നരേന്ദ്ര മോദിയുടെ പരിപാടി മേയറെ ക്ഷണിക്കാത്തതിനെതിരേ കോര്‍പറേഷന്‍ കൗണ്‍സിലില്‍ പ്രതിഷേധം
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട്ട് എത്തിയപ്പോള്‍ മേയറെ ക്ഷണിക്കാതിരുന്നത് നഗരത്തിലെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം.
മേയര്‍ എല്‍.ഡി.എഫിന്റെ മാത്രമല്ല നഗരത്തിന്റെ മുഴുവന്‍ പിതാവാണ്. അദ്ദേഹത്തെ ക്ഷണിക്കാതിരുന്നത് ശരിയായില്ലെന്നും യോഗം വിലയിരുത്തി. പ്രധാനമന്ത്രി നഗരത്തിലെത്തിയിട്ടും മേയര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചില്ലെന്ന ബി.ജെ.പി കൗണ്‍സിലര്‍ സതീഷ്‌കുമാറിന്റെ ശ്രദ്ധക്ഷണിലിന് എതിരേയാണ് കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്.
സംഘാടകരുടെ യതൊരു വിവാദത്തിലുള്ള അറിയിപ്പും ഉണ്ടാകാത്തതു കൊണ്ടാണ് പ്രധാനമന്ത്രിയെ കാണാന്‍ പോകാതിരുന്നതെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കൗണ്‍സില്‍ യോഗത്തെ അറിയിച്ചു. പ്രധാനമന്ത്രി വരുന്ന പരിപാടിക്ക് കോര്‍പറേഷന്‍ എല്ലാ സാഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ട്. സൈന്യത്തിന്റെ കൈവശമുള്ള വിക്രം മൈതാനം ഉള്‍പ്പെടെ കോര്‍പറേഷന്‍ അതീനതയില്‍ അല്ലാത്ത പ്രദേശങ്ങളില്‍ പോലും കാട് വെട്ടിയും മാലിന്യം നീക്കിയും പരിപാടിയുമായി നല്ല രീതിയില്‍ സഹകരിച്ചിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.
ഇതിന് മുന്‍പ് പ്രധാനമന്ത്രി കോഴിക്കോട്ട് വന്നപ്പോള്‍ അന്നു മേയറായിരുന്ന വി.കെ.സി മമ്മദ് കോയയെയും പരിപാടിക്ക് ക്ഷണിച്ചിരുന്നില്ലെന്ന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ പറഞ്ഞു.
മേയറെ ക്ഷണിക്കാതിരുന്നത് ദൗര്‍ഭാഗ്യകരമായി പോയിയെന്നും നഗരത്തിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമായ സംഭവമാണിതെന്നും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ് പറഞ്ഞു.
കെ.എസ്.ഇ.ബിയുടെ കോവൂര്‍ സെക്ഷന്‍ വിഭജിച്ച് കോര്‍പറേഷനിലെ 13 വാര്‍ഡുകള്‍ ചേര്‍ത്ത് പുതിയ സെക്ഷന്‍ അനുവദിക്കണമെന്ന് ഷെറീന വിജയന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രശ്‌നവുമായി ബന്ധപ്പെട്ട് അഡ്വ. വിദ്യാ ബാലകൃഷ്ണന്‍ കൊണ്ടുവന്ന പ്രമേയം എല്‍.ഡി.എഫ്-യു.ഡി.എഫ് അംഗങ്ങള്‍ തമ്മിലുള്ള കടുത്ത വാഗ്വോദങ്ങള്‍ക്ക് കാരണമായി.
ബി.ജെ.പി അംഗങ്ങള്‍ യു.ഡി.എഫിന് അനുകൂലിച്ചെങ്കിലും 25നെതിരേ 43 വോട്ടുകള്‍ക്ക് പ്രമേയം പരാജയപ്പെട്ടു. തെരുവുനായ പ്രശ്‌നം പതിവ് പോലെ തിങ്കളാഴ്ചയും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി. പി. കിഷന്‍ചന്ദ്, സി.പി ശ്രീകല വിവിധ വിഷയങ്ങളില്‍ പ്രമേയം അവതരിപ്പിച്ചു.
എം. ശ്രീജ, വി. റഹിയ, സി. അബ്ദുറഹ്മാന്‍, കെ.സി ശോഭിത, കറ്റടത്ത് ഹാജറ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ശ്രദ്ധക്ഷണിച്ചു. പി.സി രാജന്‍, കെ.കെ റഫീഖ്, അഡ്വ. സി.കെ സീനത്ത്, അഡ്വ. പി.എം സുരേഷ്ബാബു, അഡ്വ. പി.എം നിയാസ്, എം.സി സുധാമണി, കെ.ടി ബീരാന്‍കോയ, അഡ്വ. എം. തോമസ് മാത്യു, പി. ഉഷാദേവി, ഇ. പ്രശാന്ത്കുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
അരീക്കാട് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ 22 അജന്‍ഡകള്‍ മാറ്റിവച്ചു. അതിര്‍ത്തിയില്‍ പാകിസ്താന്‍ ഭീകരുമായി എറ്റുമുട്ടുന്ന സൈനികാര്‍ക്ക് കൗണ്‍സില്‍ യോഗം പിന്തുണ പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."