എടച്ചേരിയില്‍ റോഡ് തകര്‍ന്നു; യാത്ര ദുരിതമയം
എടച്ചേരി: വടകര-തൊട്ടില്‍പ്പാലം റൂട്ടില്‍ എടച്ചേരി പുതിയങ്ങാടി ടൗണില്‍ വിവിധ ഭാഗങ്ങളിലായി റോഡ് പൊട്ടിപ്പൊളിഞ്ഞതിനാല്‍ ഗതാഗതം ദുരിതമായി. പുതിയങ്ങാടി ടൗണ്‍ പള്ളി പരിസരത്തും ബസ് സ്റ്റോപ്പിനു സമീപവും ടാര്‍ ഇളകി കുഴികള്‍ രൂപപ്പെട്ടിട്ട് മാസങ്ങളായിട്ടും പി.ഡബ്ല്യു.ഡി അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി മാസങ്ങള്‍ക്ക് മുന്‍പ് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. പുതിയങ്ങാടി മുതല്‍ കക്കംവെള്ളി വരെ ഏതാനും ഭാഗം മാറ്റി നിര്‍ത്തിയാല്‍ റോഡ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. തലായി, പോപ്പി മുക്ക്, മുബാറക് പള്ളി പരിസരം, പുറമേരി വാട്ടര്‍ ടാങ്ക് പരിസരം, പുറമേരി ടൗണ്‍ എന്നിവിടങ്ങളിലും റോഡില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.
ഇരുചക്രവാഹനങ്ങള്‍ കുഴികളില്‍ വീണ് അപകടമുണ്ടാകുന്നത് ഇവിടെ പതിവാണ്. വടകര-തലശ്ശേരി ദേശീയപാതയില്‍ കൈനാട്ടിയില്‍ നിന്ന് വേര്‍പിരിയുന്ന ഈ റോഡ് മുട്ടുങ്ങല്‍-പക്രന്തളം റോഡ് എന്നാണ് അറിയപ്പെടുന്നത്. റോഡിന്റെ സമഗ്ര വികസനത്തിനായി പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ 30 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നതല്ലാതെ മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. ഓര്‍ക്കാട്ടേരി വഴി തൊട്ടില്‍പ്പാലം ഭാഗത്തേക്ക് പോകുന്ന ഈ റൂട്ടില്‍ വള്ളിക്കാട്, വെള്ളികുളങ്ങര, ഓര്‍ക്കാട്ടേരി എന്നിവിടങ്ങളിലും റോഡ് തകര്‍ന്നിട്ടുണ്ട്. നാദാപുരത്ത് നിന്നു കുറ്റ്യാടി വരെയുള്ള ഭാഗം കഴിഞ്ഞ വര്‍ഷം വീതി കൂട്ടി ടാറിട്ട് വികസിപ്പിച്ചിരുന്നു. എന്നാല്‍ നാദാപുരം ആശുപത്രി പരിസരം മുതല്‍ വടകര റൂട്ടില്‍ കൈനാട്ടി വരെയുള്ള ഭാഗങ്ങള്‍ പഴയപടിയില്‍ തുടരുകയാണ്.
ഇടക്കാലത്ത് വള്ളിക്കാട് മുതല്‍ കക്കംവെള്ളി വരെ റോഡില്‍ രൂപപ്പെട്ട കുഴികള്‍ മാത്രം അടച്ച് സൗകര്യപ്പെടുത്തിയിരുന്നു. മാഹിപ്പാലം അറ്റകുറ്റപ്പണിയെ തുടര്‍ന്ന് വടകര തലശ്ശേരി റൂട്ടിലെ വാഹനങ്ങള്‍ ആഴ്ചകളോളം ഇതുവഴി തിരിച്ചുവിട്ടിരുന്നു. ഭാരം കയറ്റിയ ലോറികള്‍ നിരന്തരമായി ഈ റൂട്ടിലോടെ ഓടിയതോടെയാണ് റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുസ്സഹമായത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാദാപുരം എം.എല്‍.എയുടെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നീണ്ടു പോവുകയാണെങ്കില്‍ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തുകള്‍ മുന്‍കൈയെടുത്ത് റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."