വാഹന ഗതാഗതത്തിന് റെയില്‍വേയുടെ നിയന്ത്രണം
നെടുമ്പാശ്ശേരി: ചെങ്ങമനാട് പഞ്ചായത്തിലെ പുറയാര്‍ ചാന്തേരിപ്പാടം റോഡില്‍ തുരങ്കത്തിന് സമീപം ഇരുമ്പ് കുറ്റികള്‍ സ്ഥാപിച്ച് റെയില്‍വെ അധികൃതര്‍ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. റെയില്‍വെയുടെ മുന്നറിയിപ്പ് അവഗണിച്ച് ഭാരവാഹനങ്ങളുടെ സഞ്ചാരം രൂക്ഷമായതോടെയാണ് റെയില്‍വെ നടപടി സ്വീകരിച്ചത്. ഇന്നലെ രാവിലെയാണ് ഭാരവാഹനങ്ങള്‍ സഞ്ചരിക്കാത്ത വിധം റെയില്‍വെ ഉദ്യോസ്ഥരത്തെി 10 അടിയോളം ഉയരമുള്ള ഇരുമ്പ്കുറ്റികള് ഒന്നരമീറ്ററോളം വീതിയില്‍ സ്ഥാപിച്ചത്.
നാട്ടുകാരായ നൂറ് കണക്കിന് യാത്രക്കാര്‍ ഗാന്ധിപുരവുമായി ബന്ധപ്പെടാന്‍ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. കാല്‍നട മാത്രം അനുവദിച്ച് കൊണ്ട് രണ്ട് വര്‍ഷം മുമ്പ് തുരങ്കം അടച്ചുകെട്ടിയെങ്കിലും, നാട്ടുകാരുടെയും, ജനപ്രതിനിധികളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ഭാരവാഹനങ്ങള്‍ക്കുള്ള ഗതാഗതം മാത്രം നിരോധിച്ച് തുറന്ന് കൊടുക്കുകയായിരുന്നു.
അതിന് ശേഷം കുണ്ടും കുഴിയുമായിക്കിടന്ന വീതികുറഞ്ഞ റോഡ് അന്‍വര്‍സാദത്ത് എം.എല്‍.എയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് 25ലക്ഷം ചെലവഴിച്ച് വികസിപ്പിക്കുകയായിരുന്നു.
പുറയാറില്‍ റെയില്‍വെ ഗേറ്റ് വന്നാല്‍ കാലടി ഭാഗത്തേക്ക് ഇരുചക്ര വാഹനങ്ങള്‍ക്കും, ആലുവ ഭാഗത്തേക്ക് മുച്ചക്ര വാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ സഹായമാകുന്ന പ്രധാന റോഡാണിത്. എന്നാല്‍ അടുത്തിടെയായി ഭാരവാഹനങ്ങള്‍ സഞ്ചരിക്കുന്നത് പതിവായതോടെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ചെങ്ങമനാട് പഞ്ചായത്ത് അധികൃതര്‍ ചാന്തേരിപ്പാടം റോഡിലൂടെ ഭാരവാഹനങ്ങള്‍ സഞ്ചരിക്കുന്നത് നിരോധിച്ച് കൊണ്ട് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ വീണ്ടും ഭാരവാഹനങ്ങള്‍ കടന്ന് പോയതോടെയാണ് ബുധനാഴ്ച റോഡില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റെയില്‍വെ ഉദ്യോഗസ്ഥരെത്തിയത്. അതോടെ സംഭവ സ്ഥലത്ത് നാട്ടുകാര്‍ തടിച്ച് കൂടി.
ആദ്യം ഇരുച്ചക്ര വാഹനങ്ങള്‍ മാത്രം കടന്നുപോകും വിധമായിരുന്നു അടച്ചുകെട്ടാന്‍ തീരുമാനിച്ചതെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നസെന്റ് എം.പി.യുടെയും അന്‍വര്‍സാദത്ത് എം.എല്‍.എയുടെയും ഇടപെടല്‍ മൂലമാണ് ഒടുവില്‍ ഒന്നര മീറ്റര്‍ വീതിയിലുള്ള വാഹനങ്ങള്‍ക്ക് കടന്ന് പോകുവാന്‍ സൗകര്യമൊരുക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."