നെല്‍ കര്‍ഷകരെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന്
പാലക്കാട്: ജില്ലയില്‍ ഒന്നാംവിള കൊയ്ത്ത് ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും നെല്ലിന്റെ സംഭരണ വില പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നടപടി നെല്‍കര്‍ഷകരോടുള്ള അവഗണനയാണെന്ന് ദേശീയ കര്‍ഷകസമാജം ജില്ലാ എക്‌സിക്യൂട്ടീവ് യോഗം കുറ്റപ്പെടുത്തി. കര്‍ഷകദിനമായ ചിങ്ങം ഒന്നിന് സംഭരണവില പ്രഖ്യാപിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് സര്‍ക്കാര്‍ പുല്ലുവില പോലും കല്‍പിച്ചില്ല. കൊയ്ത പാടങ്ങളിലെ നെല്ല് കെട്ടിക്കിടക്കുകയാണ്.
ഉണക്കി സൂക്ഷിക്കുന്നതിനുള്ള സൗകര്യം മിക്ക കര്‍ഷകര്‍ക്കും ഇല്ല. ഈ അവസരം മുതലാക്കി സ്വകാര്യമില്ലുകാര്‍ കര്‍ഷകരില്‍ നിന്ന് ചുരുങ്ങിയ വിലയ്ക്ക് നെല്ല് കൈക്കലാക്കാനും തുടങ്ങിയിരിക്കുന്നു. രണ്ടാംവിളയിറക്കുന്നതിനും മറ്റാവശ്യങ്ങള്‍ നിറവേറ്റുന്നതിനും കര്‍ഷകര്‍ക്ക് പണം കൂടിയേ തീരൂ. സംഭരണം സംബന്ധിച്ച പ്രഖ്യാപനം വൈകുന്തോറും കൂടുതല്‍ കര്‍ഷകര്‍ ചുരുങ്ങിയ വിലയ്ക്ക് നെല്ല് വില്‍ക്കുവാന്‍ നിര്‍ബന്ധിതമാകും.
നെല്ലിന്റെ സംഭരണവില വര്‍ദ്ധിപ്പിക്കുമെന്ന് കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പറയുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തലത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഇതുവരെയും ഉണ്ടായിട്ടില്ല. നെല്‍കര്‍ഷകരെ സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരിന് നെല്‍വയലുകള്‍ സംരക്ഷിക്കുമെന്ന് പറയുവാന്‍ എന്ത് ധാര്‍മ്മികാധികാരമാണുള്ളത്. ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന വില ഒരു കിലോഗ്രാമിന് 21.50ക.യാണ്. ഈ വില തികച്ചും അപര്യാപ്തമാണ്.
ഇന്നത്തെ സാഹചര്യത്തില്‍ ഒരു കിലോ നെല്ലുല്‍പാദിപ്പിക്കുന്നതിന് ഏകദേശം 30രൂപ ചിലവ് വരും. ഈ വില കര്‍ഷകര്‍ക്ക് നല്‍കി സംഭരണം കാര്യക്ഷമമാക്കണമെന്ന് യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
കൂടാതെ കര്‍ഷകരില്‍നിന്ന് കയറ്റുകൂലി ഈടാക്കുന്നത് സംബന്ധിച്ച പ്രശ്‌നത്തിനും പരിഹാരം കാണേണ്ടിയിരിക്കുന്നു. നെല്ല് ചാക്കിലാക്കി കൊടുക്കുന്നതല്ലാതെ ലോറിയില്‍ കയറ്റി കൊടുക്കേണ്ട ബാധ്യത കര്‍ഷകര്‍ക്കില്ല. ഇതിന്റെ പേരില്‍ കര്‍ഷകര്‍ ചൂഷണത്തിന് വിധേയരാകുന്നു. സര്‍ക്കാര്‍ ഇടപെട്ട് ഈ കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്നും നെല്ലിന്റെ സംഭരണവില ഉടന്‍ പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ കെ.എ പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. മുതലാംതോട് മണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി വിജയരാഘവന്‍, കെ.എ രാമകൃഷ്ണന്‍, കെ.എ വിജയരാഘവന്‍, സി.കെ. രാമദാസ്, പി.സി ശിവനാരായണന്‍, ദേവന്‍ ചെറാപ്പൊറ്റ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."