ഗാന്ധിജയന്തി നമ്മെ ഓര്‍മിപ്പിക്കേണ്ടതെന്ത്?
ജീവിതത്തിലെപ്പോഴെങ്കിലും മഹാത്മജി തന്റെ ജന്മദിനം ആഘോഷിച്ചിരുന്നതായി കേട്ടിട്ടില്ല. അക്കാലങ്ങളില്‍ മറ്റാരെങ്കിലും അതൊരു ആഘോഷമാക്കിയതായും അറിയില്ല.
എന്നാല്‍, ഗാന്ധി ഈ ലോകത്തോടു വിടപറഞ്ഞതിനു തൊട്ടുപിറകെ അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് നമുക്ക് ആഘോഷദിനമാണ്. എങ്ങനെയുള്ള ആഘോഷദിനം. ചിലര്‍ക്ക് ഒഴിവാക്കാനാവാത്ത ചടങ്ങ്. വേറേചിലര്‍ക്ക് വെറുമൊരു ഒഴിവുദിനം. ഗാന്ധിജയന്തി ഞായറാഴ്ചയിലായാല്‍ വേവലാതിപ്പെടുംവിധം മനസുമാറിയവരായിപ്പോയിരിക്കുന്നു നമ്മള്‍.
ഗാന്ധിജി ഇന്നും നമ്മുടെ 'വാക്കുകളില്‍' മഹാത്മാവാണ്. രാഷ്ട്രപിതാവാണ്. അദ്ദേഹത്തെ സ്മരിക്കാതെ കടന്നുപോകുന്ന ദിനങ്ങള്‍ തീര്‍ത്തും വിരളവുമാണ്. എങ്കിലും നമുക്ക് ആത്മാര്‍ഥമായി പറയാന്‍ കഴിയുമോ മഹാത്മജിയോടു നീതിപുലര്‍ത്താന്‍ കഴിഞ്ഞുവെന്ന്.
നീതിപുലര്‍ത്തല്‍ രണ്ടാമത്തെ കാര്യം. നന്ദികേടുകാണിക്കാതിരിക്കലാണല്ലോ പരമപ്രധാനം. ഗാന്ധിജിയോടു നന്ദികേട് കാണിച്ചില്ലെന്ന് ആത്മാര്‍ഥമായി പറയാന്‍ കഴിയുന്നവര്‍ക്കല്ലേ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാനോ ആചരിക്കാനോയുള്ള മിനിമം യോഗ്യതയുണ്ടാവുക. അങ്ങനെയെത്ര പേരുണ്ട് ഈ നാട്ടില്‍.
വിന്‍സ്റ്റന്‍ ചര്‍ച്ചിലിനെപ്പോലുള്ള ബ്രിട്ടീഷ് ഭരണാധികാരികളുള്‍പ്പെടെയുള്ള പല വെള്ളക്കാരും അക്കാലത്തു കഠിനമായി വെറുത്തിരുന്നയാളായിരുന്നു ഗാന്ധിജി. എങ്കിലും അവര്‍ക്കു ഗാന്ധിജിയുടെ ജനസ്വാധീനത്തെക്കുറിച്ചും ആജ്ഞാശക്തിയെക്കുറിച്ചും വ്യക്തമായി അറിയാമായിരുന്നു. ഗാന്ധി എവിടെയാണോ അവിടെയാണ് ഇന്ത്യയെന്നു പ്രചരിപ്പിക്കാന്‍ അവര്‍ തയാറല്ലായിരുന്നെങ്കിലും അതു യാഥാര്‍ഥ്യമാണെന്നു സമ്മതിക്കാന്‍ അവര്‍ക്കു വിരോധമുണ്ടായിരുന്നില്ല.
വര്‍ഗീയമായ രാജ്യവിഭജനത്തിന്റെ പശ്ചാത്തലത്തില്‍ സ്വാഭാവികമായി ഉടലെടുത്ത വര്‍ഗീയകലാപം തടയാന്‍ ഗാന്ധി സ്വമേധയാ ബംഗാളിലേയ്ക്കു പോയി. അവിടത്തെ ഗ്രാമങ്ങളില്‍ പരസ്പരം കൊന്നൊടുക്കുന്നവര്‍ക്കിടയില്‍ച്ചെന്നു സമാധാനസന്ദേശത്തിലൂടെയും അറ്റകൈയായി താന്‍ ഉപയോഗിക്കുന്ന ആയുധമായ ഉപവാസസമരത്തിലൂടെയും പരിഹാരമുണ്ടാക്കി. ആദ്യസ്വാതന്ത്ര്യദിനത്തില്‍ കല്‍ക്കത്തയില്‍ ഹിന്ദുക്കളും മുസ്്‌ലിംകളും തോളോടുതോള്‍ചേര്‍ന്നു സ്വാതന്ത്ര്യമാഘോഷിക്കുകയായിരുന്നുവെന്നു ചരിത്രം നമ്മെ പഠിപ്പിച്ചതാണ്.
അതേസമയം, പഞ്ചാബ് പ്രവിശ്യയില്‍ കലാപം അടിച്ചമര്‍ത്താന്‍ രൂപീകരിക്കപ്പെട്ട പഞ്ചാബ് അതിര്‍ത്തിസേന ചോരപ്പുഴയുടെ കുത്തൊഴുക്കില്‍ നിസഹായരായി നില്‍ക്കുകയായിരുന്നു. 'പട്ടാളത്തിനു കഴിയാത്തത് ഒരു മനുഷ്യന്‍ അനായാസം സാധിച്ചെടുത്തു'വെന്ന് വൈസ്രോയിയായ മൗണ്ട് ബാറ്റന്‍ അന്നു വിസ്മയപൂര്‍വം പറഞ്ഞ വാക്കുകളും നാം മറന്നിട്ടില്ല.
സ്വതന്ത്ര ഇന്ത്യയില്‍ സംഭവിച്ചതോ. 1947 ആഗസ്റ്റ് 14 നും 15 നുമിടയിലായി നടന്ന അധികാരകൈമാറ്റത്തിനിടയില്‍ സാക്ഷിയായെങ്കിലും ഗാന്ധിജി വേണമെന്നു ശഠിക്കാനോ 'മഹാത്മജിയെത്തിയില്ലെങ്കില്‍ ഞങ്ങള്‍ അധികാരമേറ്റെടുക്കില്ലെന്നു' വാശിപിടിക്കാനോ ആരും തയാറായില്ല. ഗാന്ധിജി ആ വേദിയിലുണ്ടാവുകയും ഇന്ത്യയുടെ ഭരണമെങ്ങനെയായിരിക്കണമെന്ന തന്റെ ആശയം നടപ്പാക്കണമെന്നു ശഠിക്കുകയും ചെയ്തിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്ന് ആലോചിച്ചുനോക്കൂ.
വെളുത്തനിറക്കാരുടെ ഭരണം അവസാനിച്ച് ഇരുണ്ടനിറക്കാരുടെ ഭരണം സ്ഥാപിക്കപ്പെടലായിരുന്നില്ലല്ലോ ഗാന്ധിജിയുടെ സ്വാതന്ത്ര്യസമരത്തിന്റെ ലക്ഷ്യം. 1915ല്‍ ദക്ഷിണാഫ്രിക്കയില്‍നിന്നു ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തുമ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ എഴുതിത്തയാറാക്കി തുന്നിക്കൂട്ടിയ ഒരു ഗ്രന്ഥമുണ്ടായിരുന്നു. 'ഹിന്ദ് സ്വരാജ്' എന്ന പേരിലുള്ള ആ ഗ്രന്ഥത്തിന്റെ ഉള്ളടക്കം ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്നു മോചിതമാകുന്ന ഇന്ത്യയുടെ ഭരണം എങ്ങനെയായിരിക്കണമെന്നതായിരുന്നു. ആ ലക്ഷ്യം നേടിയെടുക്കാന്‍ വേണ്ടിമാത്രമാണ് അദ്ദേഹം സ്വാതന്ത്ര്യസമരരംഗത്തിറങ്ങിയത്.
ഗാന്ധിയുടെ സങ്കല്‍പ്പത്തില്‍ ഗ്രാമസ്വരാജ് എന്നാല്‍ ഗ്രാമങ്ങള്‍ സ്വയംറിപ്പബ്ലിക് ആവുന്ന അവസ്ഥയാണ്. ഭക്ഷണം, പാര്‍പ്പിടം, മാലിന്യനിര്‍മാര്‍ജനം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ഭരണം, സുരക്ഷ, പ്രതിരോധം തുടങ്ങിയ മേഖലകളിലെല്ലാം ഓരോ ഗ്രാമവും സ്വയംപര്യാപ്തമാകുക, അതേസമയം ആശ്രയിക്കേണ്ട മേഖലയില്‍ അയല്‍ഗ്രാമങ്ങളുമായി സഹകരണത്തില്‍ ഏര്‍പ്പെടുക അതാണു ഗ്രാമസ്വരാജ്. മണ്ണിലും പണിശാലകളിലും പണിയെടുക്കുന്നവര്‍ക്കു സമ്പൂര്‍ണമായ സാമ്പത്തികസ്വാതന്ത്ര്യം അനുവദിക്കലാണത്. അവിടെ ബ്രിട്ടീഷ് മാതൃകയിലുള്ള കേന്ദ്രീകൃതഭരണകൂടം അപ്രസക്തമായിരുന്നു.
മൂന്നുപതിറ്റാണ്ടിലേറെക്കാലം പ്രക്ഷോഭം നയിച്ച് മഹാത്മജി നേടിത്തന്ന സ്വാതന്ത്ര്യം കരഗതമായപ്പോള്‍ അദ്ദേഹത്തിന്റെ സ്വപ്നമായ ഗ്രാമസ്വരാജ് പ്രാവര്‍ത്തികമാക്കാന്‍ നമ്മള്‍ തയാറായോ. ഇന്നും നമ്മുടെ ഗ്രാമങ്ങള്‍ പട്ടിണിയുടെ വറുതിയിലാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ പട്ടിണിക്കാരുള്ള രാജ്യങ്ങളിലൊന്നാണു നമ്മുടേത്. അതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം തേടി ഏറെയൊന്നും അലയേണ്ടതില്ലല്ലോ.
ഇന്ത്യ സ്വാതന്ത്ര്യപ്പുലരിയിലേയ്ക്ക് ഉണര്‍ന്നെണീക്കുന്ന ദിവസം കല്‍ക്കത്തയില്‍ (ഇന്ത്യയില്‍ മൊത്തമല്ല) എങ്ങനെ ആഘോഷിക്കണമെന്നു ചോദിച്ചു ബംഗാള്‍ മുഖ്യമന്ത്രി 1947 ആഗസ്റ്റ് 14 ന് ഗാന്ധിയെ ചെന്നുകണ്ടിരുന്നു. അതിനു ഗാന്ധിജി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ''ജനങ്ങള്‍ പട്ടിണികൊണ്ടു മരിക്കുകയാണ്. അങ്ങേയറ്റത്തെ ഭീകരാവസ്ഥയിലൂടെ രാജ്യം കടന്നുപോകുമ്പോഴാണോ ആഘോഷം നടത്തുന്നത്.''
ആ ചോദ്യം ഒര്‍ഥത്തില്‍ ഇന്നും പ്രസക്തമല്ലേ.
ഇന്ത്യന്‍ ഗ്രാമങ്ങള്‍ പട്ടിണിയില്‍ നരകിക്കുകയും ജനങ്ങള്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ പരസ്പരം കടിച്ചുകീറുകയും ഗാന്ധിജി ആഹ്വാനം ചെയ്ത എല്ലാ സദ്‌സന്ദേശങ്ങളും ജലരേഖകളായി മാറുകയും ചെയ്ത ഇക്കാലത്ത് നമുക്ക് ആത്മാര്‍ഥമായി ഗാന്ധിജയന്തി ആഘോഷിക്കാനാകുമോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."