വീണ്ടും സ്‌കൂള്‍ വാഹന ദുരന്തം
വേങ്ങര: മലപ്പുറം കോട്ടപ്പടിയില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ നിയന്ത്രണംവിട്ട ബസിടിച്ചു വിദ്യാര്‍ഥിനി മരിച്ചതിനു പിന്നാലെ ഊരകത്തും സ്‌കൂള്‍ വാഹനം അപകടത്തില്‍പെട്ടു. ഊരകം വെങ്കുളത്തെ പീസ് പബ്ലിക് സ്‌കൂളിന്റെ വാന്‍ ഇന്നലെ നിയന്ത്രണംവിട്ട് കരിങ്കല്‍ ക്വാറിയിലേക്കു പതിച്ചുണ്ടായ അപകടത്തില്‍ പതിനഞ്ച് വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെ ഊരകം നെല്ലിപ്പറമ്പിലായിരുന്നു സംഭവം.
സ്‌കൂളില്‍നിന്നു 21 വിദ്യാര്‍ഥികളുമായി കക്കാട്, വെന്നിയൂര്‍, തെന്നല ഭാഗത്തേക്കു പുറപ്പെട്ട ക്രൂയിസര്‍ വാനാണ് ഉച്ചയ്ക്കു ശേഷം 2.45ഓടെ നെല്ലിപ്പറമ്പില്‍ അപകടത്തില്‍പെട്ടത്. നിയന്ത്രണംവിട്ട വാഹനം 15 അടി താഴ്ചയുള്ള ചെങ്കല്‍ ക്വാറിയിലേക്കു പതിക്കുകയായിരുന്നു.
കുത്തനെയുള്ള ഇറക്കവും കൊടും വളവുമുള്ള നെല്ലിപ്പറമ്പ് ഗവ. എല്‍.പി സ്‌കൂളിനോടു ചേര്‍ന്ന പറമ്പിലേക്കാണ് വാന്‍ ഇടിച്ചുമറിഞ്ഞത്. ഡ്രൈവര്‍ ഊരകം പാലക്കുണ്ടന്‍ മുജീബ് (36), വിദ്യാര്‍ഥികളായ മുഷ്താഖ് അഹമ്മദ് കളത്തിങ്ങല്‍ (7), ഇമാന്‍ (6), ജസ ഫാത്തിമ (7), സന (7), മിന്‍ഹ (6), മിഷാല്‍ (7), നിഹാല്‍ (7), ആഷിഖ് (6), ആഷിയ (7), നാസില്‍ (6), തസ്‌നീം (7), ഷിബില്‍ (7), സന്‍ഹാര്‍ (7), നിദാല്‍ (7), ഇഷാം (7) എന്നിവര്‍ക്കാണു പരുക്കേറ്റത്. വിദ്യാര്‍ഥികളെ ആദ്യം വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടം നടന്നയുടന്‍ സമീപത്തെ സ്‌കൂള്‍ ജീവനക്കാര്‍, വീടു നിര്‍മാണത്തില്‍ ഏര്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. സി.ഐ പ്രേംജിത്ത്, എസ്.ഐ രാജേന്ദ്രന്‍ നായര്‍, ആര്‍.ടി.ഒ കെ.എം ഷാജി, എം.വി.ഐ ഷാജു, മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥരായ അഭിലാഷ്, വി. അനുമോദ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. വാഹനം മറിഞ്ഞ ഉടന്‍ തീപടര്‍ന്നു പുകപടലം ഉയര്‍ന്നത് ആശങ്കയ്ക്കിടയാക്കി. മലപ്പുറത്തുനിന്ന് ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."