പേരാമ്പ്ര മണ്ഡലം വികസന സെമിനാര്‍ നാളെ
പേരാമ്പ്രയില്‍ കാര്‍ഷികാധിഷ്ടിത വികസന
പദ്ധതികള്‍ക്ക് ഊന്നല്‍
25 ഏക്കറില്‍ ഫുഡ് പാര്‍ക്ക് സ്ഥാപിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍
കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തില്‍ കാര്‍ഷിക വിളകളിലധിഷ്ടിതമായ വികസന പദ്ധതികള്‍ക്കു മുന്‍ഗണന നല്‍കുമെന്നു പേരാമ്പ്ര എം.എല്‍.എയും മന്ത്രിയുമായ ടി.പി.രാമകൃഷ്ണന്‍. നാളെ പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 'വികസന മിഷന്‍-2025' സെമിനാറില്‍ ഇതുസംബന്ധിച്ച പദ്ധതികള്‍ക്കു രൂപം നല്‍കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ 10നു ധനമന്ത്രി ടി.എം തോമസ് ഐസക് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പേരാമ്പ്ര മണ്ഡലത്തിന്റെ മുഖം മാറ്റുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. അതിന്റെ മുന്നൊരുക്കമാണ് സെമിനാറെന്ന് മന്ത്രി പറഞ്ഞു.
ഒരുകാലത്ത് നെല്ലായിരുന്നു മണ്ഡലത്തിലെ പ്രധാന കൃഷി. എന്നാല്‍ 30 വര്‍ഷത്തോളമായി മണ്ഡലം നെല്‍കൃഷിയില്‍ പിന്നിലാണ്. 1500 ഏക്കറോളം പാടങ്ങളാണ് തരിശായിക്കിടക്കുന്നത്. ഇവിടങ്ങളിലെല്ലാം കൃഷിയിറക്കാനാണ് പദ്ധതി. കൃഷിമന്ത്രി പങ്കെടുക്കുന്ന വികസന സെമിനാര്‍ കൃഷിസംബന്ധമായ എല്ലാകാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നെല്‍കൃഷിക്കു പുറമെ നാളികേരാധിഷ്ടിത വ്യവസായങ്ങള്‍ക്കും മുന്‍ഗണന നല്‍കും. സുഭിക്ഷയോട് ചേര്‍ന്നുള്ള ഫുഡ്പാര്‍ക്കിനാണ് ഇതില്‍ പ്രാധാന്യം നല്‍കുക. 25 ഏക്കറോളം സ്ഥലത്തു അന്തര്‍ദേശീയ നിലവാരത്തിലള്ള ഫുഡ് പാര്‍ക്കാണ് ഉദ്ദേശിക്കുന്നത്. അതില്‍ നാളികേരത്തിനു പുറമേ മറ്റു കൃഷികളില്‍ നിന്നുള്ള വിഭവങ്ങളും പ്രോത്സാഹിപ്പിക്കും. 150 കോടി ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്ന ധനമന്ത്രി ഡോ. തോമസ് ഐസക് സുഭിക്ഷ ഫുഡ് പാര്‍ക്ക് പദ്ധതിയുടെ രൂപരേഖ ഏറ്റുവാങ്ങും.
ഉന്നതവിദ്യാഭ്യാസ രംഗത്തു പേരാമ്പ്രയെ അടയാളപ്പെടുത്താനായി സംസ്ഥാനത്തു അനുവദിച്ച നാലു ഐ.ടി.ഐകളിലൊന്ന് പേരാമ്പ്ര മണ്ഡലത്തിലെ മുതുകാട്ടില്‍ നവംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു. ആദ്യഘട്ടത്തില്‍ താല്‍ക്കാലിക കെട്ടിടത്തിലാണ് ഐ.ടി.ഐ പ്രവര്‍ത്തിക്കുക. മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനേയും ആവള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനേയും മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ തീരുമാനമെടുത്തുകഴിഞ്ഞു. ആവള സ്‌കൂളിനു രണ്ടു കോടി ഇതിനകം അനുവദിച്ചെന്നും മന്ത്രി പറഞ്ഞു.
പേരാമ്പ്ര ബൈപാസ് നി ര്‍മാണ പ്രവൃത്തിയും ഉടന്‍ തുടങ്ങും. 2017 മാര്‍ച്ചിനകം വീടില്ലാത്തവര്‍ക്കെല്ലാം വീട് ലഭിക്കുന്ന പദ്ധതിയും എല്ലാ വീടുകളിലും വൈദ്യുതിയെത്തിക്കും.
പേരാമ്പ്രയില്‍ പ്രവര്‍ത്തനം ആരംഭിച്ച മിനി സിവില്‍ സ്റ്റേഷനില്‍ കരിയര്‍ ഗൈഡന്‍സ് സെന്റര്‍ ഉടന്‍ തുടങ്ങും. ഇതിനു 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ രാവിലെ പത്തു മുതല്‍ അഞ്ചു വരെ നടക്കുന്ന സെമിനാറില്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, ഐ.ഐ.എം പ്രൊഫ. സജി ഗോപിനാഥ്, കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. യു. ജയകുമാര്‍, ഊരാളുങ്കല്‍ ലാബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രസിഡന്റ് പാലേരി രമേശന്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ മിഷന്‍ ജനറല്‍ കണ്‍വീനര്‍ എം. കുഞ്ഞമ്മത് മാസ്റ്റര്‍, എല്‍.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ എ.കെ ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."