മുഖം മിനുക്കി കഴക്കൂട്ടം മാര്‍ക്കറ്റ് ; മാലിന്യവും ദുര്‍ഗന്ധവും ഇനി പഴങ്കഥ
കഠിനംകുളം: മാലിന്യക്കൂമ്പാരവും ദുര്‍ഗന്ധവും. മൂക്ക് പൊത്താതെ നടക്കാനാകാത്ത സ്ഥിതി. ഇനി കഴക്കൂട്ടം മാര്‍ക്കറ്റിനെ കുറിച്ച് ഇങ്ങനെ വല്ലതും പറഞ്ഞാല്‍ നാട്ടുകാര്‍ കൈ വെക്കുമെന്ന് ഉറപ്പാണ്.
വിദേശത്തെവിടെയെങ്കിലുമാണോ എന്ന് സംശയം ജനിപ്പിക്കു വിധമാണ് നിലവില്‍ കഴക്കൂട്ടം മാര്‍ക്കറ്റിന്റെ സ്ഥിതി. വൃത്തിയും വെടിപ്പുമുള്ള, ടൈല്‍സും മാര്‍ബിളുമൊക്കെ പാകി മനോഹരമാക്കിയ കഴക്കൂട്ടം പബ്ലിക് മാര്‍ക്കറ്റ് ജനത്തിന്റെ ഹൃദയം കവരുകയാണ്. വെയിലേറ്റ് മുഖം ചുളുങ്ങിയും മഴ നനഞ്ഞും ദുര്‍ഗന്ധത്തില്‍ വശംകെട്ടും കച്ചവടം ചെയ്തിരുന്ന ഇവിടുത്തെ കച്ചവടക്കാര്‍ ഇന്ന് സംതൃപ്തിയിലാണ്.
കാറ്റുകൊള്ളാന്‍ ഫാനും കഴുകിവൃത്തിയാക്കാന്‍ പൈപ്പും വൈള്ളവും വാഷ് ബെയിസിനും സജ്ജീകരിച്ചിട്ടുണ്ട്. രൂക്ഷമായ ദുര്‍ഗന്ധവും മാലിന്യവും കാരണം ഒരു കാലത്ത് ഇവിടേക്ക് ഒന്നു എത്തിനോക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇന്നിപ്പോള്‍ മാര്‍ക്കറ്റിന്റെ മുഖഛായ മാറിയതോടെ ഇവിടെയിപ്പോള്‍ ടെക്കികളുള്‍പടെയുള്ളവരുടെ തിരക്കാണ്.
നൂറോളം മത്സ്യക്കച്ചവടക്കാരും അമ്പതോളം പച്ചക്കറി കച്ചവടക്കാരും അമ്പതോളം ഇതര കച്ചവടക്കാരുമുള്‍പ്പെടെ വലിയൊരു നിരയാണ് മാര്‍ക്കറ്റിനെ ചുറ്റിപ്പറ്റി ജീവിക്കുന്നത്. നഗരസഭാ പരിധിയില്‍ ഇത്രയും മികച്ച സൗകര്യങ്ങളുള്ള മാര്‍ക്കറ്റ് വേറെയെവിടെയുമില്ല.
കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് മുന്‍ എം.എല്‍.എ എം എ.വാഹിദും നഗരസഭയും മുന്‍കൈയടുത്ത് തീരദേശ വികസന കോര്‍പ്പറേഷന്റെ സാമ്പത്തിക സഹായത്തോടെയാണ് മാര്‍ക്കറ്റ് നവീകരിച്ചത്. അന്നത്തെ മന്ത്രിയായിരുന്ന കെ.ബാബു ഔപചാരിക ഉദ്ഘാടനവും പിന്നീട് മേയര്‍ വി.കെ പ്രശാന്ത് പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിച്ചു. മാക്കറ്റിലെ സ്ഥലപരിമിതി പരിഹരിക്കുന്നതിനും പുതിയ ഷെഡ് നിര്‍മ്മിക്കുന്നതിനും ശൗചാലയം, ശീതീകരണ സംവിധാനം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നഗരസഭ മുന്‍കൈയെടുക്കുമെന്ന് മേയര്‍ വി.കെ പ്രശാന്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."