പാകിസ്താനെതിരേ സൈബര്‍ യുദ്ധത്തിന് സജ്ജമായി ഇന്ത്യന്‍ ഹാക്കര്‍മാര്‍
ന്യൂഡല്‍ഹി: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യാ പാക് ബന്ധത്തിനിടെ അവശ്യഘട്ടത്തില്‍ മാതൃരാജ്യത്തെ സഹായിക്കാന്‍ തയാറായി ഇന്ത്യന്‍ ഹാക്കര്‍മാര്‍ രംഗത്ത്. വിദഗ്ധരായ ഹാക്കര്‍മാര്‍ പാകിസ്താന്റെ ഔദ്യോഗിക സൈറ്റുകള്‍ ഹാക്കുചെയ്യുന്നതിന് ഗവണ്‍മെന്റിന്റെ അനുമതി കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പത്താന്‍കോട്ട് ആക്രമണത്തിന് ശേഷം പാകിസ്താന്‍ ഗവണ്‍മെന്റിന്റെ സൈറ്റുകള്‍ ഹാക്കുചെയ്യാനുള്ള ശ്രമം ആരംഭിച്ചിരുന്നതായി നാഷണല്‍ സൈബര്‍ സേഫ്റ്റി ആന്റ് സെക്യൂരിറ്റി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എസ് അമര്‍ പ്രസാദ് റെഡ്ഡി പറഞ്ഞു.
എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റില്‍ നിന്നുള്ള അനുമതിയ്ക്കായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആവശ്യം വന്നാല്‍ പാക്കിസ്താന്റെ ഡിജിറ്റല്‍ വസ്തുവകകള്‍ കേടുവരുത്തും. അവരുടെ പ്രതിരോധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക് ശേഖരിക്കാനാകും. പാക്കിസ്താന്‍ സര്‍ക്കാരിന്റെ എല്ലാ വെബ്‌സൈറ്റുകളിലേക്കും ഇതിനകം നുഴഞ്ഞുകയറിയതായി അദ്ദേഹം അവകാശപ്പെട്ടു.പാക്കിസ്താന്റെ നിര്‍ണായക വെബ്‌സൈറ്റുകളെല്ലാം എളുപ്പത്തില്‍ ഹാക്ക് ചെയ്യാനാകുന്നവയാണെന്ന് കണ്ടെത്തിയതായി അദ്ദേഹം വെളിപ്പെടുത്തി. ഇരുരാജ്യങ്ങളിലേയും ഔദ്യോഗിക വെബ്‌സൈറ്റുകള്‍ പല തവണ ഹാക്കുചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം പാകിസ്താനിലെ സൈറ്റുകള്‍ ഹാക്കുചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുമോ എന്ന കാര്യം വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."