കുട്ടി ഡ്രൈവര്‍മാര്‍; ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 94 കേസുകള്‍
കല്‍പ്പറ്റ: വാഹന ഉടമകളായ മാതാപിതാക്കള്‍ അറിയാതെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചതിന് നാല് മാസത്തിനിടയില്‍ ജില്ലയില്‍ 94 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ പൊലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിര്‍ദേശപ്രകാരം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് കുട്ടി ഡ്രൈവര്‍മാര്‍ വലയിലായത്. നിയമാനുസൃതമല്ലാതെ വാഹനമോടിക്കുന്നതിനെതിരെയാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.
വാഹന ഉടമകളായ മാതാപിതാക്കളെയും രക്ഷിതാക്കളെയുമാണ് പൊലീസ് പ്രതി ചേര്‍ത്തത്. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും ജില്ലാ പൊലിസ് മേധാവിയുടെ പ്രത്യേക താല്പര്യപ്രകാരം കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളില്‍ ബോധവല്‍ക്കരണ ക്ലാസും നടത്തി. കല്‍പ്പറ്റ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.പി ജേക്കബ്, മീനങ്ങാടി എ.എസ്.ഐ സി.വി ജോര്‍ജ് എന്നിവര്‍ ക്ലാസ്സെടുത്തു. ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുത്ത ഭൂരിഭാഗം രക്ഷിതാക്കള്‍ക്കും കുട്ടികള്‍ ലൈസന്‍സ് ഇല്ലാതെ ചെറുപ്രായത്തില്‍ വാഹനമോടിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് അറിവില്ലാത്തതാണ് കുട്ടികള്‍ക്ക് വാഹനം നല്‍കുന്നതിനും മറ്റും കാരണമായി പറഞ്ഞത്. ക്ലാസില്‍ പങ്കെടുത്ത അമ്മമാര്‍ ഈ രീതിയില്‍ വാഹന പരിശോധന തുടരുന്നതിനും കുട്ടികളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനും പൊലിസിന് വേണ്ട സഹായം നല്‍കാമെന്ന വാഗ്ദാനവും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."