സിത്താരയുടെ നീറുന്ന ഒാര്‍മകളില്‍ വിതുമ്പി സഹപാഠികള്‍
മലപ്പുറം: കഴിഞ്ഞ ദിവസം മരണപ്പെട്ട കോട്ടപ്പടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി സിത്താര പര്‍വീനിന്റെ ഓര്‍മയില്‍ വിതുമ്പലടക്കാനാവാതെ സഹപാഠികള്‍. സിത്താരയെ അനുസ്മരിക്കുന്നതിന് വേണ്ടി ഇന്നലെ രാവിലെ സ്കൂളില്‍ പ്രത്യേക അസംബ്ലി ചേര്‍ന്നു. വെള്ളിയാഴ്ച വൈകീട്ട് വരെ തങ്ങളോട് കൂടെയുണ്ടായിരുന്ന കളിക്കൂട്ടുകാരി ഇനി ഒരിക്കലും വരില്ലെന്ന തിരിച്ചറിവ് വിദ്യാര്‍ഥിനികളെ കണ്ണീരിലാഴ്ത്തി.
സിത്താര പഠിച്ചിരുന്ന ഒന്‍പത് ജിയില്‍ കൂടെയിരുന്നിരുന്നവര് പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞതോടെ വിദ്യാര്‍ഥിനികളെ സമാധാനിപ്പിക്കാന്‍ അധ്യാപകരും പാടുപെട്ടു. ഇന്നലെ രാവിലെ സിത്താരക്ക് അനുശോചനമര്പ്പിക്കുന്നതിന് വേണ്ടി മാത്രമാണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്. സ്കൂളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല അധ്യക്ഷയായി. ഡി.ഡി.ഇ പി. സഫറുള്ള, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ശിവദാസന്‍, നഗരസഭാ വൈസ് ചെയര്മാന് പെരുമ്പള്ളി സൈത്, കൗണ്‍സിലര്‍ കെ.ബി വത്സലകുമാരി, പ്രിന്‍സിപ്പല്‍ മനോജ്കുമാര്‍, പ്രധാനാധ്യാപിക ശശിപ്രഭ, പി.ടി.എ പ്രസിഡന്റ് എം.കെ മുഹമ്മദലി, സ്റ്റാഫ് സെക്രട്ടറി ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."