അലെപ്പോ ആശുപത്രിയില്‍ ബാരല്‍ബോംബ് ആക്രമണം
ദമസ്കസ്: സിറിയയിലെ അലെപ്പോയില്‍ ആശുപത്രിയില്‍ ബാരല്‍ ബോംബ് ആക്രമണം. അലെപ്പോയിലെ ഏറ്റവും വലിയ ആശുപത്രിയില്‍ ഇതു രണ്ടാം തവണയാണ് ആക്രമണം നടക്കുന്നത്. കിഴക്കന്‍ സിറിയയിലെ അലെപ്പോയില്‍ റഷ്യന്‍ സൈന്യം കഴിഞ്ഞ ദിവസം സേനാനീക്കം ശക്തിപ്പെടുത്തിയിരുന്നു. ആശുപത്രിയിലെ ബാരല്‍ ബോംബ് ആക്രമണം സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റിയാണ് പുറത്തുവിട്ടത്.
ബുധനാഴ്ചയും ഈ ആശുപത്രിക്ക് നേരെ ആക്രമണം നടന്നിരുന്നു. ചരിത്രപ്രാധാന്യമുള്ള അലെപ്പോ നഗരം വിമതരുടെ പിടിയിലാണ്. റഷ്യന്‍ സൈന്യം പിന്തുണയ്ക്കുന്ന സിറിയന്‍ സൈന്യമാണ് സാധാരണക്കാരെ ലക്ഷ്യംവച്ച് ആക്രമണം നടത്തുന്നത്.
അലെപ്പോയുടെ അതിര്‍ത്തി പ്രദേശങ്ങളിലും ആക്രമണം പതിവായിട്ടുണ്ട്. സിറിയയിലെ വെടിനിര്‍ത്തല്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് റഷ്യ ആക്രമണം രൂക്ഷമാക്കിയത്. പതിനായിരത്തോളം സാധാരണക്കാരാണ് റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പലതവണകളിലായി റഷ്യന്‍ സൈന്യം രാസായുധങ്ങളും പ്രയോഗിച്ചു. 2012 ല്‍ അലെപ്പോ നഗരം വിഭജിക്കപ്പെടുകയും ഇരു വിഭാഗത്തിന്റെ നിയന്ത്രണത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.
400 പേരാണ് ഈ ആഴ്ച റഷ്യ- സിറിയന്‍ സൈന്യത്തിന്റെ ആക്രമണങ്ങളില്‍ അലെപ്പോയില്‍ കൊല്ലപ്പെട്ടതെന്നാണ് യു.എന്‍ കണക്ക്.
ഇതിലേറെയും കുട്ടികളാണ്. ബാരല്‍ ബോംബ് ആക്രമണത്തില്‍ ആശുപത്രി തകര്‍ന്നതായും 10 പേര്‍ക്കു പരുക്കേറ്റതായും ആശുപത്രി മാനേജര്‍ ഡോ. അബു രജന്‍ പറഞ്ഞു. ഐ.സി.യു യൂനിറ്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.
രോഗികളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിപാര്‍പ്പിച്ചു. സിറിയയിലെ ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സ് യു.എന്‍ രക്ഷാസമിതിയെ സമീപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."