പുഞ്ചപ്പാടത്ത് മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം കൃഷി ഇറക്കുന്നു
ചാലക്കുടി: മേലൂരിലെ തരിശായി കിടന്ന പുഞ്ചപ്പാടത്ത് മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും കൃഷി ഇറക്കുന്നു.
തരിശായി കാടുപിടിച്ചു കിടന്ന നാല്‍പ്പത് ഏക്കര്‍ പാടത്താണ് കര്‍ഷക കൂട്ടായ്മ നെല്‍കൃഷിയിറക്കുന്നത്. ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ സമൃദ്ധി എന്ന പേരില്‍ രൂപീകരിച്ച കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ ഞാറു നടീലിന് തുടക്കം കുറിച്ചു. മുപ്പതോളം കര്‍ഷകര്‍ ഈ കൂട്ടായ്മയില്‍ പങ്കാളികളാണ്.
ബ്ലോക്ക് പഞ്ചായത്തിന്റെ മുരിങ്ങൂര്‍ ഡിവിഷനില്‍ പെടുന്ന പാടശേഖരത്തില്‍ വീണ്ടും നെല്‍കൃഷിക്ക് കളമൊരുക്കുന്നതില്‍ മുന്‍ നിരക്കാരന് ഇവിടുത്തെ ജനപ്രതിനിധി വി.ഡി തോമസാണ്. കര്‍ഷകര്‍ പതിനായിരം രൂപ വീതം സ്വരൂപിച്ചാണ് കാടുംപടലും പിടിച്ചു കിടന്ന പാടം ശുദ്ധീകരിച്ചത്.
ഇവിടേക്ക് വെള്ളമെത്തുന്ന കരിങ്ങാമ്പിള്ളിച്ചിറയും വൃത്തിയാക്കി. ഇവിടെ രണ്ടുചിറകള് കെട്ടുന്നതിന് ജില്ലാ പഞ്ചായത്തില്‍ നിന്ന് ധനസഹായം ലഭ്യമാക്കുന്നതിനും നടപടികളായി. ഇതുമൂലം വലിയൊരു പ്രദേശത്തെ കുടിവെള്ള പ്രശ്നവും പരിഹരിക്കപ്പെടും.
തൊഴിലുറപ്പ് തൊഴിലാളികളെ പാടത്തിറക്കി ഗ്രാമ പഞ്ചായത്തും സഹായഹസ്തമേകിയതോടെ പദ്ധതിയിലെ ജനപങ്കാളിത്തം വര്‍ദ്ധിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."