വനമേഖല സായുധ പൊലിസ് കാവലില്‍: മാവോയിസ്റ്റുകള്‍ പ്രതിരോധത്തില്‍
കാളികാവ്: വനമേഖലയില്‍ പൊലിസ് നിരീക്ഷണം ശക്തമാക്കിയതോടെ കരുളായി വനമേഖലയില്‍ കാണപ്പെട്ട മാവോയിസ്റ്റുകള്‍ പ്രതിരോധത്തിലായിട്ടുണ്ടെന്നു സൂചന. വെടിവയ്പിനു ശേഷം വനത്തിലേക്ക് ഉള്‍വലിഞ്ഞ മാവോയിസ്റ്റുകള്‍ക്കു പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയായിട്ടുണ്ട്. വെടിവയ്പുണ്ടായ മുണ്ടക്കടവ് കോളനിയോട് ചേര്‍ന്നുള്ള വനമേഖലയില്‍ സായുധ പൊലിസ് കാവല്‍ തുടരുന്നതാണ് മാവോയിസ്റ്റുകളെ പ്രതിരോധത്തിലാക്കിയിട്ടുള്ളത്. തണ്ടര്‍ബോള്‍ട്ടിനു പുറമേ പ്രത്യേക ആയുധ പരിശീലനം നേടിയവരും സംഘത്തിലുണ്ട്. നിലമ്പൂര്‍ വനാതിര്‍ത്തിക്കു പുറമേ അട്ടപ്പാടി അതിര്‍ത്തി മേഖലയിലും പ്രത്യേക നീരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുറത്തേക്കിറങ്ങി ഒരക്രമം നടത്താന്‍ അവസരം നല്കാതിരിക്കാനാണ് പൊലിസിന്റെ നിക്കം. ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹറ നേരിട്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
മുന്‍കാല വിപ്ലവ സംഘടനാ പ്രവര്‍ത്തകരാണ് മാവോയിസ്റ്റുകള്‍ക്കു സഹായമെത്തിക്കുന്നതെന്നാണ് പൊലിസ് നിഗമനം. ഇത്തരം ആളുകളെ പൊലിസ് പ്രത്യേകം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. പ്രതിരോധത്തിലായ മാവോയിസ്റ്റുകള്‍ ഭക്ഷണ സാധനങ്ങള്‍ തേടി എത്താന്‍ സാധ്യതയുള്ള ആദിവാസി കോളനികളും നിരീക്ഷണത്തിലാണ്. നിലമ്പൂര്‍ വനമേഖലയിലെ സായുധ പൊലിസിന്റെ നീക്കങ്ങള്‍ക്ക് തമിഴ്നാട്ടിലെ ക്യൂ ബ്രാഞ്ചിന്റേയും ടാസ്ക് ഫോഴ്സിന്റെയും പിന്തുണയും നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."