പാക്കേജിന് അനുവദിച്ചത് ഏഴരക്കോടി രൂപ ആദിവാസികളുടെ പുനരധിവാസം; വര്‍ഷം പിന്നിട്ടിട്ടും ഒന്നും നടന്നില്ല
മാനന്തവാടി: പുനരധിവാസത്തിനുള്ള തുക സര്‍ക്കാര്‍ കൈമാറിയിട്ടും ജില്ലയിലെ വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്നുള്ള ആദിവാസികളുടെ പുനരധിവാസ നടപടികള്‍ പൂര്‍ത്തിയായില്ല. പുനരധിവാസത്തിനുള്ള ഏഴരക്കോടി രൂപ സര്‍ക്കാര്‍ വനം വകുപ്പിന് വായ്പാ അടിസ്ഥാനത്തില്‍ കൈമാറി 2015 ജൂലൈയില്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഒരു വര്‍ഷം പിന്നിട്ടിട്ടും പുനരധിവാസ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വകുപ്പിന് കഴിഞ്ഞിട്ടില്ല.
ജില്ലയിലെ മാനന്തവാടി താലൂക്കിലെ ഈശ്വരക്കൊല്ലി, നരിമുണ്ടക്കൊല്ലി, ബത്തരിയിലെ കുറിച്യാട് എന്നീ പട്ടിക വര്‍ഗ സങ്കേതങ്ങളില്‍ നിന്നുള്ള 74 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. 2014 ആഗസ്റ്റില്‍ വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലും പട്ടിക വര്‍ഗ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിലും നടന്ന യോഗത്തിലായിരുന്നു ഈ തീരുമാനം.
പുനരധിവാസത്തിന് കേന്ദ്ര ഫണ്ട് ലഭ്യമാകുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്നും ജില്ലാ കലക്ടരുടെ പേരിലുണ്ടായിരുന്ന ഭൂരഹിത പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി വാങ്ങാന്‍ അനുവദിച്ച 50 കോടി രൂപയില്‍ നിന്നും 7.4 കോടി രൂപാ വായ്പയായി വനം വകുപ്പിന് കൈമാറാനും കേന്ദ്രത്തില്‍ നിന്നും വനം വകുപ്പിന് പണം ലഭ്യമാവുന്നതിനുസരിച്ച് തുക തിരികെ ജില്ലാ ആദിവാസി പുനരധിവാസ മിഷന് കൈമാറിയാല്‍ മതിയെന്ന യോഗ തീരുമാനത്തെ തുടര്‍ന്നാണ് വനം വകുപ്പിന് തുക കൈമിറിയത്.
എന്നാല്‍ ഒരു വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും പകുതി കുടുംബങ്ങളെ പോലും മാറ്റിപ്പാര്‍പ്പിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പണം അനുവദിച്ച ഉടനെയുണ്ടായ പഞ്ചായത്ത് തെരഞ്ഞെടുപ്പും തുടര്‍ന്നുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പും കലക്ടരുടെ സ്ഥലംമാറ്റവുമെല്ലാം പുനരധിവാസ നടപടികള്‍ നീണ്ടുപോകാനിടയാക്കിയതെന്നാണ് ഇതുസംബന്ധിച്ച് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
സ്ഥലം എം.എല്‍.എ മുന്‍കൈയെടുത്ത് ഇംപ്ലിമെന്റിങ് കമ്മിറ്റി രൂപീകരിച്ചാണ് പാക്കേജ് നടപ്പിലാക്കേണ്ടത്. ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടരുടെ മേല്‍നോട്ടത്തില്‍ നിര്‍വഹിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഒരു കുടുംബത്തിന് പത്ത് ലക്ഷം രൂപയാണ് ഇതിനായി നീക്കി വെച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."