ഈ ഗ്രാമവും ഭൂരിഭാഗവും നമ്മളെപ്പോലെയുള്ളവര്‍ ഉള്‍പ്പെടുന്ന ഈ വിഭാഗവും ഇവിടെ അധിവസിക്കുന്നുണ്ടെന്ന് പുറംലോകം ശരിക്കും അറിയുന്നില്ല. അതല്ലെങ്കില്‍ അറിഞ്ഞതായി ഭാവിക്കുന്നില്ല. ആ മനോഭാവം മാറ്റേണ്ടിയിരിക്കുന്നു. അതിനു കുതന്ത്രങ്ങള്‍ മെനയണം. പുതിയ ചെയ്തികളിലൂടെ മാത്രമേ നമുക്കതവരെ ബോധ്യപ്പെടുത്താന്‍ കഴിയൂ.
കൈവെട്ടുക, കാല്‍വെട്ടുക, മനുഷ്യബോംബാകുക, ക്വട്ടേഷന്‍ കൊടുക്കുക, സ്‌ഫോടനം നടത്തുക, ആരാധനാലയങ്ങള്‍ തകര്‍ക്കുക, ട്രെയിന്‍ കത്തിക്കുക, എന്നുവേണ്ട കഴുത്തറക്കുന്ന ഐ.എസിന്റെ രീതിപോലും ഏറെ പഴഞ്ചനായിരിക്കുന്നു. അപ്പോള്‍ നമുക്ക് വേറിട്ടു ചിന്തിക്കേണ്ടിയിരിക്കുന്നു. മാധ്യമശ്രദ്ധ നേടണമെങ്കില്‍ നാം ഒരു എഴുത്തുകാരനെ കണ്ടെത്തണം. അയാളെ പീഡിപ്പിക്കണം. രാജ്യദ്രോഹിയെന്ന് മുദ്ര കുത്തണം.
'അതിനു നേതാവേ... നമ്മുടെ കുഗ്രാമത്തില്‍ പേരെടുത്തു പറയാന്‍ പറ്റിയ എഴുത്തുകാരന്‍മാര്‍ ആരാ ഉള്ളത്. ഇനിപ്പോ എഫ്.ബിയിലൊക്കെ പോസ്റ്റിടുന്ന ആ കുട്ട്യേമ്പിയേ മതിയോ?'
ചുറ്റും കൂടിയവരില്‍ നിന്നു ആരോ ഒരാള്‍ വിളിച്ചു ചോദിച്ചു.
'കുട്ട്യേമ്പി നമ്മുടെ ആളല്ലേ. ഇനി അവനെ തന്നെ ഇരയാക്കിയാലും അത് ലീഡ് ന്യൂസാക്കാന്‍ മാത്രം കുട്ട്യേമ്പി ആരാ? ആടും പോത്തുമൊന്നുമല്ലല്ലോ. വെറും ദലിതന്‍.'
അയാള്‍ക്കു ദേശ്യം വന്നു. 'അപ്പോള്‍ എന്തു ചെയ്യും നേതാവേ?'ഇതു കേട്ടപ്പോള്‍ അയാള്‍ ചോദിച്ചു.
വേറെ എന്തെങ്കിലും നിര്‍ദേശം വയ്ക്കാനുണ്ടോ?
അപ്പോള്‍ അണികളിലാരോ വിളിച്ചുപറഞ്ഞു. 'നമുക്ക് ആ പഴയ വായനശാല തകര്‍ക്കാം.
ഏത് പുഴയോരത്തുള്ള..? അതുവേണ്ട. നമ്മളെപ്പോലെയുള്ള എത്രപേരെ ചിന്തിപ്പിക്കാന്‍ പഠിപ്പിച്ചതാ.' വേറെയാരോ വ്യസനത്തോടെ പറഞ്ഞു. ഉടനെതന്നെ അയാള്‍ ഇടപെട്ടു.
അതു തന്നെയാണ് പ്രശ്‌നം. എല്ലാവരും ഏറെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അറിവാണ് പ്രശ്‌നം. അധികമായാല്‍ അറിവും വിഷം എന്നായിരിക്കുന്നു. അതിനു തടയിടേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഇവിടെ ആര്‍ക്കും നിലനില്‍പ്പില്ല!
'അതുകൊണ്ട്? ശക്തിയുക്തം അയാള്‍ പറഞ്ഞു. 'നമുക്കു ആ പഴയ ഗ്രന്ഥാലയം നശിപ്പിക്കേണ്ടിയിരിക്കുന്നു.
തീര്‍ച്ചയായും... എന്നാലും നമ്മുടെ മതത്തെയും മറ്റും പ്രതിപാദിക്കുന്ന സമാനതകളില്ലാത്ത അമൂല്യഗ്രന്ഥങ്ങളും ഇതോടൊപ്പം നശിച്ചുപോകില്ലേ?
ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിനു വളമാവുകയല്ലേ പതിവ്. ചിലതൊക്കെ നശിച്ചുപോകണം. അവിടെയാണ് നമ്മുടെ വിജയം. എന്നിട്ട് ഇതു നമ്മള്‍ മറ്റേ സമുദായക്കാരുടെ പേരില്‍ കെട്ടിവയ്ക്കണം. ചാനല്‍ചര്‍ച്ചകളിലൂടെ ഒരു ജനസഹസ്രമുന്നേറ്റം ഇവിടെ സാധ്യമാക്കണം. ദേശീയതയെ നെഞ്ചേറ്റുന്ന ഒരു ജനത ഇവിടെയുണ്ടല്ലോ. മനസിലാകുന്നുണ്ടോ?'
എല്ലാവരും തലയാട്ടി. കൈയടിക്കുന്നതിന്റെ മുന്‍പേ പെട്രോള്‍ നിറച്ച കന്നാസുകള്‍ ചുമലിലേന്തി പുഴയോരത്തെ ലക്ഷ്യമാക്കി യാത്ര തിരിച്ചിരുന്നു അവരിലെ ചില ദേശസ്‌നേഹികള്‍.!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."