ഏറനാട്ടില്‍ സമ്പൂര്‍ണ വൈദ്യുതീകരണം: യോഗം ചേര്‍ന്നു
അരീക്കോട്: ഏറനാട് മണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് പി.കെ ബഷീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും പഞ്ചായത്ത് അധ്യക്ഷന്‍മാരുടേയും അവലോകന യോഗം ചേര്‍ന്നു. മണ്ഡലത്തില്‍ 813 കുടുംബങ്ങള്‍ക്കു കൂടി വൈദ്യുതി ലഭ്യമാക്കാനുണ്ടെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇതിന് ഒരുകോടി 40 ലക്ഷം രൂപ ചെലവ് വരും. ജനറല്‍ കാറ്റഗറിയില്‍പെട്ടവര്‍ക്ക് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള 65 ലക്ഷം രൂപ തദ്ദേശഭരണ സ്ഥാപനങ്ങളും, എം.എല്‍.എയും, എം.പിയും തങ്ങളുടെ ഫണ്ടില്‍ നിന്ന് ലഭ്യമാക്കണമെന്ന് എം.എല്‍.എ യോഗത്തെ അറിയിച്ചു. എസ്.സി, എസ്.ടി വിഭാഗത്തില്‍ പെട്ടവര്‍ക്ക് അതത് വകുപ്പുകളും, ബി.പി.എല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് കേന്ദ്ര സര്‍ക്കാരും വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ചെലവ് വഹിക്കും.
പഞ്ചായത്തുകളുടെ ഫണ്ട് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി അധികൃതരെ പതിനഞ്ചിനകം അറിയിക്കാന്‍ എം.എല്‍.എ യോഗത്തില്‍ നിര്‍ദേശിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി പൂര്‍ത്തീകരിച്ചതിനാല്‍ ഇത് സംബന്ധിച്ച ഭേദഗതി വരുത്തുന്നതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരിനോട് ആരായുമെന്ന് എം.എല്‍.എ പറഞ്ഞു.
കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് സാലിഹ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."