ഉപയോഗ ശൂന്യമായിക്കിടക്കുന്നത് നിരവധി പൊതുടാപ്പുകള്‍
ചാവക്കാട്: ചാലക്കാട് നഗരത്തിലുള്‍പ്പടെ നഗരസഭാ പരിധിയില്‍ ഉപയോഗ ശൂന്യമായിക്കിടക്കുന്നത് നിരവധി പൊതുടാപ്പുകള്‍ക്ക് പ്രതി വര്‍ഷം 11 ലക്ഷത്തോളം രൂപ അടക്കണമെന്ന ജല അതോറിറ്റിയുടെ നോട്ടിസ് മുറക്ക് വരുന്നുണ്ടെങ്കിലും കേട് വന്ന ടാപ്പുകള്‍ അഴിച്ചുമാറ്റുവാനോ ബാക്കിയുള്ളവയില്‍ ജലമെത്തിക്കാനൊ ജല അതോറിറ്റിഅധികൃതര്‍ തയ്യാറാവുന്നില്ല.
ചാവക്കാട് നഗരസഭാ പരിധിയില്‍ വിവിധയിടങ്ങളിലായി ആകെയുള്ള 352 ടാപ്പുകളുണ്ടെന്നാണ് ജല അതോറിറ്റിയുടെ പഴയ കണക്ക്. ഈ ടാപ്പുകളില്‍ 144 എണ്ണം ഉപയോഗ ശൂന്യമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. 2011 മാര്‍ച്ച് മാസം 22 ന് ജലഅതേറിറ്റിയിലേയും നഗരസഭയിലേയും ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് 144 എണ്ണം ഉപയോഗമില്ലാത്തവയാണെന്ന് കണ്ടെത്തിയത്.
അതിനു ശേഷം എത്ര ടാപ്പുകള്‍ പണിമുടക്കിയെന്നതിനെക്കുറിച്ച് ഒരു കണക്കുമില്ല. ഉപയോഗ ശൂന്യമായ ടാപ്പുകള്‍ അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ അധികൃതര്‍ രണ്ട് തവണ കത്തയച്ചതിനു പോലും മറുപടി നല്‍കാന്‍ വാട്ടര്‍ അതോറിറ്റി ശ്രമിച്ചിട്ടില്ല. 2011 മുതല്‍ ഒരു ടാപ്പിന് ഒരുവര്‍ഷം വരുന്ന വാടകയായി 7600ഓളം രൂപവെച്ച് ജലഅതോറിറ്റിക്ക് നഗരസഭ നല്‍കാനുള്ളത് ഭീമമായ സംഖ്യയാണ്.
ഓരോ സാമ്പത്തിക വര്‍ഷവും സര്‍ക്കാറിന്റെ പ്ലാനിംഗ് ഫണ്ടില്‍ നിന്നാണ് ജല അതോറിറ്റിക്ക് നിശ്ചിതമായി വെള്ളത്തിനുള്ള തുക നല്‍കുന്നത്. ബാക്കിയുള്ളത് നഗരസഭയാണ് അടക്കേണ്ടത്.
നഗരസഭ പരിധിയില്‍ ഉപയോഗ ശൂന്യമായ നിരവധി ടാപ്പുകളുണ്ടെന്ന് ജലഅതോറിറ്റിക്കും അറിയാവുന്നതായിട്ടും വെള്ളക്കരമടക്കാനുള്ള ബില്ല് മുറക്ക് വരാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ 144 ടാപ്പുകളില്‍ ഉള്‍പ്പെടാത്തവയില്‍ പോലും വെള്ളമെത്തുന്നില്ല. നഗരത്തിലെ ടാപ്പുകളില്‍ പലതും ഉപയോഗശൂന്യമാണ്.
ഇവക്കൊക്കെ മാസാമാസം കരമടക്കാനുള്ള ബില്ലും വരുമെങ്കിലും മാസങ്ങളായി വെള്ളം മുടങ്ങിയ ഇവ നേരെയാക്കാനോ അഴിച്ചു മാറ്റുവാനോ അധികൃതര്‍ ശ്രമിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."