മൊബൈല്‍ കണക്ഷന് ബയോമെട്രിക്‌സ് വിവരശേഖരണം; സ്വകാര്യതയിലുള്ള കടന്നുകയറ്റമെന്ന്
കോട്ടയം: ആധാര്‍ എടുക്കുമ്പോള്‍ നല്‍കിയ ബയോമെട്രിക് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്വകാര്യ മൊബൈല്‍ കമ്പനിക്ക് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ.ജോസ് ആവശ്യപ്പെട്ടു.
മൊബൈല്‍ കണക്ഷന്‍ എടുക്കാന്‍ ഉപയോക്താവിന്റെ ഫോട്ടോയും തിരിച്ചറിയല്‍ രേഖയും മാത്രമാണ് ആവശ്യമെന്നിരിക്കെ ബയോമെട്രിക് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മൊബൈല്‍ കമ്പനി ശേഖരിക്കുന്നത് എന്തിനാണെന്ന് അധികൃതര്‍ വ്യക്തമാക്കണം.
ഇപ്പോള്‍ റിലയന്‍സ് ജിയോ ആണ് അത്തരത്തിലുള്ള വിവരശേഖരണം നടത്തുന്നത്. ജിയോ കണക്ഷന്‍ ലഭിക്കുന്നതിന് ആധാര്‍ നമ്പരുമായി ചെന്നാല്‍ മതി.
ആധാര്‍ നമ്പര്‍ നല്‍കി പ്രത്യേക ഡിവൈസില്‍ ഏതെങ്കിലും വിരലടയാളം പതിക്കുകയോ കണ്ണിലെ കൃഷ്ണമണി സ്‌കാന്‍ ചെയ്യുകയോ ചെയ്താല്‍ ആധാര്‍ എടുക്കാന്‍ നല്‍കിയ പൂര്‍ണവിവരങ്ങള്‍ പ്രത്യേക ഫോമിലായി ജനറേറ്റ് ചെയ്തുവരും. ഇപ്പോള്‍ ജിയോ കണക്ഷന്‍ എടുക്കുന്ന വ്യക്തികളുടെ ബയോമെട്രിക് അടക്കമുള്ള മുഴുവന്‍ വിവരങ്ങളും അപ്പാടെ റിലയന്‍സ് ശേഖരിച്ചു വരികയാണ്. മറ്റു മൊബൈല്‍ കമ്പനികളും ഈ രീതിയില്‍ രംഗത്തുവരുവാനുള്ള നീക്കമുണ്ട്.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വ്യക്തികള്‍ നല്‍കിയ വിവരങ്ങള്‍ സ്വകാര്യ ടെലികോം കമ്പനി കൈവശപ്പെടുത്തിയത് വന്‍വീഴ്ചയാണ്.
ഇത്തരത്തിലുള്ള വിവരശേഖരണം പൗരാവകാശത്തിലും സ്വകാര്യതയിലുമുള്ള കടന്നുകയറ്റമാണ്. വ്യക്തികളുടെ പരിപൂര്‍ണമായ അറിവും സമ്മതവുമില്ലാതെ ബയോമെട്രിക്‌സ് അടക്കമുള്ള വിവരങ്ങള്‍ കൈവശപ്പെടുത്തിയത് ആശങ്കാജനകമാണ്.
ഈ നടപടി ഭാവിയില്‍ വ്യക്തികളെ ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മൊബൈല്‍ കണക്ഷന്‍ ആവശ്യമില്ലാത്ത വിവരങ്ങള്‍ കൈവശപ്പെടുത്തിയത് ദുരുപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട്.
ബയോമെട്രിക്‌സ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ടെലികോം കമ്പനിക്ക് നല്‍കിയത് മുന്‍കാല പ്രാബല്യത്തില്‍ റദ്ദാക്കണം. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും എബി ജെ.ജോസ് ആവശ്യപ്പെട്ടു.
വ്യക്തികള്‍ നല്‍കിയ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും ഇതിനു വീഴ്ച വരുത്തിയതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."