കിസാന്‍ ജനത വൈല്‍ഡ് ലൈഫ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും
വന്യജീവി ശല്യം; വനം വകുപ്പിന്റെ തെറ്റായ നയങ്ങള്‍ കാരണം: കിസാന്‍ ജനത
കല്‍പ്പറ്റ: വനം വകുപ്പിന്റെ തെറ്റായ നയങ്ങളും നടപടികളുമാണ് വന്യജീവി ശല്യത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമെന്ന് കിസാന്‍ ജനത വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വയനാട്ടിലെ ഫോറസ്റ്റ് ഏകവിളത്തോട്ടങ്ങളാക്കുന്നതും ടൂറിസത്തിന്റെ പേരില്‍ നടക്കുന്ന തെറ്റായ സമീപനങ്ങളും വന്യജീവികള്‍ നാട്ടിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നതിന് കാരണമാകുകയാണ്.
കേരളത്തിലെ ഏറ്റവും മഴകുറഞ്ഞ പ്രദേശമായി വയനാട് മാറിയതിനും വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരകളായി നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിന് പിന്നിലും വന്യജീവികള്‍ വരുത്തുന്ന കൃഷിനാശം കാരണം കര്‍ഷകര്‍ ടൗണുകളിലേക്ക് പാലായനം ചെയ്യപ്പെടുന്നതും വനം വകുപ്പ് നടപ്പാക്കുന്ന തെറ്റായ പദ്ധതികള്‍ കാരണമാണ്.
സ്വാഭാവിക വനങ്ങള്‍ വെട്ടിമാറ്റി ഏകവിളകളായ തേക്ക്, യൂക്കാലിപ്റ്റസ് വച്ച് പ്രദേശങ്ങളിലാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൂടുതല്‍ ആളുകള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്. 1990കളില്‍ ലോകബാങ്ക് സഹായം ലഭിക്കുന്നതിനായി പുല്‍മേടുകള്‍ നശിപ്പിച്ച് അക്വേഷ്യ പോലുള്ള മരങ്ങള്‍ വച്ചുപിടിപ്പിച്ച് വനം വകുപ്പിലെ പല ഉന്നതരും കോടീശ്വരന്‍മാരായി. ഇപ്പോള്‍ പേര്യ പ്രദേശത്ത് 220 ഏക്കര്‍ വനം മഹാഗണി തോട്ടമാക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണ്.
ബ്രഹ്മഗിരി മലയിലും മുനീശ്വരന്‍മുടിയിലും നിര്‍മിച്ച ടൂറിസം ക്വാട്ടേജുകളുടേയും റോഡിന്റെയും നിര്‍മാണങ്ങളും വ്യക്തമായ പഠനം നടത്താതെയാണ്. വനത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളില്‍ സ്വകാര്യ റിസോര്‍ട്ടുകള്‍ നിര്‍മിക്കുന്നതിന് വനം വകുപ്പ് അനുമതി കൊടുക്കുന്നതിലൂടെ വന്യജീവികള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത് പതിവായിരിക്കുകയാണ്.
3500 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്ന വയനാട്ടില്‍ ഈ വര്‍ഷം ലഭിച്ചത് 1100 മില്ലീമീറ്റര്‍ മഴ മാത്രമാണ്. ഇത് കുടിവെള്ള ക്ഷാമത്തിനും കൃഷിനാശത്തിനും കാരണമാകും.
വനം വകുപ്പിന്റെ തെറ്റായ നടപടികള്‍ക്കെതിരേ കിസാന്‍ ജനത വയനാട് ജില്ലാ കമ്മിറ്റി കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സുല്‍ത്താന്‍ ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കിസാന്‍ ജനത സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ഒ ദേവസി, ജില്ലാ പ്രസിഡന്റ് വി.പി വര്‍ക്കി, കെ.കെ രവി, പി.സി മാത്യു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."