ഗുരുസന്ദേശത്തെ തെറ്റായി വ്യാഖ്യാനിക്കാനുള്ള നീക്കം ചെറുക്കും: മന്ത്രി എ.കെ ബാലന്‍
കൊച്ചി: ഗുരുസന്ദേശത്തെ തെറ്റായി വ്യാഖ്യാനിച്ച് ചരിത്രത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ ചെറുത്തു തോല്‍പ്പിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. ശ്രീനാരായണഗുരുവിന്റെ ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ്, സാംസ്‌കാരിക, വിദ്യാഭ്യാസ വകുപ്പുകളും ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനം ആലുവ അദ്വൈതാശ്രമത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുസന്ദേശം കേരളത്തിന്റെ മുക്കിലും മൂലയിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ചില തീരുമാനങ്ങളെടുത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഗുരുസന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് ഇത്ര വലിയ സംരംഭം ഇതിന് മുമ്പുണ്ടായിട്ടില്ല. ഭാരതം ശ്രീബുദ്ധനെ ലോകത്തിന് നല്‍കിയത് പോലെയാണ് കേരളം ഗുരുവിനെ നല്‍കിയത്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന വിശ്വമാനവിക സന്ദേശം ലോകത്ത് എല്ലായിടത്തും എത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
അദ്വൈതാശ്രമം ഗുരുവിന്റെ വിശ്വമാനവിക സന്ദേശം ജനങ്ങളിലെത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച സ്ഥലങ്ങളിലൊന്നാണ്. 1924ല്‍ എല്ലാ മതങ്ങളുടെയും സമ്മേളനം അദ്ദേഹം ഇവിടെ വിളിച്ചു ചേര്‍ത്തു. ഗാന്ധിജി മൂന്നാം തവണയും ഗുരുവിനെ കാണാന്‍ ഇവിടെ വന്നെത്തി. തന്നെ ജാതിയുടെ വേലിയില്‍ കെട്ടിയിടാനുള്ള പ്രമാണിമാരുടെ ശ്രമമാണ് ഗുരു തകര്‍ത്തത്. മനുഷ്യകുലത്തിന്റെ ഏകതയായിരുന്നു ഗുരുവിന്റെ സ്വപ്നം. ഗുരു ആട്ടിയകറ്റിയ ജാതിപ്പിശാചുക്കള്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ യശസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന സന്ദേശത്തെ തെറ്റായി വ്യാഖ്യാനിക്കാന്‍ ശ്രമം നടക്കുന്നു.
എസ്.എന്‍.ഡി.പി യഥാര്‍ത്ഥത്തില്‍ നാനാജാതി മതസ്ഥരുടെ സംഘടനയാണ്. മന്നത്ത് പത്മനാഭന്‍ പോലും യോഗത്തില്‍ അംഗമായിരുന്നു. ജാത്യാഭിമാനം കൂടുന്നുവെന്ന് പറഞ്ഞാണ് ഗുരു പിന്നീട് എസ്.എന്‍.ഡി.പിയെ കൈവിട്ടത്. മനസാണ് ഗുരു എന്ന ബ്രഹ്മാനന്ദഗുരുവിന്റെ സങ്കല്‍പ്പം അദ്ദേഹം കണ്ണാടി പ്രതിഷ്ഠയിലൂടെ യാഥാര്‍ത്ഥ്യമാക്കി. മാനവികതയില്‍ അധിഷ്ഠിതമായ ഗുരുസന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സാംസ്‌കാരികകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വളരെ വൈവിധ്യമാര്‍ന്ന കേന്ദ്രങ്ങളായിരിക്കും ഇവയെന്ന് മന്ത്രി പറഞ്ഞു.
യോഗത്തില്‍ കൊച്ചി സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ.കെ.വി കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷനായി. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, പി.ആര്‍.ഡി ഡപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍ റോയ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി.ആര്‍ രഘു, സെക്രട്ടറി എം.ആര്‍ സുരേന്ദ്രന്‍, എസ് രമേശന്‍, വി.കെ ഷാജി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് എസ്.എന്‍.ഡി.പി സ്‌കൂളില്‍ നടന്ന സാംസ്‌കാരിക സംഗമത്തില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."