പൊലിസ് ആക്ട് പരിഷ്‌കരണം; ആഭ്യന്തരവകുപ്പ് കൂടിയാലോചന തുടങ്ങി
കൊല്ലം: പൊലിസില്‍ സമൂലമായ മാറ്റങ്ങള്‍ക്കു തുടക്കമിട്ട് പൊലീസ് ആക്ടില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. നിയമ വകുപ്പുമായി ആഭ്യന്തര വകുപ്പ് ഇതുസംബന്ധിച്ച കൂടിയാലോചനകള്‍ തുടങ്ങിയിട്ടുണ്ട്. മൂന്നാംമുറ ഉള്‍പ്പെടെയുള്ള പൊലീസ് മര്‍ദ്ദന രീതി തുടരുന്ന സാഹചര്യത്തില്‍ പൊലീസിനെതിരായ അച്ചടക്ക നടപടികള്‍ക്ക് പുതിയ മാനദണ്ഡം കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പൊലിസ് ആക്ടിലും മാറ്റംവരുത്തുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക താല്‍പര്യമെടുത്താണ് പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഇടതു സര്‍ക്കാരിന്റെ പൊലീസ് നയം കസ്റ്റഡി മര്‍ദ്ദനങ്ങള്‍ക്കും മൂന്നാംമുറക്കും എതിരാണ്. എന്നാല്‍ പല പൊലീസ് സ്റ്റേഷനുകളിലും ക്രൂരമായ മര്‍ദ്ദനമുറകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഇത് തുടരാന്‍ പാടില്ലെന്ന മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം ഉള്‍പ്പെടുന്ന സര്‍ക്കുലര്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്്‌റ എല്ലാ പൊലിസ് മേധാവികള്‍ക്കും അയച്ചിരുന്നു. സര്‍ക്കുലര്‍ ഇറങ്ങിയ ശേഷവും മൂന്നാംമുറ ഉള്‍പ്പെടെയുള്ള മര്‍ദ്ദനമുറകള്‍ നടക്കുന്നുണ്ട്. ഇത് സര്‍ക്കാരിന്റെ പ്രതിഛായയെ ദോഷകരമായി ബാധിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഏജന്‍സി തയ്യാറാക്കിയ പുതിയ സര്‍ക്കാരിനെക്കുറിച്ചുള്ള വിലയിരുത്തല്‍ റിപ്പോര്‍ട്ടിലും പൊലീസ് അതിക്രമങ്ങളോടുള്ള ജനങ്ങളുടെ അതൃപ്തിയെക്കുറിച്ച് ചൂണ്ടിക്കാണിച്ചതായാണു വിവരം. കസ്റ്റഡി മര്‍ദ്ദനങ്ങളെക്കുറിച്ചുള്ള പരാതി പ്രഥമദൃഷ്ട്യാ ശരിയാണെങ്കില്‍ ആരോപണവിധേയരെ സര്‍വീസില്‍ നിന്നു പിരിച്ചുവിടാനാണ് നീക്കം. പൊലീസിന്റെ ആത്മവീര്യം എന്നരീതിയില്‍ കാലങ്ങളായി തുടരുന്ന സമീപനത്തിനും മാറ്റമുണ്ടാകും. ഇത്തരത്തിലുള്ള ഒരു ഉദ്യോഗസ്ഥനെപ്പോലും സര്‍ക്കാര്‍ സംരക്ഷിക്കേണ്ടതില്ലെന്നും തീരുമാനമുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."