വെള്ളിക്കീലിനു സ്വപ്‌നസാഫല്യം അണക്കെട്ടും പാലവും ഒരുങ്ങി
തളിപ്പറമ്പ്: വെള്ളിക്കീല്‍ ഗ്രാമത്തിന്റെ കാലങ്ങളായുള്ള ആവശ്യത്തിന് സ്വപ്‌നസാഫല്യം. തെങ്ങിന്‍ചിറ അണക്കെട്ടിന്റെയും പാലത്തിന്റെയും നിര്‍മാണം പൂര്‍ത്തിയായി. ആന്തൂര്‍, തളിപ്പറമ്പ് നഗരസഭകളുടെ അതിര്‍ത്തി പ്രദേശത്താണ് ഉപ്പുവെള്ള പ്രതിരോധ ബണ്ടും പാലവും പൂര്‍ത്തിയാക്കിയത്. വെള്ളിക്കീല്‍ പുഴയുടെ കൈവഴിയുടെ ഇരുകരകളായ പാന്തോട്ടത്തിനും തെങ്ങിന്‍ചിറയ്ക്കും ഇടയില്‍ ഇല്ലിപ്പുറത്താണു പുതിയപാലം നിര്‍മിച്ചത്. പ്രദേശവാസികളുടെ അരനൂറ്റാണ്ടു കാലത്തെ ആവശ്യമായിരുന്നു ഇത്. പാലം പണി പൂര്‍ത്തിയായതോടെ പാന്തോട്ടം പ്രദേശത്തുള്ളവര്‍ക്കു എളുപ്പത്തില്‍ തളിപ്പറമ്പിലും കണ്ണൂരിലും പഴയങ്ങാടിയിലും കണ്ണപുരത്തും എത്താനാകും. പാലത്തില്‍ നിന്നു മൊറാഴ ഭാഗത്തേക്കു 300 മീറ്റര്‍ ദൂരത്തില്‍ അപ്രോച്ച് റോഡുകൂടി നിര്‍മിച്ചാല്‍ മാത്രമേ പാലത്തിന്റെ ഗുണം നാട്ടുകാര്‍ക്കു ലഭിക്കൂ. വെള്ളിക്കീലുകാരുടെ അരനൂറ്റാണ്ടായുള്ള ആവശ്യം അടുത്തകാലത്തായി വെള്ളിക്കീല്‍ പാലവും സമീപ പ്രദേശങ്ങളും ടൂറിസം കേന്ദ്രമായി മാറിയതോടെയാണു വീണ്ടും സജീവമായത്. ജയിംസ് മാത്യു എം.എല്‍.എ ചെറുകിട ജലസേചന വിഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ ശ്രമഫലമായാണ് അണക്കെട്ടിനും പാലത്തിനും അനുമതി ലഭിച്ചത്. ഈവര്‍ഷം ഫെബ്രുവരിയിലാണു 63 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കണക്കാക്കി പാലം നിര്‍മാണം തുടങ്ങിയത്. പ്രധാന ഭാഗങ്ങളുടെ നിര്‍മാണം കഴിഞ്ഞമാസമാണു പൂര്‍ത്തിയായിത്. 18 മീറ്റര്‍ നീളവും രണ്ടരമീറ്റര്‍ വീതിയുമുള്ള പാലത്തിലൂടെ മിനി ലോറി ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്കു സുഗമമായി കടന്നുപോകാന്‍ സാധിക്കും. ഉപ്പുവെള്ളം കയറിയിറങ്ങുന്ന ഏക്കര്‍ കണക്കിനു പാടശേഖരങ്ങളില്‍ കൃഷിയിറക്കാനും ഇതു സഹായകമാകും. എം.എല്‍.എയുടെ ഫണ്ട് ഉപയോഗപ്പെടുത്തി അപ്രോച്ച് റോഡ് നിര്‍മിക്കാനുള്ള ശ്രമം കൂടി നാട്ടുകാര്‍ ആരംഭിച്ചിട്ടുണ്ട്. ഫിഷറീസ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന നിരവധി ആളുകള്‍ക്ക് ഇപ്പോള്‍ തന്നെ പാലം ഏറെ ആശ്വാസം പകരുന്നുണ്ട്. പാലം പൂര്‍ണമാകുന്നതോടെ വെള്ളിക്കീല്‍ ടൂറിസം പദ്ധതി മേഖലയിലെ കൂടുതല്‍ സ്ഥലത്തേക്കു വ്യാപിപ്പിക്കാന്‍ കൂടി സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."