സ്വാശ്രയ ഫീസ് വര്‍ധനയുടെ ഗുണഭോക്താക്കള്‍ ആരെന്ന് വ്യക്തമാക്കണം: എം.കെ. രാഘവന്‍ എം.പി
കോഴിക്കോട്: സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ ഫീസ് കുത്തനെ വര്‍ധിപ്പിച്ചതിന്റെ ഗുണഭോക്താക്കള്‍ ആരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമൂഹത്തോട് വിശദീകരിക്കണമെന്ന് എം.കെ. രാഘവന്‍ എം.പി. സ്വാശ്രയസമരത്തിന്റെ ഭാഗമായി യു.ഡി.എഫ് ജില്ലാ കമ്മിറ്റി കലക്ടറേറ്റിനുമുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് കഴിഞ്ഞ ദിവസത്തെ ചര്‍ച്ച പൊളിയാന്‍ കാരണം.
പ്രശ്‌ന പരിഹാരത്തിന് ലഭിച്ച നല്ല അവസരങ്ങള്‍പോലും മുഖ്യമന്ത്രി കളഞ്ഞുകുളിക്കുകയായിരുന്നു. ഏകാധിപതിയെപോലെയാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം. ദുരഭിമാനവും പിടിവാശിയും ഉപേക്ഷിച്ച് സ്വാശ്രയസമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി തയാറാകണം. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ഹാജി, ജെ.ഡി.യു ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ചന്ദ്രഹാസന്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ വി. കുഞ്ഞാലി, മുസ്‌ലിം ലീഗ് ജില്ലാ ജന. സെക്രട്ടറി എന്‍.സി. അബൂബക്കര്‍ സംസാരിച്ചു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എ. സുരേഷ്ബാബു, സെക്രട്ടറി കെ. പ്രവീണ്‍കുമാര്‍, വി.എം. ഉമ്മര്‍ മാസ്റ്റര്‍, യു.സി. രാമന്‍, ജെ.ഡി.യു സംസ്ഥാന സെക്രട്ടറി എം.കെ. ഭാസ്‌കരന്‍, കെ.പി. രാജന്‍, അഹമ്മദ്കുട്ടി ഉണ്ണികുളം, നജീബ് കാന്തപുരം, അഡ്വ. എം. രാജന്‍, പി. കിഷന്‍ചന്ദ്, കെ. രാമചന്ദ്രന്‍, വി.ടി. സുരേന്ദ്രന്‍, സി. വീരാന്‍കുട്ടി, രാജേഷ് കീഴരിയൂര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."